രാജസ്ഥാനിൽ ബിജെപിയെന്ന് ഉറപ്പിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ; കോൺഗ്രസിന് ആശ്വാസമായി ഇന്ത്യാ ടുഡേ പ്രവചനം

കോൺഗ്രസിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും നൽകുന്ന സൂചന
രാജസ്ഥാനിൽ ബിജെപിയെന്ന് ഉറപ്പിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ;  കോൺഗ്രസിന് ആശ്വാസമായി ഇന്ത്യാ ടുഡേ പ്രവചനം

കൊച്ചി: രാജസ്ഥാനില്‍ ബിജെപി അധികാരത്തിലേയ്‌ക്കെന്ന് പ്രവചിച്ച് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വേകളും. ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് കോണ്‍ഗ്രസിന് അധികാരത്തുടര്‍ച്ച പ്രവചിക്കുന്നത്. രാജസ്ഥാനില്‍ തൂക്ക് സഭയുടെ സാധ്യത തെളിഞ്ഞാല്‍ മറ്റുള്ളവര്‍ നിര്‍ണ്ണായകമാകുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

കോൺഗ്രസിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും നൽകുന്ന സൂചന. 2018ൽ കോൺഗ്രസ് 35 സീറ്റുകൾ നേടിയ ദൂൻദാർ മേഖലയിൽ കോൺഗ്രസിന് വലിയ തിരിച്ചടി സംഭവിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 58 മണ്ഡലങ്ങളാണ് ഈ മേഖലയിലുള്ളത്. സച്ചിൻ പൈലറ്റ് മത്സരിക്കുന്ന ടോങ്ക്, ജയ്പൂർ മേഖലയെല്ലാം ഇവിടെയാണ്. 2018ൽ ഗുജ്ജർ വിഭാഗങ്ങളുടെ വലിയ പിന്തുണയാണ് ഈ മേഖലയിൽ കോൺഗ്രസിന് തുണയായത്. 2018ൽ പിസിസി പ്രസിഡൻ്റായിരുന്ന ഗുജ്ജർ വിഭാഗക്കാരനായിരുന്ന സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന നിലയിലാണ് അവർ കണ്ടിരുന്നത്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റിനെ ഒതുക്കിയെന്ന പ്രതീതിയാണ് ഗുജ്ജർ വിഭാഗത്തെ കോൺഗ്രസിന് എതിരാക്കിയതെന്നാണ് വിലയിരുത്തൽ.

21 മണ്ഡലങ്ങളുള്ള ഷെഖാവട്ടി മേഖലയിൽ മാത്രം കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 43 മണ്ഡലങ്ങളുള്ള മോവാഡ്, 17 സീറ്റുകളുള്ള ഹഡോത്തി, 60 മണ്ഡലങ്ങളുള്ള മാര്‍വാഡ് തുടങ്ങിയ മേഖലകളിലെല്ലാം കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നാണ് പ്രവചനം. കോൺഗ്രസ് 2018ൽ വലിയ മുന്നേറ്റമുണ്ടാക്കിയ മാർവാഡ്. മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട്‌ മത്സരിക്കുന്ന സർദാർപുര ഉൾപ്പെടുന്ന ജോധ്പൂരെല്ലാം കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മാർവാഡ്, ദൂൻദാർ മേഖലകളിൽ സംഭവിച്ച തിരിച്ചടിയാണ് കോൺഗ്രസിൻ്റെ ഭരണത്തുടർച്ചയെന്ന സ്വപ്നം തകർത്തതെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.

രാജസ്ഥാനില്‍ ബിജെപിക്ക് ഭരണം പ്രവചിക്കുന്നതാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍ പ്രവചനം. ബിജെപി 108 മുതൽ 128 വരെ സീറ്റുകളോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്. കോൺഗ്രസിന് 56 മുതൽ 72 വരെ സീറ്റുകളാണ് ടൈംസ് നൗ പ്രവചിക്കുന്നത്. മറ്റുള്ളവർ 13-21 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും ടൈംസ് നൗവിൻ്റെ എക്സിറ്റ് പോൾ ഫലം പറയുന്നു.

രാജസ്ഥാനില്‍ ബിജെപി ഭരണത്തിലേക്കെന്നാണ് ന്യൂസ് 18ന്റെ എക്‌സിറ്റ് പോള്‍ ഫലം നൽകുന്ന സൂചന. ബിജെപി 115 സീറ്റുകളോടെ അധികാരത്തിലെത്തുമെന്നാണ് ന്യൂസ് 18 പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 71 സീറ്റുകളാണ് ന്യൂസ് 18ന്റെ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ 13 സീറ്റുകളില്‍ വിജയിക്കുമെന്നും ന്യൂസ് 18 പ്രവചിക്കുന്നു.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആശ്വാസമാകുന്ന ഏക എക്സിറ്റ് പോൾ ഫലം ഇന്ത്യാ ടുഡേയുടേതാണ്. കോൺഗ്രസിനാണ് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍ ഫലം ഭരണത്തുടര്‍ച്ച പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 86 മുതല്‍ 106 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. ബിജെപി 80 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമെന്നും ഇന്ത്യാ ടുഡേ ഫലം പ്രവചിക്കുന്നു. മറ്റുള്ളവര്‍ 9 മുതല്‍ 18വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

