വാരണാസി ഗ്യാൻവാപി പള്ളിയിലെ വുസുഖാന (വാട്ടർ ടാങ്ക്) വൃത്തിയാക്കാൻ സുപ്രീം കോടതിയുടെ അനുമതി

ടാങ്കിനുള്ളിൽ ചത്ത മത്സ്യങ്ങളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ടാങ്ക് വൃത്തിയാക്കാൻ ആവശ്യമുന്നയിച്ചത്
വാരണാസി ഗ്യാൻവാപി പള്ളിയിലെ വുസുഖാന (വാട്ടർ ടാങ്ക്) വൃത്തിയാക്കാൻ സുപ്രീം കോടതിയുടെ അനുമതി

ന്യൂഡൽഹി: വാരണാസിയിലെ ഗ്യാൻവാപി പള്ളിയിലെ വുസുഖാന വൃത്തിയാക്കാൻ സുപ്രീം കോടതിയുടെ അനുമതി. 2022 മെയ് മാസത്തിൽ കമ്മീഷൻ നടത്തിയ സർവേയിൽ ഇവിടെ ശിവലിംഗം കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് മസ്ജിദ് പരിസരത്ത് ദേവതകളെ ആരാധിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് ഹിന്ദുവിഭാഗം സമർപ്പിച്ച അപേക്ഷ അനുവദിച്ചത്. ടാങ്ക് വൃത്തിയാക്കാനുള്ള അപേക്ഷ മസ്ജിദ് മാനേജ്മെൻ്റ് കമ്മിറ്റി എതിർത്തില്ല. വാരാണസി ജില്ലാ കളക്ടർക്ക് മുമ്പാകെ തങ്ങളും സമാനമായ അപേക്ഷ നൽകിയിട്ടുണ്ടെന്ന് മസ്ജിദ് കമ്മിറ്റിയും ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.

ടാങ്കിനുള്ളിൽ ചത്ത മത്സ്യങ്ങളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ടാങ്ക് വൃത്തിയാക്കാൻ ആവശ്യമുന്നയിച്ചത്. ഹർജിക്കാർ സമർപ്പിച്ച അപേക്ഷ തീർപ്പാക്കിയ കോടതി, വാരാണസി ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ശുചീകരണം നടത്തണമെന്നും നിർദ്ദേശിച്ചു. മുതിർന്ന അഭിഭാഷക മാധവി ദിവാനാണ് പരാതിക്കാർക്കുവേണ്ടി ഹാജരായത്. മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി ഹാജരായി.

ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തിന് പിന്നാലെ 2022 മെയ് മാസത്തിൽ വുസുഖാന മുദ്രവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള മുസ്ലീം വിശ്വാസികളുടെ അവകാശത്തെ ഈ ഉത്തരവ് തടസ്സപ്പെടുത്തില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം, സുപ്രീം കോടതി മസ്ജിദ് പരിസരത്ത് എഎസ്‌ഐ സർവേ അനുവദിച്ചിരുന്നു.

നേരത്തെ കൃഷ്ണ ജന്മഭൂമി കേസിൽ മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് പരിശോധിക്കാൻ കമ്മീഷണറെ നിയോഗിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പള്ളി പരിശോധിക്കാൻ കോടതി കമ്മീഷണറെ നിയമിക്കുന്നതിനുള്ള അപേക്ഷ അനുവദിച്ചുകൊണ്ട് ഡിസംബർ 14-ലെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച പ്രത്യേക ലീവ് ഹർജിയിലായിരുന്നു ഇന്ന് (ജനുവരി 16 ചൊവ്വാഴ്ച) സുപ്രീം കോടതിയുടെ സ്റ്റേ.

ആരാധനാലയ നിയമം 1991 (ഓർഡർ VII റൂൾ 11 CPC പ്രകാരം) പ്രകാരമുള്ള സ്യൂട്ട് നിരസിക്കുന്നതിനെതിരെയുള്ള അപേക്ഷ പരിഗണനയിലിരിക്കെ ഹൈക്കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ തസ്നീം അഹമ്മദി വാദിച്ചിരുന്നു. ക്ഷേത്രപ്രതിഷ്ഠയെന്ന് കരുതുന്ന ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാന്റെ പേരിലായിരുന്നു അലഹബാദ് ഹൈക്കോടതിയിലെ ഹര്‍ജി. ആരാധനാലയ നിയമം അനുസരിച്ച് ഹൈക്കോടതിക്ക് ഉത്തരവ് നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു മസ്ജിദ് ഭരണസമിതിയുടെ പ്രധാന വാദം. അഭിഭാഷക കമ്മിഷന്റെ പരിശോധനയ്ക്ക് അനുമതി തേടിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും മസ്ജിദ് ഭരണസമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ തസ്‌നീം അഹ്‌മദി കോടതിയെ അറിയിച്ചു. ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന പ്രദേശം ഉൾപ്പെടെയുള്ള തർക്കഭൂമി ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാനുടേതാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് നിലവിൽ അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള പ്രധാന കേസ്. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് പ്രസ്തുത മസ്ജിദ് നീക്കം ചെയ്യാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com