നാളെ ബിഹാറില്‍ ജെഡിയു-ബിജെപി സര്‍ക്കാര്‍; ആര്‍ജെഡി മന്ത്രിമാരെ പുറത്താക്കി ബിജെപി മന്ത്രിമാര്‍ വരും

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തീരുമാനം എടുക്കാന്‍ ലാലു പ്രസാദ് യാദവിനെ ആര്‍ജെഡി നേതൃയോഗം ചുമതലപ്പെടുത്തി.
നാളെ ബിഹാറില്‍ ജെഡിയു-ബിജെപി സര്‍ക്കാര്‍; ആര്‍ജെഡി മന്ത്രിമാരെ പുറത്താക്കി ബിജെപി മന്ത്രിമാര്‍ വരും

പാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയു- ബിജെപി സര്‍ക്കാര്‍ നാളെ. ആര്‍ജെഡി മന്ത്രിമാരെ പറത്താക്കി അവരുടെ വകുപ്പുകള്‍ ബിജെപിക്ക് നല്‍കാന്‍ ധാരണ. നാളെ ഗവര്‍ണറുമായി ജെഡിയു - ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. പട്‌ന കേന്ദ്രീകരിച്ച് ഇന്ന് നടന്നത് മാരത്തണ്‍ ചര്‍ച്ചകളാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തീരുമാനം എടുക്കാന്‍ ലാലു പ്രസാദ് യാദവിനെ ആര്‍ജെഡി നേതൃയോഗം ചുമതലപ്പെടുത്തി.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനത്തിന്റെ അനിശ്ചിതത്വം ഞായറാഴ്ച അവസാനിക്കും. ബിജെപി- ജെഡിയു സര്‍ക്കാര്‍ നാളെ മുതല്‍ ബിഹാറിന്റെ ഭരണ ചക്രം തിരിക്കും. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതെയുള്ള മുന്നണി മാറ്റത്തിനാണ് നീക്കം. ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കം 12 ആര്‍ജെഡി മന്ത്രിമാരെ പുറത്താക്കും. ആര്‍ജെഡി മന്ത്രിമാരുടെ വകുപ്പുകള്‍ ബിജെപിക്ക് നല്‍കും. ഉപമുഖ്യമന്ത്രിമാരുടെ എണ്ണം ഒന്നില്‍ നിന്ന് രണ്ടാകും എന്നാണ് സൂചന. സുശില്‍ കുമാര്‍ മോദി, രേണു ദേവി എന്നിവര്‍ ബിജെപിയില്‍ നിന്ന് ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത. 2025ല്‍ നിതീഷ് കുമാറിന് കേന്ദ്രത്തില്‍ പ്രധാന റോള്‍ നല്‍കാനും ധാരണയായി. വൈകിട്ട് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവന്‍ എംഎല്‍എമാരും നേതൃത്വത്തിന് കത്ത് കൈമാറി. ബിജെപി- ജെഡിയു എംഎല്‍എമാര്‍ക്ക് നിതീഷ് കുമാര്‍ നാളെ ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്. ശേഷം നേതാക്കള്‍ ഗവര്‍ണറെ കാണും. കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് ഇന്‍ഡ്യ സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം എന്ന് ജെഡിയു ആരോപിച്ചു.

ജെഡിയു ഇല്ലാത്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെഡിയും തേടുന്നുണ്ട്. ആര്‍ജെഡി നേതൃയോഗവും കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗവും പട്‌നയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസിന്റെ ഭൂരിഭാഗം എംഎല്‍എമാരും യോഗത്തിന് എത്തിയില്ല. പല എംഎല്‍എമാരുടെ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നാണ് വിവരം. കോണ്‍ഗ്രസ് കേന്ദ്ര നിരീക്ഷകനായി ഭൂപേഷ് ബാഗേലിനെ ബീഹാറിലേക്ക് അയച്ചു. ഭരണ മാറ്റം ഉണ്ടാകും എന്ന വാര്‍ത്തകള്‍ക്കിടെ സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com