ബെഗുസരായ്‌യുടെ ചുവന്ന മണ്ണിൽ ഇത്തവണ കനയ്യയോ സിപിഐയോ?

നിയമസഭയിലേയ്ക്ക് സഖ്യത്തിന് പരിഗണിച്ച മാനദണ്ഡം വച്ചാണെങ്കിൽ ഇത്തവണ മഹാഗഡ്ബന്ധൻ ബഗുസരായ് സിപിഐക്ക് തന്നെ വിട്ടുകൊടുക്കേണ്ടിവരും
ബെഗുസരായ്‌യുടെ ചുവന്ന മണ്ണിൽ ഇത്തവണ കനയ്യയോ സിപിഐയോ?

ബിഹാറിൽ ഇത്തവണ ആർജെഡി നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജനത്തിൽ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് ബെഗുസരായ്. 2019ൽ രാജ്യം മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കിയ ബെഗുസരായ് മണ്ഡലത്തിൽ സിപിഐക്ക് വേണ്ടി മത്സരിച്ചത് കനയ്യകുമാറായിരുന്നു. ആർജെഡി-കോൺഗ്രസ് സഖ്യം ഒരുമിച്ച് മത്സരിച്ചപ്പോൾ 2019ൽ ഇടതുമുന്നണി മൂന്നാം മുന്നണി എന്ന നിലയിൽ ബിഹാറിൽ ഒറ്റയ്ക്കാണ് മത്സരിച്ചത്. ബിജെപിയുടെ ഗിരിരാജ് സിങ്ങ് 422217 വോട്ടുകൾക്ക് ഇവിടെ നിന്ന് ജയിക്കുകയായിരുന്നു.

സിപിഐ സ്ഥാനാർത്ഥിയായിരുന്ന കനയ്യ കുമാറിനെതിരെ കഴിഞ്ഞ തവണ ആർജെഡി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. സിപിഐ സ്ഥാനാർത്ഥിയായിരുന്ന കനയ്യ കുമാർ 2,69,976 വോട്ടും ആർജെഡി സ്ഥാനാർത്ഥിയായിരുന്നു തൻവീർ ഹസൻ 1,98,233 വോട്ടു നേടിയിരുന്നു. ഇത്തവണ ബെഗുസരായിൽ കനയ്യ മത്സരിക്കുമോ അതോ സീറ്റ് സിപിഐക്ക് തന്നെ വിട്ടുകൊടുക്കേണ്ടി വരുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. 2019ൽ സിപിഐക്ക് വേണ്ടി ബെഗുസരായിൽ മത്സരിച്ച കനയ്യ കോൺഗ്രസിൽ ചേർന്നിരുന്നു. നിലവിൽ ദേശീയ നേതാവായ കനയ്യയ്ക്ക് വേണ്ടി കോൺഗ്രസ് ബെഗുസരായ് ചോദിക്കുമോയെന്നതാണ് ആകംക്ഷ ഉണർത്തുന്നത്.

