മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിയ മേല്‍കൈ പ്രവചിച്ച് ടൈംസ് നൗ; സീറ്റ് നില ഇങ്ങനെ

കടുത്ത മത്സരം പ്രവചിച്ച മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിയ മേല്‍കൈ പ്രവചിക്കുന്നതാണ് എക്‌സിറ്റ് പോള്‍
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിയ മേല്‍കൈ പ്രവചിച്ച് ടൈംസ് നൗ; സീറ്റ് നില ഇങ്ങനെ

ന്യൂഡല്‍ഹി: ഡിസംബര്‍ 3 ന് തിരഞ്ഞെടുപ്പ് ഫലം കാത്ത് നില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഫലം സംബന്ധിച്ച വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 110-124 സീറ്റ് വരേയും ബിജെപി 106 മുതല്‍ 116 സീറ്റില്‍ വരേയും വിജയിക്കുമെന്ന് ടൈംസ് നൗ ഇടിജി എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. കടുത്ത മത്സരം പ്രവചിച്ച മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിയ മേല്‍കൈ പ്രവചിക്കുന്നതാണ് എക്‌സിറ്റ് പോള്‍.

അതിനിടെ താന്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഉമാ ഭാരതി പ്രതികരിച്ചു. മധ്യപ്രദേശില്‍ തന്റെ പാര്‍ട്ടി അധികാരത്തില്‍ തുടരും. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ താന്‍ അത്യധികം ബഹുമാനിക്കുന്നുവെന്നും ഉമാ ഭാരതി പ്രതികരിച്ചു.

ഒരു ചെറിയ കാലയളവൊഴിച്ചാല്‍ രണ്ട് ദശകമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. 230 മണ്ഡലങ്ങളിലേക്കായി നവംബര്‍ 17 നായിരുന്നു വോട്ടെടുപ്പ്. 2018ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 114 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ച് കമല്‍നാഥ് മുഖ്യമന്ത്രിയായെങ്കിലും സര്‍ക്കാര്‍ പതിനഞ്ച് മാസത്തിനരം വീഴുകയായിരുന്നു. ബിജെപി 109 സീറ്റുകളായിരുന്നു നേടിയത്.

കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ഗ്വാളിയാര്‍ രാജകുടുംബാംഗം ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 26 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ പോലും ഞെട്ടിച്ച നീക്കമായിരുന്നു സിന്ധ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അദ്ദേഹത്തെ പിന്തുണച്ച് രാജിവച്ച എംഎല്‍എമാര്‍ ബിജെപിയുടെ പുതിയ സര്‍ക്കാരില്‍ മന്ത്രിമാരായി. 2020 മാര്‍ച്ചില്‍ സിന്ധ്യയുടെ പിന്തുണയോടെ ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com