ബില്‍ക്കിസ് ബാനു കേസ്; ഗുജറാത്ത് സർക്കാരിന് തിരിച്ചടി, പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി

ജീവപര്യന്തം നിലനില്‍ക്കും
ബില്‍ക്കിസ് ബാനു കേസ്; ഗുജറാത്ത് സർക്കാരിന് തിരിച്ചടി,  പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി. ജീവപര്യന്തം നിലനില്‍ക്കും. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി വിധിയോടെ 11 പ്രതികളും വീണ്ടും ജയിലിലേയ്ക്ക് മടങ്ങും. സാമൂഹ്യാവസ്ഥ എത്ര പിന്നാക്കമായാലും ഏത് വിശ്വാസം പിന്തുടര്‍ന്നാലും സ്ത്രീ ബഹുമാനം അർഹിക്കുന്നു. ശിക്ഷാവിധിയിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് സംശയരഹിതമായി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് സർക്കാരിന് പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകി ഉത്തരവ് പാസ്സാക്കാൻ അധികാരമില്ലെന്നതാണ് കോടതിയുടെ പ്രധാന നിരീക്ഷണം. വിചാരണ നടന്ന കോടതിയുടെ അഭിപ്രായം ആരാഞ്ഞ് വിചാരണ നടന്ന സംസ്ഥാനത്തിനാണ് ശിക്ഷാ ഇളവ് നൽകാൻ അധികാരമുള്ളത്. കുറ്റവാളികളെ തടവിലാക്കിയ സ്ഥലമോ സംഭവസ്ഥലമോ ഇളവിന് പ്രസക്തമല്ല.

വിദ്യാഭ്യാസം, കലാപരമായ കഴിവുകള്‍ എന്നിവയില്‍ പുരോഗമനം ഉണ്ടെങ്കില്‍ കുറ്റകൃത്യത്തില്‍ ഇളവ് നല്‍കാം. അതുപോലെ തന്നെ അതിജീവിതയ്ക്കും നീതി കിട്ടണം. 2022 മെയ് മാസത്തിൽ കോടതിയെ വഞ്ചിച്ച് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ച കുറ്റവാളികളിലൊരാളായ രാധ്യേഷിനെ കോടതി ശക്തമായി വിമർശിച്ചു. 2022 മെയ് മാസത്തെ വിധി വഞ്ചനയിലൂടെ നേടിയതാണെന്നും അതിനാൽ നിയമപരമായി നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

ശിക്ഷാ ഇളവ് നൽകാൻ മഹാരാഷ്ട്ര സർക്കാരിന് അവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി ഗുജറാത്ത് ഹൈക്കോടതി ഹർജി തള്ളിയതിന് ശേഷമാണ് മൂന്നാം പ്രതി സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചു. പ്രതികള്‍ സുപ്രീം കോടതിയില്‍ വസ്തുതകള്‍ വെളിപ്പെടുത്തിയില്ല. ഗുജറാത്ത് സര്‍ക്കാരിനെ സമീപിക്കാനുള്ള 2022 മെയ് മാസത്തെ വിധി വസ്തുതകള്‍ പരിഗണിക്കാതെ. ഇത് 9 അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധം. കുറ്റവാളികള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അതിനാൽ 2022 മെയ് മാസത്തെ സുപ്രീം കോടതി വിധി നിലനിൽക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ശിക്ഷാ ഇളവ് സംബന്ധിച്ച 2019 ലെ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിൽ 3-ാം പ്രതിക്ക് വിയോജിപ്പുണ്ടെങ്കിൽ അദ്ദേഹത്തിന് ഇവിടെ അപ്പീൽ നൽകാം. എന്നാൽ അദ്ദേഹം അങ്ങനെ ചെയ്തില്ല. ഇളവിനായി അദ്ദേഹം മഹാരാഷ്ട്രയിലേക്ക് നീങ്ങി. ഇളവിനെക്കുറിച്ച് അഭിപ്രായം എതിരായപ്പോൾ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. അങ്ങനെയാണ് തെറ്റായ വിധി സമ്പാദിച്ചതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

പ്രതികള്‍ എത്ര ഉന്നതരായാലും നിയമത്തിന് അതീതരല്ല. ഗുജറാത്ത് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തി. നീതിയുടെ അക്ഷരങ്ങള്‍ മാത്രമല്ല, അര്‍ത്ഥവും കോടതിക്കറിയാം. പ്രതികളോടുള്ള സഹതാപത്തിനും അനുകമ്പയ്ക്കും സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്വന്ത് നായ്, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധ്യേഷാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മോർധിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന തുടങ്ങി 11 പേരെയാണ് ഗുജറാത്ത് സർക്കാർ വെറുതെ വിട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com