'മമത ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി'; അപ്പോള്‍ ഇന്‍ഡ്യ മുന്നണി വിട്ടെന്ന് ജെഡിയു

കോണ്‍ഗ്രസിനെ തൊട്ടുകൂടാനാവാത്ത പാര്‍ട്ടിയെന്ന് വിശേഷിപ്പിച്ചാണ് ജെഡിയു വക്താവ് കെ സി ത്യാഗിയുടെ മറുപടി.
'മമത ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി'; അപ്പോള്‍ ഇന്‍ഡ്യ മുന്നണി വിട്ടെന്ന് ജെഡിയു

ന്യൂഡല്‍ഹി: ഇന്‍ഡ്യ മുന്നണിയില്‍ നിന്ന് പിന്മാറാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം മുന്‍കൂട്ടി തീരുമാനിച്ചതാണെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനക്കെതിരെ ജെഡിയു. കോണ്‍ഗ്രസിനെ തൊട്ടുകൂടാനാവാത്ത പാര്‍ട്ടിയെന്ന് വിശേഷിപ്പിച്ചാണ് ജെഡിയു വക്താവ് കെ സി ത്യാഗിയുടെ മറുപടി.

'മുന്നണിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം മുന്‍കൂട്ടിയെടുത്തതാണെങ്കില്‍ ഞങ്ങള്‍ എന്തിനാണ് ആദ്യ യോഗം പാറ്റ്‌നയില്‍ നടത്തിയത്?. തൊട്ടുകൂടാനാവാത്ത പാര്‍ട്ടിയായ നിങ്ങളോടൊപ്പം ചേരാന്‍ എന്തിനാണ് മമത ബാനര്‍ജിയെയും അരവിന്ദ് കെജ്‌രിവാളിനെയും അഖിലേഷ് യാദവിനെയും ഞങ്ങള്‍ ഒരുമിപ്പിച്ചത്.', കെ സി ത്യാഗി ചോദിച്ചു.

ഇന്‍ഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മമത ബാനര്‍ജി മുന്നോട്ടുവച്ചതോടെയാണ് മുന്നണി വിടാനുള്ള തീരുമാനം ഉണ്ടായത്. കോണ്‍ഗ്രസിനെപ്പോഴും ഈ സ്ഥാനം വേണമെന്നും കെ സി ത്യാഗി പറഞ്ഞു.

ഞങ്ങള്‍ മുന്നണിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രധാന സ്ഥാനങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കുകയായിരുന്നു. എസ്പി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പ്രാദേശിക പാര്‍ട്ടികളെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രത്യയശാസ്ത്രമില്ലെന്ന് ഒരിക്കല്‍ രാഹുല്‍ ഗാന്ധി തന്നെ പറഞ്ഞു. ഇതെ കൊണ്ടാക്കെയാണ് ഞങ്ങള്‍ മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും കെ സി ത്യാഗി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com