സച്ചിൻ-ജ്യോതിരാദിത്യ; യുവരക്തങ്ങളെ 'കൈ'വിട്ട 2018ലെ അബദ്ധം 2023ൽ കോൺഗ്രസിന് തിരിച്ചടിയായോ?

സച്ചിൻ-ജ്യോതിരാദിത്യ; യുവരക്തങ്ങളെ 'കൈ'വിട്ട 2018ലെ അബദ്ധം 2023ൽ കോൺഗ്രസിന് തിരിച്ചടിയായോ?

2018ല്‍ മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രിമാരായി വന്നിരുന്നെങ്കില്‍ അത് രാജ്യമാകമാനം കോണ്‍ഗ്രസിന് നല്‍കുമായിരുന്ന ഉണര്‍വ് കോണ്‍ഗ്രസിലെ വൃദ്ധനേതൃത്വത്തിന് അന്ന് മനസ്സിലാകാതെ പോയി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ പ്രതീക്ഷ പുലർത്തിയിരുന്ന സംസ്ഥാനങ്ങളായിരുന്നു രാജസ്ഥാനും മധ്യപ്രദേശും. 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ കർട്ടൻറൈസർ തന്നെയായിരുന്നു അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പ്. ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് വേരോട്ടമുള്ള ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന് താഴെതട്ട് മുതൽ ശക്തമായ സംഘടനാശേഷിയുള്ള സംസ്ഥാനങ്ങൾ കൂടിയാണ് രാജസ്ഥാനും മധ്യപ്രദേശും. അതിനാൽ തന്നെ ഈ സംസ്ഥാനങ്ങളിൽ ഏറ്റുവാങ്ങിയ പരാജയം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോൺഗ്രസിനെ സംബന്ധിച്ച് വലിയ ക്ഷീണം തന്നെയാണ്. 2018ല്‍ കോണ്‍ഗ്രസ് കാണിച്ച അബദ്ധത്തിന്റെ പരിണിതഫലമാണ് രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസിനെ 2023ല്‍ വേട്ടയാടിയതെന്ന് തന്നെ പറയേണ്ടേി വരും.

2018ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത് സച്ചിന്റെ യുവനേതാവ് എന്ന പ്രതിച്ഛായയും അദ്ദേഹത്തിന്റെ വിഭാഗമായ ഗുജ്ജറുകളുടെ പിന്തുണയുമായിരുന്നു. എന്നാല്‍ ഇത്തവണ ഗുജ്ജര്‍ ശക്തികേന്ദ്രങ്ങളിലെല്ലാം കോണ്‍ഗ്രസ് പിന്നാക്കം പോയി. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ദുന്‍ദാര്‍ മേഖലയില്‍ 2018ല്‍ 35 സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചെങ്കില്‍ ഇത്തവണ കോണ്‍ഗ്രസ് ഈ മേഖലയില്‍ വളരെ പിന്നാക്കം പോയി. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പോസ്റ്ററുകളില്‍ പോലും സച്ചിന്റെ ചിത്രം ഉണ്ടായിരുന്നില്ല.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളില്‍ അടക്കം മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിനൊപ്പം പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്ര മാത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റും ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നയിക്കുന്നതെന്ന പ്രതീതിയായിരുന്നു തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉണ്ടായിരുന്നത്. സച്ചിനെ അവഗണിച്ചു എന്ന വികാരം ഗുജ്ജറുകള്‍ക്കിടയില്‍ വ്യാപകമായിരുന്നു. സച്ചിനെ അവഗണിച്ചത് ആ നിലയില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ അഭാവവും കോണ്‍ഗ്രസിന് തിരിച്ചടിയായി. 2018ല്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം ലഭിച്ച ഗ്വാളിയോര്‍-ചമ്പല്‍ മേഖലകളില്‍ ഇത്തവണ ബിജെപി നേട്ടം കൊയ്തതിന് പിന്നില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീനമാണ് പ്രതിഫലിക്കുന്നത്. പാര്‍ട്ടി വിട്ടുപോയ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ പ്രധാനഘടകമായി മാറിയെന്ന് സുവ്യക്തം.

