കൃഷ്ണജന്മഭൂമി ക്ഷേത്ര ഭാഗങ്ങള്‍ മസ്ജിദിനായി ഔറംഗസേബ് ഉപയോഗിച്ചു; 1920ലെ ഗസറ്റ് ഉദ്ധരിച്ച് എഎസ്ഐ

മഥുരയിലെ കൃഷ്ണജന്മഭൂമി ക്ഷേത്ര സമുച്ചയവുമായി ബന്ധപ്പെട്ട വിവാരാവകാശ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മറുപടി
കൃഷ്ണജന്മഭൂമി ക്ഷേത്ര ഭാഗങ്ങള്‍ മസ്ജിദിനായി ഔറംഗസേബ്  ഉപയോഗിച്ചു; 1920ലെ ഗസറ്റ് ഉദ്ധരിച്ച് എഎസ്ഐ

ആഗ്ര: മഥുരയിലെ കൃഷ്ണജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗങ്ങള്‍ ഔറംഗസേബ് മസ്ജിദിനായി ഉപയോഗിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തല്‍. മഥുരയിലെ കൃഷ്ണജന്മഭൂമി ക്ഷേത്ര സമുച്ചയവുമായി ബന്ധപ്പെട്ട വിവാരാവകാശ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മറുപടി. 1920ലെ ഗസറ്റ് ചരിത്ര രേഖകളെ അടിസ്ഥാനമാക്കിയാണ് എഎസ്‌ഐ മറുപടി നല്‍കിയിരിക്കുന്നത്. ഗസറ്റിലെ ഉദ്ധരണി ഉള്‍പ്പെടെയാണ് മറുപടി. ''മുമ്പ് കേശവദേവിന്റെ ക്ഷേത്രം നിലനിന്നിരുന്ന, നസുല്‍ കുടിയാന്മാരുടെ കൈവശം ഇല്ലാതിരുന്ന കത്ര കുന്നിന്റെ ഭാഗങ്ങള്‍ ഔറംഗസീബ് മസ്ജിദിന് വേണ്ടി ഉപയോഗിച്ചിരുന്നു', എന്നാണ് മറുപടിയില്‍ ഉദ്ധരിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശി അജയ് പ്രതാപ് സിംഗാണ് വിവാരാവകാശ പ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. എഎസ്‌ഐയുടെ ആഗ്ര സര്‍ക്കിളിലെ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റിന്റെ ഓഫീസാണ് വിവരാവകാശത്തിന് മറുപടി നല്‍കിയത്.

ഇതിനിടെ ഈ തെളിവുകള്‍ അലഹബാദ് ഹൈക്കോടതിക്കും സുപ്രീം കോടതിക്കും മുമ്പാകെ സമര്‍പ്പിക്കുമെന്ന് ശ്രീകൃഷ്ണ ജന്മഭൂമി മുക്തിന്യാസ് പ്രഡിഡന്റ് മഹേന്ദ്ര പ്രതാപ് സിങ്ങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ക്ഷേത്രം പൊളിക്കാന്‍ 1670ല്‍ ഔറംഗസേബ് ഉത്തരവ് പുറപ്പെടുവിച്ചതായി ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് അവിടെ ഷാഹി ഈദ്ഗാ മസ്ജിദ് നിര്‍മ്മിക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി എഎസ്‌ഐ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തി. ഫെബ്രുവരി 22 ന് വാദം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ എഎസ്‌ഐ മറുപടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും മഹേന്ദ്ര പ്രതാപ് സിങ്ങ് പറഞ്ഞു.

മസ്ജിദ് നിർമ്മിക്കുന്നതിന് മുമ്പ് ഗ്യാൻവാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സർവെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കെട്ടിടം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളിൽ എഴുത്തുകളുള്ള പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ലിഖിതങ്ങളിൽ ജനാർദ്ദനൻ, രുദ്രൻ, ഉമേശ്വരൻ എന്നിങ്ങനെ മൂന്ന് പേരുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. കോടതി നിർദ്ദേശപ്രകാരമായിരുന്നു എഎസ്ഐ സർവെ നടത്തിയത്.

ഇതിന് പിന്നാലെ ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് ആരാധനയ്ക്ക് അനുമതി നൽകിയിരുന്നു. വാരാണസി ജില്ലാ കോടതിയാണ് അനുമതി നൽകിയത്. ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ക്രമീകരണമൊരുക്കണമെന്നും നിർദേശമുണ്ട്. ഗ്യാൻവാപി പള്ളിയിലെ തെക്ക് ഭാഗത്തെ നിലവറയിൽ പൂജ നടത്താനാണ് അനുമതി. പള്ളിയുടെ നിലവറയിലേക്ക് ഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com