സോണിയാ ഗാന്ധി,അഭിഷേക് സിംഗ്‌വി,അഖിലേഷ് പ്രസാദ് ; കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

സോണിയയുടെയും മറ്റ് നേതാക്കളുടെയും സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചു.
സോണിയാ ഗാന്ധി,അഭിഷേക് സിംഗ്‌വി,അഖിലേഷ് പ്രസാദ് ; കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അഭിഷേക് മനു സിംഗ്‌വി, ഡോ. അഖിലേഷ് പ്രസാദ് സിങ്, ചന്ദ്രകാന്ത് ഹാന്‍ഡോര്‍ എന്നിവരും രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. സോണിയയുടെയും മറ്റ് നേതാക്കളുടെയും സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചു.

അഖിലേഷ് പ്രസാദ് സിങ് ബിഹാറില്‍ നിന്നും അഭിഷേക് മനു സിംഗ്‌വി ഹിമാചല്‍ പ്രദേശില്‍ നിന്നും ചന്ദ്രകാന്ത് ഹാന്‍ഡോര്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ് മത്സരിക്കുന്നത്. രാജസ്ഥാനില്‍ നിന്നും ഒരു സീറ്റില്‍ ജയിക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസിനുള്ളത്. ഈ സീറ്റിലാണ് സോണിയ മത്സരിക്കുന്നത്. ലോക്‌സഭയിലേക്ക് അഞ്ച് തവണ വിജയിച്ചു കയറിയ 77കാരിയായ സോണിയ ആദ്യമായാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി മത്സരിച്ചേക്കില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷയായിരിക്കേ 1999ലാണ് സോണിയാ ആദ്യമായി ലോക്‌സഭയിലേക്കെത്തിയത്. ഗാന്ധി കുടുംബത്തില്‍ നിന്ന് രണ്ടാമത്തെയാളാണ് രാജ്യസഭയിലേക്ക് എത്തുന്നത്. 1964 മുതല്‍ 1967 വരെ ഇന്ദിരാ ഗാന്ധി രാജ്യസഭാംഗമായിരുന്നു.

ബിജെപിയും ഇന്ന് രാജ്യസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര മന്ത്രി എല്‍ മുരുഗന്‍, മായ നരോല്യ, ബന്‍സിലാല്‍ ഗുര്‍ജര്‍, ഉമേഷ് നാഥ് മഹാറായ് എന്നിവര്‍ മധ്യപ്രദേശില്‍ നിന്ന് മത്സരിക്കും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയില്‍ നിന്ന് മത്സരിക്കും. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെഡി അശ്വിനി വൈഷ്ണവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com