ദില്ലി ചലോ മാർച്ച്: ഒരു കർഷകൻ കൂടി മരിച്ചു, കണ്ണീർ വാതക പ്രയോഗത്തിൽ രോഗബാധിതനായെന്ന് ആരോപണം

ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു നിഹാലിന്റെ മരണം
ദില്ലി ചലോ മാർച്ച്: ഒരു കർഷകൻ കൂടി മരിച്ചു, കണ്ണീർ വാതക പ്രയോഗത്തിൽ രോഗബാധിതനായെന്ന് ആരോപണം

ന്യൂഡൽഹി: ദില്ലി ചലോ മാർച്ചിനെത്തിയ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബ്–ഹരിയാന അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന പാട്യാല സ്വദേശി നിഹാൽ സിങ് (62) ആണ് മരിച്ചത്. ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു നിഹാലിന്റെ മരണം. ഖനൗരിയിൽ ഹരിയാന പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിലാണ് നിഹാൽ സിങ്ങ് ശ്വാസകോശ രോഗബാധിതനായതെന്നാണ് കർഷക നേതാക്കൾ ആരോപിക്കുന്നത്.

പഞ്ചാബ്-ഹരിയാന അതിർത്തിയിൽ നടത്തുന്ന ‘ദില്ലി ചലോ’ മാർച്ച് 15 ദിവസം പിന്നിട്ടപ്പോൾ ആറ് കർഷകർക്കാണ് ജീവൻ നഷ്ടമായത്. മരിച്ച എല്ലാ കർഷകരുടെയും കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് പഞ്ചാബ് സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. കർഷക പ്രക്ഷോഭം ആരംഭിച്ചതിന് പിന്നാലെ അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും മരിച്ചിരുന്നു.

അതേസമയം, കര്‍ഷക സമരത്തിന്റെ ഭാഗമായി ഇന്നലെ ഡല്‍ഹി നോയിഡ അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി വലിയ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. യമുന എക്‌സ്പ്രസ് വേയിലൂടെയായിരുന്നു ട്രാക്ടര്‍ റാലി. ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) ആണ് റാലിക്ക് നേതൃത്വം നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com