മറാത്ത സംവരണം: 'കഴിഞ്ഞ നവംബറിൽ മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു'; ഛഗൻ ഭുജ്ബൽ

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ആവശ്യപ്പെട്ടതിനാലാണ് രണ്ട് മാസത്തിലേറെയായി താൻ മൗനം പാലിച്ചതെന്നും ഭുജ്ബൽ
മറാത്ത സംവരണം: 'കഴിഞ്ഞ നവംബറിൽ മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു'; ഛഗൻ ഭുജ്ബൽ

മുംബൈ: മറാത്തി വിഭാഗത്തിന് ഒബിസി സംവരണം നൽകാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ നവംബറിൽ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവച്ചതായി എൻസിപി അജിത് പവാർ വിഭാഗത്തിൻ്റെ നേതാവും ഭക്ഷ്യമന്ത്രിയുമായ ഛഗൻ ഭുജ്ബൽ. ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ഛഗൻ ഭുജ്ബൽ. മറാത്തികൾക്ക് സംവരണം നൽകുന്നതിന് താൻ എതിരല്ലെന്നും എന്നാൽ നിലവിലെ ഒബിസി സംവരണം പങ്കിടുന്നതിനെയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദ്‌നഗറിലെ റാലിയിലായിരുന്നു തന്റെ രാജി വിവരം അദ്ദേഹം അറിയിച്ചത്.

'പ്രതിപക്ഷത്തിലെ പല നേതാക്കളും എന്തിന് സർക്കാരിൽ നിന്നുള്ള നേതാക്കൾ പോലും ഞാൻ രാജിവയ്ക്കണം എന്ന് പറയുന്നുണ്ട്. ഭുജ്ബലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആരോ പറയുന്നത് കേട്ടു. പ്രതിപക്ഷത്തോടും ഭരണപക്ഷത്തിലെ നേതാക്കളോടും ഇത് പറയാൻ ആഗ്രഹിക്കുന്നു. നവംബർ 17 ന് അമ്പാഡിൽ നടന്ന ഒബിസി എൽഗർ റാലിക്ക് മുന്നോടിയായി, നവംബർ 16 ന് ഞാൻ മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു. ശേഷമാണ് ആ പരിപാടിയിൽ പങ്കെടുത്തത്,' ഛഗൻ ഭുജ്ബൽ പറഞ്ഞു.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിയെക്കുറിച്ച് സംസാരിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടതിനാലാണ് രണ്ട് മാസത്തിലേറെയായി താൻ മൗനം പാലിച്ചതെന്നും ഭുജ്ബൽ പറഞ്ഞു. അവസാനം വരെ ഒബിസി വിഭാഗത്തിന് വേണ്ടി താൻ പോരാടുമെന്നും അദ്ദേഹം അറിയിച്ചു. 'ഞങ്ങൾ മറാത്ത സമുദായത്തിനുള്ള സംവരണത്തെ എതിർക്കുന്നില്ല. പക്ഷേ അത് അവർക്ക് പ്രത്യേകം നൽകുക. ഞങ്ങളുടെ (ഒബിസി) സംവരണത്തിൽ നിന്ന് ഇത് നൽകരുത്,' ഭുജ്ബൽ പറഞ്ഞു.

മറാത്ത സമുദായത്തിൻ്റെ സംവരണത്തെക്കുറിച്ച് നിർണ്ണയിക്കുന്നതിനായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ നടത്തിയ സർവേയിൽ പിഴവ് സംഭവിച്ചതായി അദ്ദേഹം ആരോപിച്ചു. 'സംസ്ഥാന ജനസംഖ്യയിൽ ഒബിസി 54-60%, എസ്‌സി/എസ്‌ടി 20%, ബ്രാഹ്മണർ 3% എന്നിങ്ങനെയാണെങ്കിലും എല്ലാ എംഎൽഎമാരും എംപിമാരും മറാത്ത വോട്ടുകൾ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.

മറാത്ത സംവരണം: 'കഴിഞ്ഞ നവംബറിൽ മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു'; ഛഗൻ ഭുജ്ബൽ
'ഭാരതരത്‌ന അര്‍ഹിക്കുന്നു, ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ ശവക്കുഴികള്‍ ചവിട്ടുപടി'; ഒവൈസി

മറാത്ത ക്വോട്ട ആവശ്യം കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നതിനാൽ ഭുജ്ബൽ ഭക്ഷ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പലരും ആവശ്യമുന്നയിച്ചിരുന്നു. സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ചതിന് ഭുജ്ബലിനെ പുറത്താക്കണമെന്ന് ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള ഒരു ശിവസേന എംഎൽഎ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com