പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പോകാന്‍ തയ്യാര്‍; ബിജെപി പ്രവേശന അഭ്യൂഹങ്ങൾക്കിടെ കമല്‍നാഥ്

ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ചതിന് പിന്നാലെയാണ് പ്രതികരണം
പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പോകാന്‍ തയ്യാര്‍; ബിജെപി പ്രവേശന അഭ്യൂഹങ്ങൾക്കിടെ കമല്‍നാഥ്

ഭോപ്പാല്‍: സ്വന്തം തട്ടകമായ ചിന്ദ്വാരയിലെ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വൈകാരിക പ്രസംഗവുമായി മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. നിങ്ങള്‍ യാത്രയയപ്പ് നല്‍കാന്‍ തയ്യാറാണെങ്കില്‍ പോകാന്‍ താന്‍ തയ്യാറാണെന്ന് കമല്‍നാഥ് പറഞ്ഞു. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ചതിന് പിന്നാലെയാണ് പ്രതികരണം.

'കമല്‍നാഥിന് വേണ്ടി നിങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കാം. അത് നിങ്ങളുടെ താല്‍പര്യമാണ്. പോകാന്‍ ഞാന്‍ തയ്യറാണ്. എനിക്ക് മേല്‍ ഞാന്‍ സമ്മര്‍ദ്ദം ചെലുത്തില്ല.' കമല്‍നാഥ് പറഞ്ഞു.

അയോധ്യ രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് ഒറ്റക്ക് സ്വന്തമാക്കാനാകില്ലെന്നും കമല്‍നാഥ് പറഞ്ഞു. ബിജെപിയുടെ സ്വന്തമാണോ രാമക്ഷേത്രം? അത് താനുള്‍പ്പെടെ എല്ലാവരുടേതുമാണ്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് അത് നിര്‍മ്മിച്ചത്. സുപ്രീം കോടതി വിധി വന്നപ്പോള്‍ ബിജെപിയായിരുന്നു അധികാരത്തില്‍ അതിനാല്‍ ക്ഷേത്രം അവര്‍ പണി കഴിപ്പിച്ചു. ബിജെപിക്ക് ഒരിക്കലും നിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് എടുക്കാനാകില്ലെന്നും കമല്‍നാഥ് പറഞ്ഞു.

താന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്ന് കഴിഞ്ഞ ദിവസം കമല്‍നാഥ് പറഞ്ഞിരുന്നു. താനൊരിക്കലും അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ ഉണ്ടാക്കുകയാണ്. പാര്‍ട്ടി മാറുകയാണെന്ന് താന്‍ എപ്പോഴെങ്കിലും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോയെന്നും കമല്‍നാഥ് ചോദിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com