2018ല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചിരുന്നു. രണ്ടിടത്തും ദേശീയ പ്രതിച്ഛായയുള്ള രണ്ട് യുവനേതാക്കള്‍ ആ വിജയങ്ങളുടെ പിന്നണിയിലുണ്ടായിരുന്നു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച് വലിയൊരു ശതമാനം ജനങ്ങളാണ് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടന്‍ തന്നെ ദേശീയ മാധ്യമങ്ങളെല്ലാം ഈ യുവനേതാക്കളെയാണ് വിജയശില്‍പ്പികളായി ഉയര്‍ത്തിക്കാണിച്ചത്. പിസിസി പ്രസിഡന്റായിരുന്ന സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് രാജസ്ഥാനില്‍ ജയിച്ചതെന്ന ചര്‍ച്ചയ്ക്കായിരുന്നു അന്ന് പ്രാമുഖ്യം.

കോണ്‍ഗ്രസ് 2018ല്‍ കാണിച്ച അബദ്ധങ്ങളും അതിന്റെ അനുരണനങ്ങളുമാണ് രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് തിരിച്ചടിയായതെന്ന് വേണം വിലയിരുത്താന്‍. 2018ല്‍ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ആരായിരിക്കണം മുഖ്യമന്ത്രി എന്ന ചര്‍ച്ച ഇരു സംസ്ഥാനങ്ങളിലും ദിവസങ്ങളോളം നീണ്ടു. രാഹുല്‍ ഗാന്ധി ജ്യോതിരാദിത്യ സിന്ധ്യക്കും സച്ചിന്‍ പൈലറ്റിനുമൊപ്പമായിരുന്നു. എന്നാല്‍ കമല്‍നാഥും അശോക് ഗഹ്‌ലോട്ടും സോണിയാ ഗാന്ധിയുടെ വിശ്വസ്തരായിരുന്നു. രാജസ്ഥാനില്‍ വിമതരായി മത്സരിച്ച അശോക് ഗഹ് ലോട്ട് അനുയായികളും സമ്മര്‍ദ്ദ ശക്തികളായി. ഒടുവില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ജ്യോതിരാധിത്യ സിന്ധ്യയും സച്ചിനും പുറത്തായി.

പിന്നീടും ഈ രണ്ട് നേതാക്കളുടെയും കാര്യത്തില്‍ കോണ്‍ഗ്രസ് അബദ്ധം കാണിച്ചു. 2019ലെ ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യയെ കോണ്‍ഗ്രസ് മത്സരിപ്പിച്ചു. ഗുണയില്‍ നിന്ന് അപ്രതീക്ഷിത തോല്‍വിയായിരുന്നു ഫലം. കമല്‍നാഥ്-ജ്യോതിരാദിത്യ സിന്ധ്യ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ മധ്യപ്രദേശില്‍ രാജ്യസഭാ സീറ്റ് ഒഴിവ് വന്നപ്പോള്‍ അത് സിന്ധ്യക്ക് നല്‍കി സിന്ധ്യയെ ഡള്‍ഹിയിലേയ്ക്ക് മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായതുമില്ല. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യ സ്വന്തം അനുയായികളുമായി ബിജെപിയില്‍ എത്തി മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. ശിവ്‌രാജ് സിങ്ങ് ചൗഹാന് വീണ്ടും അവസരമൊരുങ്ങി. കര്‍ഷക രോഷത്തെ തുടര്‍ന്നായിരുന്നു 2018ല്‍ ശിവ്‌രാജ് സിങ്ങ് ചൗഹാന്‍ അധികാരത്തില്‍ നിന്നും പോയത്. എന്നാല്‍ വളരെ പെട്ടെന്ന് അധികാരത്തില്‍ മടങ്ങിയെത്തിയ ചൗഹാന്‍ കര്‍ഷകരുടെയും സ്ത്രീകളുടെയും പ്രിയപ്പെട്ട 'മാമ'യായി പെട്ടെന്ന് മാറി. ബിജെപി ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്രമന്ത്രിയാക്കി, ഗുണയില്‍ നിന്നും വീണ്ടും ലോക്‌സഭയിലേക്ക് എത്തിച്ചു.

