രാജ്യസഭയിൽ സെഞ്ച്വറി തികയ്ക്കാൻ ബിജെപിക്ക് വേണ്ടത് മൂന്ന് അംഗങ്ങൾ; കേവല ഭൂരിപക്ഷത്തോടടുത്ത് എൻഡിഎ

ലോക്സഭയില്‍ എൻഡിഎക്ക് ആധിപത്യം ഉണ്ടായിരുന്നെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നത് മോദി സർക്കാരിൻ്റെ ആദ്യടേമിൽ ബില്ലുകള്‍ പാസാക്കുന്നതില്‍ തലവേദന സൃഷ്ടിച്ചിരുന്നു
രാജ്യസഭയിൽ സെഞ്ച്വറി തികയ്ക്കാൻ ബിജെപിക്ക്  വേണ്ടത് മൂന്ന് അംഗങ്ങൾ; കേവല ഭൂരിപക്ഷത്തോടടുത്ത് എൻഡിഎ

ന്യൂഡൽഹി: രാജ്യസഭയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്ക് രാജ്യസഭയില്‍ കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ഇനി വേണ്ടത് കേവലം മൂന്ന് സീറ്റുകള്‍ മാത്രം. ഏറ്റവും ഒടുവില്‍ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപി ഒറ്റക്ക് മൂന്നക്കം നേടുന്നതിന് തൊട്ടടുത്തെത്തി. തിരഞ്ഞെടുപ്പ് നടന്ന 56 സീറ്റുകളില്‍ 30 എണ്ണത്തിലും വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ഇതോടെ രാജ്യസഭയില്‍ ബിജെപിയുടെ കക്ഷിനില 97 ആയി ഉയര്‍ന്നു. എന്‍ഡിഎ അംഗങ്ങളുടെ എണ്ണം 118ലേയ്ക്കും ഉയര്‍ന്നു.

കഴിഞ്ഞമാസം തിരഞ്ഞെടുപ്പ് നടന്ന 56 സീറ്റുകളില്‍ 41 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികള്‍ ഈ മാസം ആദ്യം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ 15 സീറ്റുകളിലേക്കായിരുന്നു മത്സരം നടന്നത്. കര്‍ണാടകയിലും ഹിമാചലിലും ഉത്തര്‍പ്രദേശിലും ക്രോസ് വോട്ട് സാധ്യത മുതലെടുക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു. കര്‍ണാടകയില്‍ ഈ നീക്കം ഫലം കണ്ടില്ല. എന്നാല്‍ നിയമസഭാ കക്ഷിനില അനുസരിച്ച് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനും ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്കും ലഭിക്കേണ്ട ഓരോ രാജ്യസഭാ സീറ്റുകളില്‍ വീതം ബിജെപി വിജയിക്കുകയായിരുന്നു.

245 അംഗങ്ങളുള്ള രാജ്യസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ 123 ആണ്. നിലവില്‍ അഞ്ച് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അതില്‍ നാലെണ്ണം രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്ന ജമ്മു കശ്മീരിലും ഒന്ന് നോമിനേറ്റഡ് അംഗത്തിന്റേതുമാണ്. ഇതോടെ രാജ്യസഭയിലെ അംഗബലം 240 ആയും കേവലഭൂരിപക്ഷത്തിനുള്ള അംഗസംഖ്യ 121 ആയും കുറഞ്ഞിരുന്നു.

ലോക്സഭയില്‍ എൻഡിഎക്ക് ആധിപത്യം ഉണ്ടായിരുന്നെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നത് മോദി സർക്കാരിൻ്റെ ആദ്യടേമിൽ ബില്ലുകള്‍ പാസാക്കുന്നതില്‍ ബിജെപിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. മോദി സർക്കാരിൻ്റെ ആദ്യടേമിൽ ഭൂപരിഷ്‌കരണ ബില്ല്, 2017ലെയും 2018ലെയും മുത്തലാഖ് ബില്ല് ഉള്‍പ്പെടെ നിരവധി ബില്ലുകള്‍ രാജ്യസഭയില്‍ പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു. ഭൂപരിഷ്‌കരണ ബില്‍ വീണ്ടും അവതരിപ്പിച്ചില്ലെങ്കിലും മുത്തലാഖിനെതിരായ ബില്‍ രണ്ടാം ടേമില്‍ പാസാക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നു. രണ്ടാം ടേമില്‍ രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്നില്ലെങ്കിലും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് നിര്‍ത്തലാക്കല്‍, ഡല്‍ഹി സര്‍വീസ് ബില്ല് ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമല്ലാത്ത നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളിന്റെയും ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ പാസാക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com