രേവന്ത് റെഡ്ഡിയെ കാണാനെത്തി ബിആര്‍എസ് എംഎല്‍എമാര്‍; കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്

ഞായറാഴ്ച രാജേന്ദ്രനഗർ എംഎൽഎ പ്രകാശ് ഗൗഡ് മുഖ്യമന്ത്രിയെ കണ്ടിരുന്നു

രേവന്ത് റെഡ്ഡിയെ കാണാനെത്തി ബിആര്‍എസ് എംഎല്‍എമാര്‍; കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎമാർ നടത്തിയ കൂടിക്കാഴ്ച ചർച്ചയാകുന്നു. മേധക്ക് ജില്ലയിലെ നാല് എംഎല്‍എമാരാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയുടെ എംഎൽഎമാരെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് കോൺഗ്രസിൻ്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാജേന്ദ്രനഗറില്‍ നിന്നുള്ള ബിആര്‍എസ് എംഎൽഎ പ്രകാശ് ഗൗഡ് മുഖ്യമന്ത്രിയെ കണ്ടിരുന്നു.

കോൺഗ്രസിൻ്റെ സ്കാർഫ് ധരിച്ച അദ്ദേഹത്തിൻ്റെ ചിത്രം ഊഹാപോഹങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അഭ്യൂഹങ്ങളെ എംഎൽഎമാർ നിഷേധിച്ചു. തങ്ങളുടെ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് അവർ വ്യക്തമാക്കി.

'മണ്ഡലങ്ങളിലെ പ്രശ്നങ്ങളും വികസനവും മുഖ്യമന്ത്രിയെ അറിയിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്. പാർട്ടി മാറാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഞങ്ങൾ ആരുമായും ചർച്ച നടത്തിയിട്ടില്ല. മേഡക് ജില്ലയിലെ പ്രശ്നങ്ങൾ വിശദീകരിക്കാനായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ചിലർ നിഷേധാത്മകമായ പ്രചരണം നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും മുതിർന്ന നേതാക്കൾക്ക് ഞങ്ങളിൽ പൂർണ വിശ്വാസമുണ്ട്. അവസാന ശ്വാസം വരെ ഞങ്ങൾ കെസിആറിനൊപ്പമുണ്ടാകും', പ്രഭാകർ റെഡ്ഡി പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എംഎല്‍എമാരെ പാര്‍ട്ടിയുടെ ഭാഗമാക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയെന്നാണ് വിവരം. നഗരമേഖലകളില്‍ സ്വാധീനം കൂട്ടാന്‍ ഉദ്ദേശിക്കുന്ന കോണ്‍ഗ്രസ് പല ബിആര്‍എസ് നേതാക്കളുമായും സംസാരിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 119ല്‍ 64 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഈ സീറ്റുകള്‍ കൂടുതലും ഗ്രാമ മേഖലകളിലായിരുന്നു. നഗരപ്രദേശങ്ങളില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചത് ബിആര്‍എസ് ആയിരുന്നു. അത് കൊണ്ട് തന്നെ നഗരമേഖലകളില്‍ മുന്നേറാന്‍ ബിആര്‍എസ് വിട്ടുവരുന്ന എംഎല്‍എമാര്‍ സഹായിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com