രാമക്ഷേത്ര ഉദ്ഘാടനം; ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി മുഖ്യപൂജാരി സത്യേന്ദ്ര ദാസ്

ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കരുതെന്നായിരുതെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചിരുന്നു
രാമക്ഷേത്ര ഉദ്ഘാടനം; ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി മുഖ്യപൂജാരി സത്യേന്ദ്ര ദാസ്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ മുറുകുന്നു. ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി അയോധ്യ ക്ഷേത്രത്തിലെ മുഖ്യപൂജാരി. അയോധ്യ രാമജന്മഭൂമി ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയമില്ലെന്നും ഭക്തര്‍ക്കാണ് ക്ഷണം നല്‍കിയതെന്നും മുഖ്യപൂജാരി സത്യേന്ദ്ര ദാസ് പറഞ്ഞു. ക്ഷേത്ര ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്ന ഉദ്ധവ് താക്കറെയുടെ ആരോപണത്തിനാണ് മുഖ്യ പൂജാരിയുടെ മറുപടി.

നിര്‍മ്മാണം പൂര്‍ത്തിയായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഉദ്ഘാടന ചടങ്ങിനെ സംബന്ധിച്ച് തര്‍ക്കം മുറുകുന്നത്. ഉദ്ഘാടന ചടങ്ങിന് ക്ഷണം ലഭിച്ചില്ലെന്നും ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്നുമായിരുന്നു ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ ആക്ഷേപം. ഇതിനാണ് അയോധ്യ ക്ഷേത്രത്തിലെ പ്രധാന പൂജാരിതന്നെ മറുപടി നല്‍കിയത്. പ്രധാനമന്ത്രി പങ്കെടുക്കുന്നതില്‍ രാഷ്ട്രീയമില്ലെന്നായിരുന്നു മുഖ്യ പൂജാരി സത്യേന്ദ്ര ദാസിന്റെ മറുപടി. രാമഭക്തനാണ് നരേന്ദ്ര മോദി. ഭക്തര്‍ക്കാണ് ക്ഷണം നല്‍കിയത്. പ്രധാനമന്ത്രി ബഹുമാന്യ വ്യക്തിയാണെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു.

രാംലല്ല തന്റേത് കൂടിയാണെന്നും താല്‍പര്യമുള്ള ഏത് നിമിഷവും സന്ദര്‍ശിക്കാമെന്നുമായിരുന്നു നേരത്തെ ഉദ്ധവ് താക്കറെയുടെ പ്രതികരണം. അയോധ്യയിലേക്ക് പോകാന്‍ പ്രത്യേക ക്ഷണം ആവശ്യമില്ല. ഇന്നോ നാളെയോ പോകാം. മുഖ്യമന്ത്രിയായിരിക്കെ അയോധ്യയില്‍ പോയിട്ടുണ്ട്. അതിന് മുന്‍പും പോയിട്ടുണ്ട്. തനിക്ക് ക്ഷണം ലഭിച്ചിട്ടില്ല. അതിന്റെ ആവശ്യമില്ല. ഒരഭ്യര്‍ത്ഥന മാത്രമാണുള്ളത്. ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കരുതെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം. ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്തും നേരത്തെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും അയോധ്യയിലേക്ക് മാറ്റണം. രാമന്റെ പേരിലാണ് ബിജെപി വോട്ട് തേടുന്നത്. കാരണം അവര്‍ മറ്റൊന്നും ചെയ്യുന്നില്ല എന്നായിരുന്നു ശിവസേന എംപി സഞ്ജയ് റാവത്ത് ഉയര്‍ത്തിയ ആക്ഷേപം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com