രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിലും അമേഠിയിലും? പ്രിയങ്ക കന്നിയങ്കത്തിന് റായ്ബറേലിയിൽ ഇറങ്ങുമെന്ന് സൂചന

ഈയാഴ്ച തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും
രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിലും അമേഠിയിലും? പ്രിയങ്ക കന്നിയങ്കത്തിന് റായ്ബറേലിയിൽ ഇറങ്ങുമെന്ന് സൂചന

ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിച്ചേക്കുമെന്ന് സൂചന. ഈയാഴ്ച തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്നും ആദ്യമായി പാർലമെൻ്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചേക്കുമെന്നും വിവരമുണ്ട്.

2019ലും രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നും വയനാട്ടില്‍ നിന്നുമായിരുന്നു മത്സരിച്ചത്. സിറ്റിങ്ങ് സീറ്റായ അമേഠിയില്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നേരത്തെ യുപിയില്‍ കോണ്‍ഗ്രസിന്റെ ഏക സിറ്റിങ്ങ് സീറ്റായ റായ്ബറേലിയെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്ന സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ റായ്ബറേലിയില്‍ പുതിയ സ്ഥാനാര്‍ത്ഥി മത്സരരംഗത്ത് വരുമെന്ന് ഉറപ്പായിരുന്നു. നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ റായ്ബറേലിയില്‍ നിന്ന് പ്രിയങ്ക വീണ്ടും മത്സരരംഗത്തിറങ്ങുമെന്ന് അന്നേ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഇൻഡ്യ മുന്നണിയിലെ സഖ്യകക്ഷികളിലൊരാളായ സിപിഐ അവരുടെ ദേശീയ നേതാവ് ആനി രാജയെ വയനാട്ടിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ ഇൻഡ്യ മുന്നണിയിലെയും കോൺഗ്രസിലെയും ഒരു വിഭാഗം നേതാക്കൾ വിയോജിപ്പ് അറിയിച്ചിരുന്നു. വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കട്ടെയെന്ന നിലപാടിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്ന് നേരത്തെ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com