83 വയസായി, പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ മത്സരിക്കും: മല്ലികാര്‍ജുന്‍ ഖര്‍ഗെ

പ്രധാനമന്ത്രിയുടെ ഗാരണ്ടി കോണ്‍ഗ്രസില്‍ നിന്ന് മോഷ്ടിച്ചതാണെന്നും ഖര്‍ഗെ
83 വയസായി, പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ മത്സരിക്കും: മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്നോട്ട് പോവുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇത് തെറ്റായ പ്രചരണമാണെന്നായിരുന്നു ഖര്‍ഗെയുടെ മറുപടി. തനിക്ക് 83 വയസായി, പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ താന്‍ മത്സരിക്കുമെന്നും ഖര്‍ഗെ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഗാരണ്ടി കോണ്‍ഗ്രസില്‍ നിന്ന് മോഷ്ടിച്ചതാണെന്നും ഖര്‍ഗെ ആരോപിച്ചു. 'അവര്‍ ഞങ്ങളുടെ ഗാരണ്ടി മോഷ്ടിച്ചു. കര്‍ണാടകയിലാണ് ഇത് ഞങ്ങള്‍ ആദ്യം കൊണ്ടുവന്നത്. അവിടെ വിജയിച്ചു. പിന്നീട് തെലങ്കാനയിലും നടപ്പാക്കി. മോദി സാഹിബ് ഞങ്ങളുടെ ഗാരണ്ടി മോഷ്ടിച്ച് അവരുടേതാണെന്ന് പറയുകയാണ്', ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. പട്ടികയില്‍ 43 സ്ഥാനാര്‍ത്ഥികളാണ് ഇടംപിടിച്ചിരിക്കുന്നത്. അസം, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് സിറ്റിങ്ങ് സീറ്റായ മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ നിന്നും വീണ്ടും മത്സരിക്കും. രാജസ്ഥാനിലെ ജലോറില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടാണ് സ്ഥാനാര്‍ത്ഥി. ജലോറില്‍ നിന്ന് മത്സരിക്കുന്ന വൈഭവ് ഗെഹ്ലോട്ട് 2019ലെ തിരഞ്ഞെടുപ്പില്‍ ജോധ്പൂരില്‍ നിന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്തിനോട് പരാജയപ്പെട്ടിരുന്നു.

ബിജെപി വിട്ടെത്തിയ രാഹുല്‍ കസ്വാന്‍ രാജസ്ഥാനിലെ ചുരുവില്‍ നിന്നും രാജസ്ഥാനിലെ മുന്‍ പൊലീസ് മേധാവി ഹരീഷ് മീണ ടോങ്ക്-സവായ് മധോപൂരില്‍ നിന്നും മത്സരിക്കും. ബ്രിജേന്ദ്ര ഓല രാജസ്ഥാനിലെ ജുന്‍ജുനുവില്‍ നിന്നും മത്സരിക്കും. അസമിലെ ജോര്‍ഹട്ടില്‍ ഗൗരവ് ഗോഗോയിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. രാജസ്ഥാന്‍ 10, അസം 13, മധ്യപ്രദേശ് 10, ഉത്തരാഖണ്ഡ് 3, ഗുജറാത്ത് 7, ദാമന്‍ ദിയു 1 എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്.

83 വയസായി, പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ മത്സരിക്കും: മല്ലികാര്‍ജുന്‍ ഖര്‍ഗെ
ടി എന്‍ പ്രതാപന് പുതിയ ചുമതല; ഇനി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com