രാജസ്ഥാനില്‍ സച്ചിനെ പിസിസി പ്രസിഡൻ്റായി തുടരാൻ സമ്മതിച്ച് ഉപമുഖ്യമന്ത്രിയുമാക്കി. സച്ചിന്‍-ഗഹ്‌ലോട്ട് തര്‍ക്കം തുടക്കം മുതല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദനയായിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ സച്ചിനെ ലോക്‌സഭയിലേയ്ക്ക് വേണമെങ്കില്‍ കോണ്‍ഗ്രസിന് മത്സരിപ്പിക്കാമായിരുന്നു. പക്ഷെ അതും സംഭവിച്ചില്ല. ജോഢ്പൂര്‍ പോലെ കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലത്തില്‍ ഗഹ് ലോട്ടിന്റെ മകന്‍ വൈഭവ് ഗഹ്‌ലോട്ടിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. ഈ സീറ്റില്‍ വിജയിക്കാനും വൈഭവിന് സാധിച്ചില്ല. രാജ്യസീറ്റ് ഒഴിവ് വന്നപ്പോള്‍ കെ സി വേണുഗോപാലിനെ പരിഗണിച്ചു. ഗഹ്‌ലോട്ടുമായുള്ള സച്ചിന്‍ പിന്തുണയ്ക്കുന്ന എംഎല്‍എമാരുമായി നേതൃസ്ഥാനത്തിനായി വിലപേശി. ബിജെപിക്കൊപ്പം പോകുമെന്ന പ്രതീതി സൃഷ്ടിച്ചുള്ള വെല്ലുവിളി സച്ചിന് വിനയായി. പിസിസി പ്രസിഡന്റ് സ്ഥാനവും ഉപമുഖ്യമന്ത്രി പദവും സച്ചിന് നഷ്ടമായി. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ നേതൃപരമായ ഇടപെടല്‍ നടത്താനും സച്ചിന് സാധിച്ചില്ല. മാത്രമല്ല നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചപ്പോള്‍ പഴയ അച്ചടക്ക വിഷയങ്ങള്‍ ഉന്നയിച്ച് വിജയസാധ്യതയുണ്ടായിരുന്ന പലരുടെയും പേര് വെട്ടാന്‍ ഹൈക്കമാന്‍ഡ് പിടിവാശിയും കാണിച്ചു.

2018ല്‍ മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രിമാരായി വന്നിരുന്നെങ്കില്‍ അത് രാജ്യമാകമാനം കോണ്‍ഗ്രസിന് നല്‍കുമായിരുന്ന ഉണര്‍വ് കോണ്‍ഗ്രസിലെ വൃദ്ധനേതൃത്വത്തിന് അന്ന് മനസ്സിലാകാതെ പോയി. അതിന്റെ വിലയാണ് 2023ല്‍ കമല്‍നാഥും അശോക് ഗഹ്‌ലോട്ടും നല്‍കേണ്ടി വന്നത്. 2027ല്‍ ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ആരുണ്ടാകുമെന്ന ചോദ്യം കൂടി ഈ തിരഞ്ഞെടുപ്പ് ഫലം അവശേഷിപ്പിക്കുന്നുണ്ട്. മധ്യപ്രദേശില്‍ കമല്‍നാഥിനും ദ്വിഗ്‌വിജയ് സിങ്ങിനും ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരമില്ല. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് ഒരങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് കരുതാം, സച്ചിന്‍ കോണ്‍ഗ്രസില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നെങ്കില്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com