'സന്ദേശ്ഖാലിയിലെ സ്ത്രീകളെ പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി'; ആരോപണവുമായി അമിത് മാളവ്യ

എന്നാൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന സ്ത്രീയെ മറ്റൊരു കേസിൽ വിളിച്ചതാണെന്ന് വ്യക്തമാക്കി ബംഗാൾ പൊലീസ് രംഗത്തെത്തി
'സന്ദേശ്ഖാലിയിലെ സ്ത്രീകളെ പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി'; ആരോപണവുമായി അമിത് മാളവ്യ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിനെതിരെ പരാതി നൽകിയ സന്ദേശ്ഖാലിയിലെ സ്ത്രീകളെ പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അമിത് മാളവ്യ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന സ്ത്രീയെ മറ്റൊരു കേസിൽ വിളിച്ചതാണെന്ന് വ്യക്തമാക്കി ബംഗാൾ പൊലീസ് രംഗത്തെത്തി.

''ഷാജഹാൻ ഷെയ്ഖിൻ്റെയും അദ്ദേഹത്തിൻ്റെ ആളുകളുടെയും സ്വേച്ഛാധിപത്യത്തെക്കുറിച്ച് മാധ്യമങ്ങളുടെയും ഗവർണറുടെയും മുമ്പിൽ പരാതിപ്പെട്ട സന്ദേശ്ഖാലിയിലെ സ്ത്രീകളെ വെസ്റ്റ് ബംഗാള്‍ പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയി. അവർക്ക് നിയമപരിരക്ഷ ലഭിക്കുമെന്ന് എങ്ങനെ ഉറപ്പാക്കും. മമത ബാനർജി എവിടെ? എന്തുകൊണ്ടാണ് അവർ പൊലീസിന് പിന്നിൽ ഒളിച്ചിരിക്കുന്നത്?'', അമിത് മാളവ്യ ചോദിച്ചു.

സന്ദേശ്ഖാലിയിലെ സ്ത്രീകളിൽ നിന്ന് ബലാത്സംഗമോ ലൈംഗികാതിക്രമമോ സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാൾ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവിധ സംഘങ്ങൾ നടത്തിയ അന്വേഷണത്തിന് ശേഷമായിരുന്നു പൊലീസിന്റെ പ്രതികരണം. സന്ദേശ്ഖാലിയിലെ സംഭവങ്ങളെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും പൊലീസ് പറഞ്ഞു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ഗുരുതരമായ ആരോപണങ്ങളുമായി സന്ദേശ്ഖാലിയിലെ സ്ത്രീകൾ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പ്രത്യേക സംഘം അന്വേഷണം നടത്തിയത്. അന്വേഷണത്തിനായി ഡിഐജി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ 10 അംഗ സംഘത്തെയാണ് പശ്ചിമ ബംഗാൾ സർക്കാർ രൂപീകരിച്ചിരുന്നത്.

തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും സംഘവും ബലം പ്രയോഗിച്ച് ഭൂമി കൈക്കലാക്കുകയും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് തിരയുന്ന ഷാജഹാൻ ഒളിവിലാണ്. വിഷയം ഉയർന്നുവന്നതുമുതൽ ബിജെപി വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവാഹിതരായ ഹിന്ദു യുവതികളെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ലക്ഷ്യമിടുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. എന്നാൽ തുടക്കം മുതലേ മമത ബാനർജി സംഭവം ശരിയല്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com