പാർലമെന്റിലെ സുരക്ഷാ വീഴ്ച: എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്തു

ലോക്സഭയിലെ സുരക്ഷ തൻ്റെ ഉത്തരവാദിത്തമാണെന്നും സർക്കാർ ഇടപെടേണ്ട ആവശ്യമില്ലെന്നും സ്പീക്കർ
പാർലമെന്റിലെ സുരക്ഷാ വീഴ്ച: എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷ വീഴ്ചയിൽ ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ നടപടി. എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്തു. രാവിലെ ലോക്സഭാ നടപടികൾ ആരംഭിച്ചതിന് പിന്നാലെ പാർലമെൻ്റ് സുരക്ഷാ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. സുരക്ഷാ വീഴ്ചയിൽ എല്ലാവർക്കും ആശങ്കയുണ്ടെന്നായിരുന്നു പ്രതിപക്ഷ ബഹളത്തോടുള്ള സ്പീക്കറുടെ പ്രതികരണം. ലോക്സഭയിലെ സുരക്ഷ തൻ്റെ ഉത്തരവാദിത്തമാണെന്നും സർക്കാർ ഇടപെടേണ്ട ആവശ്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഈ വിഷയം പ്രതിപക്ഷവുമായി ചർച്ച ചെയ്തുവെന്നും വേണമെങ്കിൽ ഇനിയും ചർച്ച നടത്തുമെന്നും സ്പീക്കർ പറഞ്ഞു. സ്പീക്കർ നിലപാട് വിശദീകരിച്ച സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് ഭരണപക്ഷ നിലപാട്. സന്ദർശകപാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രതിപക്ഷ ബഹളത്തിനിടെ സംഭവത്തിൽ വിശദീകരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് രംഗത്തെത്തി. ലോക്സഭയിൽ നടന്ന സംഭവം അപലപനീയമെന്ന് രാജ് നാഥ് സിങ് വ്യക്തമാക്കി. എല്ലാവരും ഒറ്റക്കെട്ടായി അപലപിക്കണമെന്ന് ആവശ്യപ്പെട്ട രാജ്നാഥ് സിങ്ങ് അന്വേഷണം നടക്കുന്നെന്നും വ്യക്തമാക്കി. പാസുകൾ നൽകുമ്പോൾ എംപിമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സ്പീക്കർ അന്വേഷണത്തിന് ഉത്തരവിട്ടതിനാൽ ബഹളത്തിന്റെ ആവശ്യമില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്നാഥ് സിങ്ങിൻ്റെ വിശദീകരണം അംഗീകരിക്കാത്ത പ്രതിപക്ഷം ആഭ്യന്തരമന്ത്രി വിശദീകരണം നൽകണമെന്നും വിഷയത്തിൽ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബഹളം തുടർന്നതോടെ സ്പീക്കർ സഭാനടപടികൾ ഉച്ചയ്ക്ക് 2 മണി വരെ നിർത്തി വെച്ചു.

ഇതിനിടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. ബഹളത്തിനിടെ പ്രത്യേകാവകാശ ലംഘനം നടത്തിയെന്ന് വ്യക്തമാക്കി തൃണമൂൽ എംപി ഡെറിക് ഒബ്രിയാനോട് സഭ വിടാൻ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ ആവശ്യപ്പെട്ടു. രാജ്യസഭയിൽ നടുത്തളത്തിൽ ഇറങ്ങി ഡെറിക് ഒബ്രിയാൻ പ്രതിഷേധിച്ചതാണ് രാജ്യസഭാ അധ്യക്ഷനെ ചൊടിപ്പിച്ചത്. തുടർന്ന് ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഈ സമ്മേളന കാലയളവ് വരെയാണ് സസ്പെൻഷൻ. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം രാജ്യസഭയിൽ ബഹളം വെച്ചത്. ബഹളത്തെ തുടർന്ന് രാജ്യസഭാ അധ്യക്ഷൻ തൻ്റെ ചേംബറിൽ കക്ഷിനേതാക്കളുടെ അടിയന്തിര യോഗം വിളിച്ചു. രാജ്യസഭയുടെ നടപടിക്രമങ്ങൾ 2 മണി വരെ നിര്‍ത്തിവെച്ചു.

കഴിഞ്ഞ ദിവസം ശൂന്യവേളയില്‍ രണ്ടുപേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തിലേ‍ക്കും എംപിമാര്‍ക്കിടയിലേക്കും ചാടുകയായിരുന്നു. ഇവർ മേശപ്പുറത്ത് കൂടി ചാടി മുന്നോട്ട് നീങ്ങി. സ്പീക്കറുടെ ചേംബര്‍ ലക്ഷ്യമിട്ടാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. നാലാമത്തെ നിരയിലെത്തിയപ്പോള്‍ ഇവരെ പിടികൂടി. ഒരാളെ എംപിമാര്‍ പിടികൂടിയപ്പോൾ മറ്റൊരാളെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പ്രതിഷേധക്കാര്‍ അംഗങ്ങൾ ഇരിക്കുന്നിടത്ത് കളര്‍ സ്‌പ്രേ പ്രയോഗിച്ചു. ഷൂവിനുള്ളിൽ സ്പ്രേ ഒളിപ്പിച്ചുവച്ചായിരുന്നു ഇവർ നടുത്തളത്തിലേയ്ക്ക് ചാടിയത്. പ്രതിഷേധത്തിനിടെ ഷൂവെറിയാനും പ്രതിഷേധക്കാർ ശ്രമിച്ചു. ഇവരിൽ നിന്ന് നിറമുള്ള സ്‌പ്രേ കാന്‍ പിടികൂടി.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഉണ്ടായ സുരക്ഷാ വീഴ്ച്ചയില്‍ ആറ് പേര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. നാലുപേര്‍ പിടിയിലായെങ്കിലും രണ്ട് പേര്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഘത്തിലെ അഞ്ചാമന്‍ ഗുഡ്ഗാവ് സ്വദേശി ലളിത് ഝാ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആറാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. അതിക്രമത്തിന് മുന്‍പ് അഞ്ച് പേരും താമസിച്ചത് ലളിത് ഝായുടെ വീട്ടിലാണെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ലോക്‌സഭയില്‍ സ്‌പ്രേ പ്രയോഗിച്ച സാഗര്‍ ശര്‍മ ലഖ്നൗ സ്വദേശിയെന്ന് പൊലീസ്. ആറ് പേരും അതിക്രമത്തിന് പദ്ധതിയിട്ടത് ഓണ്‍ലൈന്‍ വഴിയാണെന്നാണ് വ്യക്തമാകുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com