സിഎഎ, ദില്ലി സര്‍വകലാശാലയില്‍ പ്രതിഷേധം; വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്

കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കുമെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രതിഷേധിച്ചത്.
സിഎഎ, ദില്ലി സര്‍വകലാശാലയില്‍ പ്രതിഷേധം; വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്

ന്യൂഡല്‍ഹി: സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച ദില്ലി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ക്യാമ്പസിനകത്ത് കടന്ന് ദില്ലി പൊലീസ് അറസ്റ്റു ചെയ്‌തെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എംഎസ്എഫിന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ പൊലീസ് എത്തി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കുമെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രതിഷേധിച്ചത്.

പ്രകോപനമില്ലാതെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും ആരോപണമുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്.

പ്രതിഷേധം ശക്തമാക്കാന്‍ ആണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയും വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും വിവിധ മുസ്ലിം ഗ്രൂപ്പുകളും പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ നിയമം നടപ്പാക്കിയത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ഇലക്ടറല്‍ ബോണ്ട് അടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കൂടിയാണ് ഇപ്പോള്‍ സിഎഎ നടപ്പാക്കിയത് എന്നും വിമര്‍ശനമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com