കർണാടകയിൽ ബിജെപി എംഎൽഎയുടെ വോട്ട് കോൺഗ്രസിന്; മൂന്ന് സീറ്റിലെ വിജയം കെട്ടുറപ്പിന്റെ ഫലമെന്ന് ഡികെ

ബിജെപി എംഎൽഎ എസ് ടി സോമശേഖർ ക്രോസ് വോട്ട് ചെയ്തതോടെയാണ് കോൺഗ്രസിന്റെ വിജയം മൂന്ന് സീറ്റിലേക്കെത്തിയത്
കർണാടകയിൽ ബിജെപി എംഎൽഎയുടെ വോട്ട് കോൺഗ്രസിന്; മൂന്ന് സീറ്റിലെ വിജയം കെട്ടുറപ്പിന്റെ ഫലമെന്ന് ഡികെ

ബെംഗളുരു: കർണാടകയിൽ രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ മൂന്ന് സീറ്റും കോൺ​ഗ്രസിന്. ഒരു സീറ്റിൽ ബിജെപി വിജയിച്ചു. എഐസിസി ട്രഷറർ അജയ് മാക്കൻ, ഡോ സയ്ദ് നാസർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നിവരാണ് വിജയിച്ചത്. ബിജെപി എംഎൽഎ എസ് ടി സോമശേഖർ ക്രോസ് വോട്ട് ചെയ്തതോടെയാണ് കോൺഗ്രസിന്റെ വിജയം മൂന്ന് സീറ്റിലേക്കെത്തിയത്. കോൺഗ്രസിന്റെ അജയ് മാക്കനാണ് സോമശേഖർ വോട്ട് ചെയ്തത്.

അജയ് മാക്കൻ - 47, ഡോ സയ്ദ് നാസർ ഹുസൈൻ - 46, ജി സി ചന്ദ്രശേഖർ - 46 വോട്ടുകൾക്കാണ് വിജയിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിൻ്റെ ഐക്യവും കെട്ടുറപ്പും കാണിക്കുന്നുവെന്ന് വിജയത്തിൽ പ്രതികരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. എല്ലാ എംഎൽഎമാർക്കും പാർട്ടി പ്രവർത്തകർക്കും മാധ്യമങ്ങൾക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

നാരാണ ബന്ദ​ഗെയാണ് രാജ്യസഭയിലേക്ക് വിജയിച്ച ഏക ബിജെപി സ്ഥാനാർത്ഥി. ഇൻഡ്യ മുന്നണിയുടെ വിജയമാണിതെന്ന് കോൺ​ഗ്രസ് എംപി രൺദീപ് സിങ് സുർജേവാല പറഞ്ഞു. തന്റെ മണ്ഡലത്തിൽ വെള്ളവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കാൻ ഫണ്ട് അനുവദിക്കുന്നതാരാണോ അവർക്കാണ് വോട്ടെന്ന് സോമശേഖർ വോട്ടെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. സോമശേഖർ ക്രോസ് വോട്ട് ചെയ്തുവെന്നത് ബിജെപി സ്ഥിരീകരിച്ചു. എന്ത് നടപടി സ്വീകരിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് ബിജെപി ചീഫ് വിപ്പ് ദൊഡ്ഡന​ഗൗഡ ജി പാട്ടീൽ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com