വിപണിയില്‍ 'മ്യാവു-മ്യാവു'; ഡല്‍ഹിയിലും മഹാരാഷ്ട്രയിലും വന്‍ മയക്കുമരുന്ന് വേട്ട

മയക്കുമരുന്ന് പിടിച്ചെടുത്ത പൂനെയിലെ കെമിക്കല്‍ ഫാക്ടറി ഉടമയായ അനില്‍ സാബ്ലേയും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെടും
വിപണിയില്‍ 'മ്യാവു-മ്യാവു'; ഡല്‍ഹിയിലും മഹാരാഷ്ട്രയിലും വന്‍ മയക്കുമരുന്ന് വേട്ട

പൂനെ: ഡല്‍ഹിയിലും മഹാരാഷ്ട്രയിലും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. ഡല്‍ഹിയിലെ ഹൗസ് ഖാസ് മേഖലയിലും പൂനെയിലെ കുര്‍ക്കുംഭിലുമായി നടത്തിയ പരിശോധനയിലാണ് 1100 കിലോഗ്രാം മെഫെഡ്രോണ്‍ മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ ഏകദേശം 2500 കോടി രൂപ വിലവരും. കഴിഞ്ഞദിവസം ലഹരിക്കടത്തുകാരായ മൂന്നുപേർ പൂനെ പൊലീസിൻ്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് വൻ ലഹരി മരുന്ന് ശേഖരത്തെ കുറിച്ച് വിവരം ലഭിച്ചത്.

തുടർന്ന് പൂനെയിലെ കെമിക്കല്‍ ഫാക്ടറിയിലടക്കം വിവിധയിടങ്ങളിലും ഡല്‍ഹിയിലുമായി നടത്തിയ വ്യാപക റെയ്ഡിലാണ് 1100 കിലോഗ്രാമോളം മയക്കുമരുന്ന് പിടിച്ചെടുത്തത്. പൂനെയില്‍ ഉപ്പ് സൂക്ഷിക്കുന്ന ഒരു ഗോഡൗണില്‍ നിന്നാണ് ആദ്യം മയക്കുമരുന്ന് പിടിച്ചെടുത്തത്. ഭൈരവിനഗറിലും വിശ്രാന്ത് വാഡി മേഖലയിലും നടത്തിയ പരിശോധനയില്‍ മൂന്നരക്കോടിയുടെ മയക്കുമരുന്ന് കണ്ടെടുത്തു. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നാലെ ഡല്‍ഹിയിലെയും കുര്‍ക്കുംഭിലെയും മയക്കുമരുന്ന് ശേഖരത്തെക്കുറിച്ചും വിവരം ലഭിച്ചു.

പൂനെ പൊലീസ് കുര്‍ക്കുംഭിലില്‍ നടത്തിയ പരിശോധനയില്‍ മാത്രം 700 കിലോഗ്രാം മെഫെഡ്രോണ്‍ പിടിച്ചെടുത്തു. ഇതേസമയം ഡല്‍ഹി പൊലീസുമായി സഹകരിച്ച് ഹൗസ് ഖാസ് മേഖലയിലെ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ 400 കിലോ മയക്കുമരുന്നും പിടികൂടി. 'മ്യാവു-മ്യാവു' എന്ന പേരിലാണ് മെഫെഡ്രോണ്‍ മയക്കുമരുന്ന് വിപണിയില്‍ അറിയപ്പെടുന്നത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ നിലവില്‍ കസ്റ്റഡിയിലുള്ളതായാണ് വിവരം. മയക്കുമരുന്ന് പിടിച്ചെടുത്ത പൂനെയിലെ കെമിക്കല്‍ ഫാക്ടറി ഉടമയായ അനില്‍ സാബ്ലേയും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com