പരമ്പരാഗതമായി സിപിഐ മത്സരിച്ച് വരുന്ന സീറ്റാണ് ബെഗുസരായ്. എന്നാൽ 2014ൽ ഇവിടെ ആർജെഡിക്ക് വേണ്ടി മത്സരിച്ച തൻവീർ ഹസൻ 3,69,892 വോട്ടുകൾ നേടി രണ്ടാമതെത്തിയിരുന്നു. ബച്ച്‌വാര, ചെറിയ ബരിയാർപൂർ, തെഗ്ര, മതിഹാനി, സാഹേബ്പൂർ കമാൽ, ബഖ്രി (എസ്‌സി), ബെഗുസരായ് എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ബെഗുസാരായി ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 2020ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ അടക്കമുള്ള ഇടതുപാർട്ടികൾ ആർജെഡി നേതൃത്വത്തിലുള്ള മഹാഖഡ്ബന്ധൻ്റെ ഭാഗമായാണ് മത്സരിച്ചത്. ബെഗുസരായ് ലോക്സഭാ മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിലും മത്സരിച്ചത് സിപിഐ ആയിരുന്നു. രണ്ടിടത്ത് ആർജെഡിയും ഒരിടത്ത് കോൺഗ്രസും മത്സരിച്ചു. ബെച്ച്‌വാര, തെഗ്ര, ബഗ്രി, മതിഹാനി മണ്ഡലങ്ങളിലായിരുന്നു സിപിഐ മത്സരിച്ചത്. ചെറിയ ബെരിയാപൂര്‍ സാഹേബ്പൂര്‍ കമാല്‍ എന്നീ സീറ്റുകളില്‍ ആര്‍ജെഡിയും ബെഗുസരായില്‍ കോണ്‍ഗ്രസുമായിരുന്നു മഹാഖഡ്ബന്ധന് വേണ്ടി 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ സിപിഐ മത്സരിച്ച തെഗ്ര, ബഗ്രി മണ്ഡലങ്ങളില്‍ വിജയിക്കുകയും ബെച്ച്‌വാരയില്‍ രണ്ടാമതും മതിഹാനിയില്‍ മൂന്നാമതുമായിരുന്നു. ആര്‍ജെഡി മത്സരിച്ച രണ്ട് മണ്ഡലങ്ങിലും വിജയിച്ചു.കോണ്‍ഗ്രസ് മത്സരിച്ച ബെഗുസരായില്‍ വിജയം ബിജെപിക്കായിരുന്നു. ഒരു മുന്നണിയുടെയും ഭാഗമല്ലാതെ മത്സരിച്ച എല്‍ജെപിയായിരുന്നു മതിഹാനിയിൽ വിജയിച്ചത്.

നിയമസഭയിലേയ്ക്ക് സഖ്യത്തിന് പരിഗണിച്ച മാനദണ്ഡം വച്ചാണെങ്കിൽ ഇത്തവണ മഹാഗഡ്ബന്ധൻ ബഗുസരായ് സിപിഐക്ക് തന്നെ വിട്ടുകൊടുക്കേണ്ടിവരും. കോൺഗ്രസ് ബെഗുസരായ്ക്ക് വേണ്ടി വാശിപിടിച്ചാൽ സിപിഐയുടെ നിലപാട് നിർണ്ണായകമാകും. കോൺഗ്രസ് സ്ഥാനാർത്ഥിയായി ബെഗുസരായിൽ കനയ്യ മത്സരിക്കുന്നതിനെ പിന്തുണയ്ക്കുന്ന സിപിഐയുടെ ബിഹാർ ഘടകം അംഗീകരിക്കാൻ സാധ്യത കുറവാണ്.

കനയ്യയെ ബിഹാറില്‍ നിന്ന് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ ബെഗുസരായ് അല്ലാതെ മറ്റൊരു സുരക്ഷിത സീറ്റ് കണ്ടെത്തുക എന്നത് നേതൃത്വത്തിന് തലവേദനയാകും. നിലവില്‍ ബിഹാറില്‍ കോണ്‍ഗ്രസിന് കൈവശമുള്ളത് കിഷന്‍ഗഞ്ച് സീറ്റ് മാത്രമാണ്. ഇവിടെ മുഹമ്മദ് ജാവെദ് ആണ് സിറ്റിങ്ങ് എം പി. താരിഖ് അന്‍വര്‍ രണ്ടാമതെത്തിയ കതിഹാര്‍ ആണ് കോണ്‍ഗ്രസിന് താരമ്യേന സുരക്ഷിതമായ മറ്റൊരു മണ്ഡലം. 2019ല്‍ 57,203 വോട്ടിനായിരുന്നു ഇവിടെ കോണ്‍ഗ്രസ് പരാജയപ്പെട്ടത്. ആ നിലയില്‍ സുരക്ഷതമെന്ന് പറയാവുന്ന മറ്റൊരു മണ്ഡലം ബിഹാറില്‍ കോണ്‍ഗ്രസിനില്ല. ബിഹാറിന് പകരം കനയ്യയെ ദില്ലിയിലെ മൂന്ന് സീറ്റുകളില്‍ ഏതിലെങ്കിലും കോണ്‍ഗ്രസ് പരിഗണിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com