മോദി സർക്കാരിൻ്റെ 'സ്റ്റാർട്ടപ്പ് ഇന്ത്യ'; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

'കോണ്‍ഗ്രസ് അധികാരത്തിൽ വന്നാല്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കായി 5,000 കോടി രൂപ വകയിരുത്തും'
മോദി സർക്കാരിൻ്റെ 'സ്റ്റാർട്ടപ്പ് ഇന്ത്യ'; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

അഹമ്മദാബാദ്: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംഭരഭത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകളൊന്നുമില്ലെന്നും നിലവിലുള്ളവ വിദേശ കമ്പനികളുടെ നിയന്ത്രണത്തിലാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഗോധ്ര റെയില്‍വേ സ്റ്റേഷന് സമീപത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കോണ്‍ഗ്രസ് അധികാരത്തിൽ വന്നാല്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കായി 5,000 കോടി രൂപ വകയിരുത്തുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു.

'നിങ്ങള്‍ എന്തെങ്കിലും സ്റ്റാര്‍ട്ടപ്പുകള്‍ കണ്ടിട്ടുണ്ടോ? അവ എവിടെയെങ്കിലും കാണാനുണ്ടോ? ഒന്നുപോലും നിലവിലില്ല. നിലവിലുള്ളവ വിദേശ കമ്പനികളുടെ നിയന്ത്രണത്തിലാണ്. പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും മക്കള്‍ക്കായി അവരുടെ സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ഞങ്ങള്‍ 5000 കോടി രൂപയുടെ ഫണ്ട് സൃഷ്ടിക്കും' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

30 ലക്ഷം സര്‍ക്കാര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവ നികത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. വന്‍കിട കോര്‍പ്പറേറ്റുകളുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ കേന്ദ്രം എഴുതിത്തള്ളി. എന്നാല്‍ കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും അതേ ആശ്വാസം നല്‍കാന്‍ തയ്യാറായില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com