രാജസ്ഥാനില്‍ ബിജെപിക്ക് വലിയ മുന്നേറ്റമാണ് റിപ്പബ്ലിക് ടി വിയുടെ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. രാജസ്ഥാനില്‍ ബിജെപി 115 മുതല്‍ 130 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ബിജെപി 43.7% വോട്ടുകള്‍ നേടും. കോണ്‍ഗ്രസ് 65 മുതല്‍ 75 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 38.7% വോട്ടുകളാണ് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് 12 മുതല്‍ 19 വരെ സീറ്റുകളാണ് റിപ്പബ്ലിക് ടി വി പ്രവചിക്കുന്നത്. മറ്റുള്ളവര്‍ 17.7% വോട്ടാണ് പ്രവചിക്കപ്പെടുന്നത്.

രാജസ്ഥാനില്‍ 45% വോട്ടുകളോടെ 94 മുതല്‍ 114 വരെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് എബിപി സീവോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലപ്രവചനം. കോണ്‍ഗ്രസ് 41%വോട്ടോടെ 71 മുതല്‍ 91 വരെ സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 14% വോട്ടുകള്‍ നേടി 9 മുതല്‍ 19 വരെ സീറ്റുകള്‍ നേടുമെന്നും എബിപി സീവോട്ടര്‍ പ്രവചിക്കുന്നു.

രാജസ്ഥാനില്‍ ആകെയുള്ള അഞ്ച് മേഖലകള്‍ തിരിച്ച് വളരെ വിശദമായ എക്‌സിറ്റ് പോള്‍ ഫല പ്രവചനമാണ് എബിപി സീവോട്ടര്‍ നടത്തിയിരിക്കുന്നത്. ഹഡോട്ടി, ഷെഖാവത്തി, മേവാഡ്, ദൂന്‍ദാഡ്, മാര്‍വാഡ് മേഖലകളെ പ്രത്യേകമായി പരിഗണിച്ചാണ് എബിപി സീവോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

ഹഡോത്തി മേഖലയില്‍ 17 സീറ്റുകളാണ് ഉള്ളത്. ഇവിടെ ബിജെപി 51% വോട്ട് നേടി 11 മുതല്‍ 15 വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് 41% വോട്ട് നേടി 2 മുതല്‍ 6വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 8% വോട്ട് നേടുമെങ്കിലും സീറ്റുകളൊന്നും നേടില്ലെന്നും എബിപി സീവോട്ടര്‍ പ്രവചിക്കുന്നു.

ഷെഖാവത്തി മേഖലയില്‍ 21 സീറ്റുകളാണുള്ളത്. ഇവിടെ ബിജെപി 39% വോട്ടുകള്‍ നേടി 7 മുതല്‍ 11 വരെ സീറ്റുകള്‍ നേടുമെന്നാണ് എബിപി സീ വോട്ടര്‍ പ്രവചനം. കോണ്‍ഗ്രസ് 47% വോട്ടുകള്‍ നേടി 9 മുതല്‍ 13 വരെ സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 14% വോട്ടുകള്‍ 0 മുതല്‍ 2 വരെ സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം.

മേവാഡ് മേഖലയില്‍ 43 സീറ്റുകളാണുള്ളത്. ഇവിടെ ബിജെപി 48% വോട്ടുകളോടെ 23 മുതല്‍ 27 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 36% വോട്ടുകളോടെ 11 മുതല്‍ 15 വരെ സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 16% വോട്ടുകളോടെ 4 മുതല്‍ 6 വരെ സീറ്റുകളും നേടുമെന്ന് എബിപി സീവോട്ടര്‍ പ്രവചിക്കുന്നു.

ദൂന്‍ദാഡ് മേഖലയില്‍ ആകെയുള്ളത് 58 സീറ്റുകളാണ്. ഇവിടെ ബിജെപി 43% വോട്ടുകളോടെ 25 മുതല്‍ 29 വരെ സീറ്റുകള്‍ നേടുമെന്നാണ് എബിപി സീവോട്ടര്‍ പ്രവചനം. കോണ്‍ഗ്രസ് 43% വോട്ടുകളോടെ 26 മുതല്‍ 30 വരെ സീറ്റകള്‍ നേടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 14% വോട്ടുകളോടെ 0 മുതല്‍ 5 വരെ സീറ്റുകള്‍ നേടും.

മാര്‍വാഡ് മേഖലയില്‍ 60 സീറ്റുകളാണ് ഉള്ളത്. ഇവിടെ ബിജെപി 45% വോട്ടുകള്‍ നേടി 28 മുതല്‍ 32 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 41% വോട്ടുകളോടെ 23 മുതല്‍ 27 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 14% വോട്ടുകള്‍ നേടി 4 മുതല്‍ 6 വരെ സീറ്റുകള്‍ നേടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com