'രജനികാന്ത് എങ്ങനെയോ രക്ഷപ്പെട്ടു, ബിജെപിയുടെ അടുത്ത ചൂണ്ടയാണ് വിജയ്'; എഐഎഡിഎംകെ നേതാവ്

ഇന്നാണ് വിജയ് തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചത്.
'രജനികാന്ത് എങ്ങനെയോ രക്ഷപ്പെട്ടു, ബിജെപിയുടെ അടുത്ത ചൂണ്ടയാണ് വിജയ്'; എഐഎഡിഎംകെ നേതാവ്

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ നടന്‍ വിജയ് ബിജെപിയുടെ അടുത്ത ചൂണ്ടയാണെന്ന് എഐഎഡിഎംകെ നേതാവ് കോവൈ സത്യന്‍. വിജയ് തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോവൈ സത്യന്റെ ഈ പ്രതികരണം.

'പൂച്ച ഒടുവില്‍ സഞ്ചിയില്‍ നിന്ന് പുറത്തുചാടി. നടന് വിജയ്ക്ക് ഒരു ദശാബ്ദം മുന്‍പ് തന്നെ രാഷ്ട്രീയ മോഹങ്ങളുണ്ടായിരുന്നു. ബിജെപിയുമായി ഞങ്ങള്‍ ബന്ധം അവസാനിപ്പിച്ചതിന് ശേഷം ലോക്‌സഭയിലേക്കും വരാനിരിക്കുന്ന നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മുന്‍പന്തിയിലേക്ക് വരാന്‍ തീവ്രശ്രമമാണ് അവര്‍ നടത്തുന്നത്. ഭാഗ്യം പരീക്ഷിച്ച് ബിജെപി രജനികാന്തിന്റെ രാഷ്ട്രീയത്തിലേക്ക് വരാന്‍ നിര്‍ബന്ധിച്ചു. പക്ഷെ, അദ്ദേഹം എങ്ങനെയോ രക്ഷപ്പെട്ടു. ഇനി അടുത്ത ചൂണ്ട വിജയ് ആണ്. കാരണം, ബിജെപിക്ക് തമിഴ്‌നാട്ടില്‍ വളരാന്‍ സിനിമാലോകകത്തുനിന്ന് ഒരു മുഖം വേണം. ബിജെപിക്കും വിജയ്ക്കും ആശംസകള്‍. അത്രയേ പറയാനുള്ളൂ.', എന്നാണ് കോവൈ സത്യന്‍ പറഞ്ഞത്.

ഇന്നാണ് വിജയ് തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. 2026 നിയമസഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് പുതിയ പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്.

തമിഴ്‌നാട്ടിലെ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെയും ബിജെപിയെയും പരോക്ഷമായി വിമര്‍ശിച്ചായിരുന്നു വിജയ്യുടെ പ്രസ്താവന. വിജയ്യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം പ്രഖ്യപിക്കപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന. 'സമകാലിക രാഷ്ട്രീയ ചുറ്റുപാടുകള്‍, ഭരണപരമായ കെടുകാര്യസ്ഥത, അഴിമതി നിറഞ്ഞ രാഷ്ട്രീയ സംസ്‌ക്കാരം എന്നിവയെക്കുറിച്ച് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. മറുവശത്ത് ജാതിയുടെയും മതത്തിന്റെയും പേരില്‍ നമ്മുടെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന 'വിഭജന രാഷ്ട്രീയ സംസ്‌കാരം' ഐക്യത്തിനും പുരോഗതിയ്ക്കും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ദീര്‍ഘവീക്ഷണമുള്ളതും അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണത്തിലേക്ക് നയിക്കുന്ന അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ മാറ്റത്തിനായി തമിഴ്നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നത് വസ്തുതയാണ്', വിജയ് പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com