മോദിക്കും സ്റ്റാലിനും പിന്നില്‍ ചൈനയുടെ റോക്കറ്റ്; ഡിഎംകെയെ പരിഹസിച്ച് പ്രധാനമന്ത്രി

തമിഴ്നാടിന്റെ വികസനത്തിന്റെ പദ്ധതിയെന്തെന്ന് കുടുംബാധിപത്യമുള്ള ഡിഎംകെയോടോ കോൺഗ്രസിനോടോ ചോദിച്ചാൽ അവർക്ക് ഉത്തരമുണ്ടാകില്ലെന്നും മോദി പരിഹസിച്ചു.
മോദിക്കും സ്റ്റാലിനും പിന്നില്‍ ചൈനയുടെ റോക്കറ്റ്; ഡിഎംകെയെ പരിഹസിച്ച് പ്രധാനമന്ത്രി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റേയും ചൈനീസ് പതാകയുടെ റോക്കറ്റ് ഉൾപ്പെട്ട പരസ്യ ചിത്രം തമിഴ്‌നാട്ടിൽ പുതിയ വിവാദത്തിന് വഴിവെച്ചതിന് പിന്നാലെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തി. മറ്റുള്ളവർ ചെയ്യുന്നതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ് ഡിഎംകെയുടെ പണിയെന്ന് മോദിയും ബിജെപിയും പരിഹസിച്ചു. ഡിഎംകെ രാഷ്ട്രീയത്തിൽ പ്രധാന്യം നൽകുന്നത് അവരുടെ കുടുംബത്തിനാണ്. ബിജെപി സർക്കാർ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മോദി പറഞ്ഞു. തമിഴ്നാടിന്റെ വികസനത്തിന്റെ പദ്ധതിയെന്തെന്ന് കുടുംബാധിപത്യമുള്ള ഡിഎംകെയോടോ കോൺഗ്രസിനോടോ ചോദിച്ചാൽ അവർക്ക് ഉത്തരമുണ്ടാകില്ലെന്നും മോദി പരിഹസിച്ചു.

'ആർക്കറിയാം നമ്മുടെ പല പദ്ധതികളിലും അവർ അവരുടെ സ്റ്റിക്കറുകൾ ഉൾപ്പെടുത്തുന്നുണ്ടോയെന്ന്. ഇത്തവണ അവർ പരിധി വിട്ടു. ഒരിക്കലും പണിയെടുക്കാത്ത പാർട്ടിയാണ് ഡിഎംകെ. എന്നാൽ മറ്റുള്ളവരുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ മുൻപിലാണ്. നമ്മുടെ പല പദ്ധതികള്‍ക്കും അവരുടെ പേരു നൽകി, അവരുടേതാക്കിയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്ത്യയുടെ പുരോഗതി കാണാൻ ഡിഎംകെ നേതാക്കൾ തയാറല്ല. നമ്മുടെ ശാസ്ത്രജ്ഞരെയും ബഹിരാകാശ മേഖലയെയും നിങ്ങളുടെ നികുതിപ്പണത്തെയും അവർ അപമാനിച്ചു'. മോദി പറഞ്ഞു.

വിക്ഷേപണത്തറ സ്ഥാപിക്കുന്ന തിരുചെന്ദൂർ മണ്ഡലത്തിന്റെ എംഎൽഎയും മന്ത്രിയുമായ അനിത ആർ രാധാകൃഷ്ണനാണ് തമിഴ്നാട് പ്രാദേശിക മാധ്യമങ്ങൾക്ക് പരസ്യം നൽകിയത്. ഡിഎംകെ മന്ത്രി അനിതാ രാധാകൃഷ്ണൻ പ്രമുഖ തമിഴ് ദിനപത്രങ്ങൾക്ക് നൽകിയ പരസ്യം ഡിഎംകെയ്ക്ക് ചൈനയോടുള്ള പ്രതിബദ്ധത കാണിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞു. രാജ്യത്തിൻ്റെ പരമാധികാരത്തോടുള്ള അവരുടെ തികഞ്ഞ അവഗണനയുടെ പ്രകടനമാണ്. അഴിമതിക്കെതിരെ പോരാടുന്ന പാർട്ടിയായ ഡിഎംകെ, കുലശേഖരപട്ടണത്ത് ഐഎസ്ആർഒയുടെ രണ്ടാം വിക്ഷേപണത്തറയുടെ പ്രഖ്യാപനം പുറത്തുവന്നതു മുതൽ ചൈനയുടെ സ്റ്റിക്കർ ഉപയോ​ഗിക്കാനുള്ള ശ്രമത്തിലാണ് ഡിഎംകെ. ബഹിരാകാശ കേന്ദ്രം തമിഴ്നാടിന് നഷ്ടമായതിന് കാരണം ഡിഎംകെയാണെന്നും അണ്ണാമലൈ പറഞ്ഞു.

ഐഎസ്ആർഒയുടെ രണ്ടാം ബഹിരാകാശ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ മോദി വരുന്നതുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎയും തമിഴ്നാട് മന്ത്രിയുമായ അനിത ആർ. രാധാകൃഷ്ണൻ നൽകിയ പരസ്യമാണ് വിവാദമായത്. 950 കോടിയുടെ പദ്ധതിയാണ് കുലശേഖരപട്ടണത്ത് സ്ഥാപിക്കുന്നത്. ബുധനാഴ്ച രാവിലെയായിരുന്നു തറക്കല്ലിടൽ ചടങ്ങ്. ഡിഎംകെയിൽ കുടുംബാധിപത്യമാണെന്നു തിരുനെൽവേലിയിൽ നടന്ന ചടങ്ങിൽ മോദി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com