ദില്ലി ചലോ മാർച്ച് തൽക്കാലം നിർത്തി വെയ്ക്കും; കർഷകർ അതിർത്തിയിൽ തുടരും

കൂടുതൽ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കാനും തീരുമാനം
ദില്ലി ചലോ മാർച്ച് തൽക്കാലം നിർത്തി വെയ്ക്കും; കർഷകർ അതിർത്തിയിൽ തുടരും

ന്യൂഡൽഹി: ദില്ലി ചലോ മാർച്ച് തൽകാലം നിർത്തിവെക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. തൽക്കാലം കർഷകർ ദില്ലിയിലേക്ക് മാർച്ച് ചെയ്യില്ലെന്നും അതിർത്തിയിൽ കർഷകർ തുടരുമെന്നുമാണ് തീരുമാനം. കൂടുതൽ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധത്തിനിടെ മരിച്ച കർഷകൻ ശുഭ് കരൺ സിംഗിന് നീതി ഉറപ്പാക്കാൻ പ്രതിഷേധം ശക്തമാക്കുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചിരിക്കുന്നത്. ശുഭ് കരൺ സിംഗിൻ്റെ മരണത്തിൽ ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുക്കണം. നടപടികൾ തുടങ്ങാതെ യുവ കർഷകൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താനോ സംസ്കരിക്കാനോ അനുവദിക്കില്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

ഇതിനിടെ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു. ഹിസാറിലാണ് കർഷകർക്ക് നേരെ കണ്ണീർവാതക പ്രയോഗം നടന്നത്. ഹരിയാനയിൽ ദില്ലി ചലോ മാർച്ചിനിടെയായിരുന്നു സംഘർഷം. ഇതിനിടെ കര്‍ഷക സമരത്തിൽ പൊതുതാല്പര്യ ഹര്‍ജിയുമായി സിഖ് ചേംബർ ഓഫ് കൊമേഴ്സ് സുപ്രീം കോടതിയില്‍ ഹർജി നൽകി. കർഷകരുടെ ആവശ്യങ്ങൾ തീര്‍പ്പാക്കാന്‍ കോടതി ഇടപെടണമെന്നാണ് ആവശ്യം. പൊലീസ് നടപടിയിൽ കേസ് എടുക്കണമെന്നും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ റദ്ദാക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദില്ലി ചലോ മാർച്ചിനിടെ 63 കാരനായ ഭട്ടിൻഡ സ്വദേശി ദർശൻ സിംഗിന് ജീവൻ നഷ്ടമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ദർശൻ സിംഗ് മരിച്ചത്. ഇന്നലെ രാത്രി ഖനൗരി അതിർത്തിയിൽ കുഴഞ്ഞു വീണതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദില്ലി ചലോ മാർച്ചിനിടെ മരിക്കുന്ന മൂന്നാമത്തെ കർഷകനാണ് ദർശൻ സിംഗ്. പ്രതിഷേധത്തിനിടെ മരിച്ച യുവ കർഷകൻ ശുഭ് കരൺ സിംഗിൻ്റെ കുടുംബം പഞ്ചാബ് സർക്കാരിന്റെ ഒരു കോടി നഷ്ടപരിഹാരം നിരസിച്ചു. മകന് നീതിയാണ് വേണ്ടത്. ആ നീതിക്ക്‌ പകരം വയ്ക്കാൻ ഒരുകോടി രൂപയ്ക്കോ കുടുംബാംഗങ്ങളിൽ ഒരാൾക്കുള്ള ജോലിക്കോ സാധിക്കില്ല എന്നും ബന്ധുക്കൾ വ്യക്തമാക്കി. ബുധനാഴ്ച മരിച്ച ശുഭ് കരൺ സിംഗിന്റെ മൃതദേഹം പട്യാല സർക്കാർ മെഡിക്കൽ കോളജ് മോർച്ചറിയിലാണുള്ളത്. പോസ്റ്റ്‌ മോർട്ടം നടത്താൻ പോലും കർഷക സംഘടനകൾ അനുവദിച്ചിട്ടില്ല. ശുഭ് കരൺ സിംഗിൻ്റെ മരണത്തിൽ സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപക കരിദിനം ആചരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com