ക്രോസ് വോട്ട് ഭയന്ന് എസ്പിയും കോൺഗ്രസും; കർണ്ണാടകയിൽ കോൺഗ്രസ് എംഎൽഎമാരെ ഹോട്ടലിലേയ്ക്ക് മാറ്റി

ക്രോസ് വോട്ടിംഗിന് സാധ്യതയുള്ളതിനാല്‍ കോണ്‍ഗ്രസ് സമജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ നേതൃത്വത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.
ക്രോസ് വോട്ട് ഭയന്ന് എസ്പിയും കോൺഗ്രസും; കർണ്ണാടകയിൽ കോൺഗ്രസ് എംഎൽഎമാരെ ഹോട്ടലിലേയ്ക്ക് മാറ്റി

ന്യൂഡൽഹി: കര്‍ണ്ണാടകയിലും ഹിമാചല്‍പ്രദേശിലും ഉത്തര്‍പ്രദേശിലും ചൊവ്വാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ്ങ് ഭയന്ന് കോണ്‍ഗ്രസും സമജ്‌വാദി പാര്‍ട്ടിയും. മൂന്ന് സംസ്ഥാനങ്ങളിലെ നാല് സീറ്റുകളിലാണ് ക്രോസ് വോട്ട് സാധ്യത മുന്‍നിര്‍ത്തി ബിജെപി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ക്രോസ് വോട്ടിംഗിന് സാധ്യതയുള്ളതിനാല്‍ കോണ്‍ഗ്രസ് സമജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ നേതൃത്വത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

കര്‍ണാടകയില്‍, ഭരണകക്ഷിയായ കോണ്‍ഗ്രസ് എംഎംഎല്‍എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച വൈകുന്നേരം തന്നെ കോൺഗ്രസ് ബാംഗ്ലൂരിലെ ഹോട്ടലിലേയ്ക്ക് എംഎല്‍എമാരെ മാറ്റിയിരുന്നു. ഹിമാചല്‍പ്രദേശില്‍ ഒഴിവുവരുന്ന ഏകരാജ്യ സഭാ സീറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് നേതൃത്വം വിപ്പ് നല്‍കിയിട്ടുണ്ട്.

കര്‍ണാടകയില്‍ ഒഴിവുള്ള നാലിടത്ത് മൂന്ന് സീറ്റില്‍ കോണ്‍ഗ്രസിനും ഒരു സീറ്റില്‍ ബിജെപി-ജെഡിഎസ് സഖ്യത്തിനും സ്വഭാവികമായും ജയിക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഇവിടെ ബിജെപി-ജെഡിഎസ് സഖ്യം രണ്ടാം സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയതോടെയാണ് ക്രോസ് വോട്ട് സാധ്യതകള്‍ തെളിഞ്ഞിരിക്കുന്നത്

കോണ്‍ഗ്രസിന് 134 എംഎല്‍എമാരുള്ളത്. ബിജെപിക്ക് 66, ജെഡിഎസിന് 19 എന്നിങ്ങനെയാണ് പ്രതിപക്ഷ നിരയിലെ കക്ഷിനില. രണ്ട് സ്വതന്ത്രരുടെയും സര്‍വോദയ കര്‍ണാടക പക്ഷയില്‍ നിന്നുള്ള ദര്‍ശന്‍ പുട്ടണയ്യയുടെയും പിന്തുണ കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്. ബിജെപി ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണ അവകാശപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പാര്‍ട്ടികളും തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. സയ്യദ് നാസര്‍ ഹുസൈന്‍, ജി സി ചന്ദ്രശേഖര്‍ എഐസിസി ട്രഷറര്‍ അജയ് മാക്കന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയിരിക്കുന്നത്.

ഹിമാചലില്‍ ഒഴിവുള്ള ഏക സീറ്റിലേയ്ക്ക് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിംഗ്‌വിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി കോര്‍ കമ്മിറ്റി അംഗം ഹര്‍ഷ് മഹാജനെയാണ് മത്സരത്തിനിറക്കിയിരിക്കുന്നത്. 40 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ബിജെപിക്ക് 25 അംഗങ്ങളാണുള്ളത്. മൂന്ന് എംഎല്‍എമാര്‍ സ്വതന്ത്രരും രണ്ട് പേര്‍ ബിജെപി വിമതരുമാണ്. അതൃപ്തിയുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ ഒപ്പം നിര്‍ത്താനാണ് ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ സമജ് വാദി പാര്‍ട്ടിയുടെ 10 എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സമജ്‌വാദി പാര്‍ട്ടി ഈ റിപ്പോര്‍ട്ട് നിഷേധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ തലേന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ഒരുക്കിയ അത്താഴവിരുന്നില്‍ നിന്നും എട്ട് എംഎല്‍എമാര്‍ വിട്ടുനിന്നത് സമജ്‌വാദി കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്്. 10 രാജ്യസഭാ സീറ്റുകളിലേയ്ക്കാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ അംഗസംഖ്യവെച്ച് ഏഴ് സീറ്റുകളില്‍ ബിജെപിയും മൂന്ന് സീറ്റുകളില്‍ സമജ് വാദി പാര്‍ട്ടിയും സ്വഭാവികമായും തിരഞ്ഞെടുക്കപ്പെടും. എന്നാല്‍ ബിജെപി എട്ടാമതൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെയാണ് ഉത്തര്‍പ്രദേശില്‍ ക്രോസ് വോട്ടിന്റെ സാധ്യത തെളിഞ്ഞിരിക്കുന്നത്. മുന്‍ എസ് പി അംഗവും വ്യവസായിയുമായ സഞ്ജയ് സേത്തിനെയാണ് ബിജെപി എട്ടാം സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയിരിക്കുന്നത്. നിലവില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുക്കപ്പെടാന്‍ 37 ഒന്നാം പരിഗണനാ സീറ്റുകള്‍ ആവശ്യമുണ്ട്. നടിയും എംപിയുമായ ജയാ ബച്ചന്‍, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അലോക് രഞ്ജന്‍, ദളിത് നേതാവ് റാംജി ലാല്‍ സുമന്‍ എന്നിവരാണ് സമജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍. ബച്ചനെയും രഞ്ജനെയും മത്സരിപ്പിക്കാനുള്ള തീരുമാനത്തോട് യോജിക്കാത്തതിനാല്‍ വോട്ട് ചെയ്യില്ലെന്ന് നേരത്തെ സഖ്യകക്ഷിയായ അപ്നാ ദള്‍ (കാമറവാദി) നേതാവ് പല്ലവി പട്ടേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്‍മാറിയിരുന്നു.

15 സംസ്ഥാനങ്ങളിലായി 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ഒഴിവുള്ള 56 സീറ്റുകളില്‍ 28 എണ്ണവും ബിജെപിയുടെ കൈവശമാണ്. 41 പേര്‍ ഇതിനകം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള 15 സീറ്റുകളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഇന്ന് വൈകുന്നേരം തന്നെ ഫലപ്രഖ്യാപനം ഉണ്ടാകും. വൈകുന്നേരത്തോടെ ഫലം പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com