ഡീപ്‌ഫേക്കിന് ഇരയായി സച്ചിന്‍ ടെണ്ടുല്‍ക്കറും; അസ്വസ്ഥനാക്കുന്നെന്ന് താരം

ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സച്ചിന്‍ പറഞ്ഞു
ഡീപ്‌ഫേക്കിന് ഇരയായി സച്ചിന്‍ ടെണ്ടുല്‍ക്കറും; അസ്വസ്ഥനാക്കുന്നെന്ന് താരം

ന്യൂഡല്‍ഹി: ഡീപ്‌ഫേക്കിന് ഇരയായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഒരു ഗെയിമിങ് ആപ്പിന്റെ പേരില്‍ തന്റെ വ്യാജവീഡിയോ പ്രചരിക്കുന്നുണ്ടെന്ന് താരം തന്നെയാണ് സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. വീഡിയോയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സച്ചിന്‍ പറഞ്ഞു.

'ഈ വീഡിയോകള്‍ വ്യാജമാണ്. സാങ്കേതിക വിദ്യ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നത് കാണുന്നത് തന്നെ അസ്വസ്ഥനാക്കുന്നു. ഇതുപോലുള്ള വീഡിയോകളും പരസ്യങ്ങളും ആപ്പുകളും വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ജാഗ്രത പാലിക്കുകയും ഇതിനെതിരെ പ്രതികരിക്കുകയും വേണം. ഡീപ്‌ഫേക്കുകള്‍ അമിതമായി പ്രചരിക്കുന്നത് തടയുന്നതിനായി പെട്ടെന്ന് നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്', സച്ചിന്‍ എക്‌സില്‍ കുറിച്ചു.

സച്ചിനെയും മകളെയും ചേര്‍ത്താണ് ഡീപ്‌ഫേക്ക് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയില്‍ മറ്റൊരു വ്യക്തിയുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തിലാണ് സച്ചിനെ കാണിക്കുന്നത്. പണം സമ്പാദിക്കാന്‍ സഹായിക്കുന്ന ഒരു ഗെയിം സച്ചിന്റെ മകള്‍ കളിക്കാറുണ്ടെന്നും ഇതിലൂടെ നേട്ടം ഉണ്ടാകാറുണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ഡീപ്‌ഫേക്ക് വീഡിയോകള്‍ ഭയാനകരമായ ഭീഷണി സൃഷ്ടിക്കുകയാണ്. സിനിമാതാരങ്ങളായ രശ്മിക മന്ദാന, ഐശ്വര്യ റായി, കത്രീന കൈഫ് എന്നിവരുടെ ഡീപ്‌ഫേക്ക് വീഡിയോകള്‍ പ്രചരിച്ചതോടെയാണ് വ്യാപകമായി ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ നവംബറില്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുടെയും ഡീപ് ഫേക്ക് വീഡിയോ ഇറങ്ങിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com