പ്രണയവിവാഹം കഴിച്ചതിന് ആറ് മാസം ജയിലിൽ; ഒടുവിൽ യുവാവിന് കേസിൽ നിന്ന് മോചനം

ഭാര്യവീട്ടുകാർ നൽകിയ തട്ടിക്കൊണ്ടുപോകൽ കേസിലാണ് ഇയാൾ ആറ് മാസം ജയിലിൽ കിടന്നത്.
പ്രണയവിവാഹം കഴിച്ചതിന് ആറ് മാസം ജയിലിൽ; ഒടുവിൽ 
യുവാവിന് കേസിൽ നിന്ന് മോചനം

പ്രയാ​ഗ്‍രാജ്: പ്രണയ വിവാ​ഹം കഴിച്ചതിന് ആറ് മാസം ജയിലിൽ കിടന്ന യുവാവിന് ഒടുവിൽ കേസിൽ നിന്ന് മോചനം. അലഹബാദ് ഹൈക്കോടതിയാണ് സാ​ഗർ സവിതയെന്ന യുവാവിന്റെ കേസ് റദ്ദാക്കിയത്. ഭാര്യവീട്ടുകാർ നൽകിയ തട്ടിക്കൊണ്ടുപോകൽ കേസിലാണ് ഇയാൾ ആറ് മാസം ജയിലിൽ കിടന്നത്. ജനുവരി 30നായിരുന്നു കോടതി വിധി. എന്നാൽ നിയമതടസങ്ങൾ മൂലം കഴിഞ്ഞ ദിവസമാണ് വിധി നടപ്പാക്കിയത്. 2022 ഓഗസ്റ്റ് 16നാണ് ഇയാൾക്കെതിരെ യുവതിയുടെ പിതാവ് കേസ് നൽകിയത്. ആറ് മാസം ജയിലിൽ കിടന്നശേഷം 2023 ജനുവരി 13 ന് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.

ഇത് നമ്മുടെ സമൂഹത്തിന്റെ ഇരുണ്ട അവസ്ഥയുടെ ഉദാഹരണമാണെന്ന് കേസ് റദ്ദാക്കിയ ജസ്റ്റിസ് പ്രശാന്ത് കുമാർ നിരീക്ഷിച്ചു. ഇന്നത്തെ കാലത്തും പ്രായപൂർത്തിയായ മക്കൾ സ്വന്തം താത്പര്യ പ്രകാരം വിവാഹിതരായാൽ അവരുടെ രക്ഷിതാക്കൾ സമൂഹത്തിന്റെയും കുടുംബത്തിന്റെയും സമ്മർദ്ദത്തിനി വഴങ്ങി കടുംകൈ ചെയ്യുന്നു. യുവാവിന് നേരെ കേസ് നൽകുക വരെ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവും സമൂഹത്തിനുണ്ടായിട്ടില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.

കേസ് ഫയൽ ചെയ്യുമ്പോൾ പെൺകുട്ടിക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. പ്രതിക്ക് 21 വയസ്സും. സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), 366 (തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവ്വം വിവാഹം കഴിക്കൽ), പോക്സോ കേസ്, എന്നിവ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്. പ്രതികൾ അവരുടെ താത്പര്യപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഇരുവർക്കും നിലവിൽ വിവാഹപ്രായമായെന്നും നിരീക്ഷിച്ച കോടതി കേസ് തള്ളുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com