പാർലമെൻ്റിൽ ഇന്നും പ്രതിഷേധം തുടരാൻ പ്രതിപക്ഷം; സഭയിൽ കടുത്ത പ്രതിഷേധം ഉണ്ടായാൽ കൂടുതൽ നടപടി?

ഇന്‍ഡ്യാ മുന്നണി നേതാക്കൾ രാവിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രതിഷേധ രീതികൾ തീരുമാനിക്കും
പാർലമെൻ്റിൽ ഇന്നും പ്രതിഷേധം തുടരാൻ പ്രതിപക്ഷം; സഭയിൽ കടുത്ത പ്രതിഷേധം ഉണ്ടായാൽ കൂടുതൽ നടപടി?

ന്യൂഡൽഹി: പാർലമെൻ്റിലെ പ്രതിഷേധം തുടരാൻ പ്രതിപക്ഷം. ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെൻ്റ് പ്രക്ഷുബ്ധമാകും. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം, പാർലമെൻ്റ് അതിക്രമത്തിലെ സുരക്ഷ വീഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിക്കണം എന്നീ ആവശ്യങ്ങൾ ഇരുസഭകളിലും പ്രതിപക്ഷം ആവർത്തിക്കും. സസ്പെൻഷനിലുള്ള 142 എംപിമാർ പാർലമെൻ്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാകും പ്രതിഷേധിക്കുക. സഭയിൽ കടുത്ത പ്രതിഷേധം ഉണ്ടായാൽ കൂടുതൽ എംപിമാരെ ഇന്നും സസ്പെൻഡ് ചെയ്യും. ഇന്‍ഡ്യാ മുന്നണി നേതാക്കൾ രാവിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രതിഷേധ രീതികൾ തീരുമാനിക്കും. ഇതിനിടെ സസ്പെൻഷനിലുള്ള എംപിമാർക്ക് വിലക്ക് ഏർപ്പെടുത്തി ലോക്സഭ സെക്രട്ടേറിയറ്റ് സർക്കുലർ ഇറക്കിയിട്ടുണ്ട്. പാർലമെന്റ് ചേംബർ, ലോബി, ഗാലറി എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് വിലക്ക്.

ഇതിനിടെ പ്രതിപക്ഷത്തിൻ്റെ അഭാവത്തിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ഐപിസിയും സിആർപിസിയും ഇന്ത്യൻ തെളിവ് നിയമവും പരിഷ്ക്കാനുള്ള ബില്ലുകളിൽ ലോക്സഭയിൽ ഇന്നും ചർച്ച തുടരും. ചൊവ്വാഴ്ചയാണ് ഇന്ത്യൻ ശിക്ഷാ നിയമം 1860, ക്രിമിനൽ നടപടി ചട്ടം 1973, ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872 എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ (രണ്ടാം) സംഹിത, ഭാരതീയ നാഗരിക സുരക്ഷാ (രണ്ടാം) സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നീ ബില്ലുകൾ അമിത് ഷാ അവതരിപ്പിച്ചത്.

നേരത്തെ മൺസൂൺ സെഷനിൽ അമിത് ഷാ ഈ ബില്ലുകൾ അവതരിപ്പിച്ചിരുന്നു. മൺസൂൺ സെഷൻ ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാര്‍ലമെൻ്റ് ഉപസമിതി നിയമങ്ങള്‍ പരിശോധിച്ച് ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ തിരുത്തലുകൾ ഉൾപ്പെടുത്തിയാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതാ ബില്ല്, ഭാരതീയ സാക്ഷ്യ ബിൽ എന്നിവ അമിത് ഷാ ചൊവ്വാഴ്ച വീണ്ടും സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ അഭാവത്തിലായിരുന്നു ചൊവ്വാഴ്ച ചർച്ച നടന്നത്.

ഇതിനിടെ പാർലമെൻ്റിൽ നിന്നും എംപിമാരെ പുറത്താക്കിയതിനെതിരെ പ്രതിപക്ഷ എംപിമാർ സംഘടിപ്പിച്ച പ്രതിഷേധത്തിൽ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറെ പരിഹാസ്യരൂപേണ അവതരിപ്പിച്ച വിഷയത്തിലും പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം രംഗത്ത് വന്നിരുന്നു. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയായിരുന്നു പരിഹാസ്യ രൂപേണ ജഗ്ദീപ് ധൻകറെ അനുകരിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മകർദ്വാറിൽ പ്രതിഷേധിച്ച എംപിമാരുടെ നടുവിലിരുന്ന കല്യാൺ ബാനർജി ജഗ്ദീപ് ധൻകറെ അനുകരിച്ചപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അത് വീഡിയോയിൽ പകർത്തുകയായിരുന്നു. ‘‘എന്റെ നട്ടെല്ല് നേരെയാണ്, എനിക്ക് നല്ല ഉയരമുണ്ട്’’ എന്നു പറഞ്ഞായിരുന്നു സഭാ നടപടികൾ കല്യാൺ ബാനർജി അനുകരിച്ചത്.

പരിഹാസത്തിനെതിരെ രാജ്യസഭാ ചെയർമാൻ രംഗത്ത് വന്നിരുന്നു. ‘ഏറെ പരിഹാസ്യവും അംഗികരിക്കാനാവാത്തതുമായ’ കാര്യമെന്നാണ് ധൻകർ ഇതിനെ വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധിയെയും ഈ വിഷയത്തിൽ രാജ്യസഭ ചെയർമാൻ വിമർശിച്ചിരുന്നു. 'രാജ്യസഭ ചെയർമാൻ്റെ ഓഫിസും, സ്പീക്കറുടേതും വളരെ വ്യത്യസ്തമാണ്. രാഷ്ട്രീയപാർട്ടികൾ തമ്മിൽ പല പ്രശ്നങ്ങളും വാഗ്വാദങ്ങളും ഉണ്ടാകും. എന്നാൽ നിങ്ങളുടെ പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് മറ്റൊരു പാർട്ടിയിലെ അംഗത്തിന്റെ വീഡിയോ പകർത്തുന്നത് നോക്കൂ', എന്നായിരുന്നു രാഹുൽ ഗാന്ധിയെ കുറിച്ചുള്ള ധൻകറിൻ്റെ വിമർശനം. സംഭവത്തിനെതിരെ ഇതിൻ്റെ വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച് ബിജെപിയും രൂക്ഷവിമർശനം ഉയർത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com