ഗോവ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലും എഎപി-കോൺഗ്രസ് സീറ്റ് ധാരണ; കണക്കുകള്‍ ഇങ്ങനെ

ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിൽ ആം ആദ്മി പാര്‍ട്ടി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കുമെന്ന് രാവിലെ വ്യക്തമായിരുന്നു
ഗോവ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലും എഎപി-കോൺഗ്രസ് സീറ്റ് ധാരണ; കണക്കുകള്‍ ഇങ്ങനെ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹിയിൽ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിൽ സീറ്റ് ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ട് വന്നതിനുപിന്നാലെ ഗോവ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലും സീറ്റ് പങ്കിടൽ ധാരണയിലെത്തിയതായി റിപ്പോർട്ട്. ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിൽ ആം ആദ്മി പാര്‍ട്ടി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കുമെന്ന് രാവിലെ വ്യക്തമായിരുന്നു.

പ്രധാനമന്ത്രി മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ എഎപി രണ്ട് സീറ്റിൽ മത്സരിച്ചേക്കും. പകരം, ബിജെപിയുടെ കൈവശമുള്ള ചണ്ഡീഗഡിലെ ഏക ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഹരിയാനയിൽ എഎപി ഒരു സീറ്റിൽ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ കൈവശമുള്ള നോർത്ത് ഗോവ സീറ്റിൽ ഇരു പാർട്ടികളിൽ ആരാണ് മത്സരിക്കുകയെന്നത് വ്യക്തമല്ല. ന്യൂഡല്‍ഹി, വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹി, പടിഞ്ഞാറന്‍ ഡല്‍ഹി, തെക്കന്‍ ഡല്‍ഹി സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും കിഴക്കന്‍ ഡല്‍ഹി, വടക്ക് കിഴക്കന്‍ ഡല്‍ഹി, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും മത്സരിക്കാനാണ് ഇന്ന് ധാരണയായത്.

'ഡല്‍ഹിയിലെ സീറ്റ് ധാരണകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. വളരെ വേഗം ധാരണയിലെത്തുമെന്നാണ് പ്രതീക്ഷ'യെന്നായിരുന്നു എഎപി നേതാവ് അതിഷി മർലേന വ്യക്തമാക്കിയത്. ഡല്‍ഹിക്ക് പിന്നാലെ ഗോവ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ആം ആദ്മിയും ധാരണയിലെത്തുന്നത് ഇന്‍ഡ്യ മുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com