രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി റാഞ്ചിയെന്ന് ആരോപണം

അജയ് മാക്കന്‍, നസീര്‍ ഹുസൈന്‍, ചന്ദ്രശേഖര്‍ എന്നിവരാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം:
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി റാഞ്ചിയെന്ന്  ആരോപണം

ലഖ്‌നൗ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി-ജെഡിഎസ് സഖ്യത്തിന് തിരിച്ചടി. മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ബിജെപി ഒതുങ്ങി. അജയ് മാക്കന്‍, നസീര്‍ ഹുസൈന്‍, ചന്ദ്രശേഖര്‍ എന്നിവരാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ചത്. എന്‍ കെ ഭണ്ഡാഗെയാണ് ബിജെപിയില്‍ നിന്ന് വിജയിച്ചത്. മുന്‍ മന്ത്രിയായിരുന്ന ബിജെപി എംപി എസ്.ടി സോമശേഖര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത് ബിജെപിയ്ക്ക് വലിയ തിരിച്ചടിയായി. മറ്റൊരു മുന്‍മന്ത്രിയായ ശിവരാം ഹെബ്ബാര്‍ ബിജെപി വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ഹിമാചല്‍ പ്രദേശില്‍ തര്‍ക്കത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിയിരിക്കുകയാണ്. വോട്ടെണ്ണലിനിടെ കയ്യാങ്കളിയുണ്ടായി. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെയും മൂന്ന് സ്വതന്ത്ര എംഎല്‍എമാരെയും കാണാനില്ല. എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ട് പോയതാണെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞു.

35 എംഎല്‍എമാരുടെ പിന്തുണയാണ് വിജയിക്കാന്‍ ആവശ്യം. ബിജെപിക്ക് 25 എംഎല്‍എമാരാണുള്ളത്. തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് യുപിയില്‍ വോട്ടെണ്ണല്‍ തടസ്സപ്പെട്ടിരുന്നു. ഇടവേളക്കു ശേഷം വീണ്ടും വോട്ടെണ്ണല്‍ പുനരാരാംഭിച്ചു.

ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടന്നത്. നാലുമണിവരെയാണ് വോട്ടിങ് നടന്നത്. അഞ്ച്മണിക്ക് ശേഷം വോട്ടെണ്ണല്‍ ആരംഭിച്ചു. 56 ഒഴിവുകളാണ് രാജ്യസഭയിലുള്ളത്. ഇതില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 41 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കളംമാറി വോട്ടിനുള്ള സാധ്യത മുന്നില്‍കണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ ഇറക്കിയതോടെയാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് വേണ്ടി വന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com