പഞ്ചാബ്;ഒറ്റക്കൊറ്റക്ക് മത്സരിക്കാമെന്ന് കോണ്‍ഗ്രസും ആപ്പും ചേര്‍ന്ന് തീരുമാനിച്ചതെന്ന് കെജ്‌രിവാള്‍

അതേ സമയം ഡല്‍ഹിയിലെ സീറ്റ് വിഭജന കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
പഞ്ചാബ്;ഒറ്റക്കൊറ്റക്ക് മത്സരിക്കാമെന്ന് കോണ്‍ഗ്രസും ആപ്പും ചേര്‍ന്ന് തീരുമാനിച്ചതെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പഞ്ചാബില്‍ സ്വന്തം നിലയില്‍ മത്സരിക്കാമെന്ന് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഒരുമിച്ച് തീരുമാനിക്കുകയായിരുന്നുവെന്ന് ആംആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ആ വിഷയത്തിനെ ചൊല്ലി ഇരുപാര്‍ട്ടികളും തമ്മില്‍ യാതൊരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് സിംഗ്‌വിയുടെ വസതിയില്‍ എത്തിയപ്പോഴായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. അതേ സമയം ഡല്‍ഹിയിലെ സീറ്റ് വിഭജന കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

'ഡല്‍ഹിയിലെ സഖ്യത്തിനായുള്ള ചര്‍ച്ച കോണ്‍ഗ്രസുമായി ഞങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. സീറ്റ് വിഭജന കാര്യങ്ങള്‍ സംസാരിക്കുകയാണ്. സഖ്യമില്ലെങ്കില്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാവും.', കെജ്‌രിവാള്‍ പറഞ്ഞു.

ആംആദ്മി പാര്‍ട്ടിയുമായി ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചാല്‍ അത് പാര്‍ട്ടിയുടെ വ്യക്തിത്വവും വോട്ട് ബാങ്കും തകര്‍ക്കുമെന്ന ആശങ്ക ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉയര്‍ത്തിരുന്നു. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമാണ് കോണ്‍ഗ്രസ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ആംആദ്മി പാര്‍ട്ടി ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തി വരുന്നതിനിടെ, അവരുമായി ഒരുമിച്ച് മത്സരിച്ചാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ ജനങ്ങള്‍ക്കിടയില്‍ നശിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാദം. സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരത്തിന്റെ ഗുണം സഖ്യത്തിലെത്തുകയാണെങ്കില്‍ സ്വീകരിക്കിക്കാന്‍ കഴിയില്ലെന്നും മുഖ്യപ്രതിപക്ഷ കക്ഷിയെന്ന സ്ഥാനം അകാലിദളും ബിജെപിയും പിടിച്ചെടുക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സഖ്യത്തിലെത്തുകയാണെങ്കില്‍ സംസ്ഥാനത്തെ ആകെ 13 സീറ്റുകളില്‍ ആറോ ഏഴോ സീറ്റുകളാണ് ഇരുപാര്‍ട്ടികള്‍ക്കും മത്സരിക്കാന്‍ ലഭിക്കുക. ഒറ്റക്ക് മത്സരിച്ചാല്‍ തന്നെ അത്രയും സീറ്റുകളില്‍ വിജയിക്കാന്‍ പാര്‍ട്ടിക്ക് കഴിയും. പിന്നെന്തിന് സഖ്യത്തിലെത്തി പാര്‍ട്ടിയുടെ വ്യക്തിത്വം നശിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു ആംആദ്മി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്നുള്ള പ്രഖ്യാപനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com