ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച; സീറ്റ് നില മെച്ചപ്പെടുത്തി ബിജെപി

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച; സീറ്റ് നില മെച്ചപ്പെടുത്തി ബിജെപി

90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നതാണ് വിവിധ സര്‍വ്വേ ഫലങ്ങള്‍

ന്യൂഡല്‍ഹി: ഡിസംബര്‍ മൂന്നിന് നിയമസഭ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന ഛത്തീസ്ഗഢിലെ ഫലം പ്രവചിക്കുന്ന വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നതാണ് വിവിധ സര്‍വ്വേ ഫലങ്ങള്‍.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ 46 സീറ്റ് വേണമെന്നിരിക്കെ ജന്‍ കി ബാത്ത് സര്‍വ്വേ പ്രകാരം കോണ്‍ഗ്രസ് 42-53 സീറ്റ് വരെ സുരക്ഷിതമാക്കുമെന്ന് പ്രവചിക്കുന്നു. ബിജെപി 34-45 സീറ്റ് വരേയും മറ്റുള്ളവര്‍ മൂന്ന് സീറ്റില്‍ വരേയും വിജയിക്കും.

ആക്‌സിസ് മൈ ഇന്ത്യാ എക്‌സിറ്റ് പോള്‍ ഫലവും കോണ്‍ഗ്രസിന് അനുകൂലമാണ്. കോണ്‍ഗ്രസ് 40-50 സീറ്റില്‍ വരേയും ബിജെപി 36-46 സീറ്റില്‍ വരേയും മറ്റുള്ളവര്‍ 1-5 സീറ്റില്‍ വരേയും വിജയിക്കുമെന്നാണ് പ്രവചനം.

സിഎന്‍എക്‌സ് സര്‍വ്വേ പ്രകാരം കോണ്‍ഗ്രസ് 46-56 സീറ്റ് വരേയും ബിജെപി 30-49 സീറ്റ് വരേയും നേടും. മറ്റുള്ളവര്‍ 3-5 സീറ്റില്‍ വരെ വിജയിക്കുമെന്നാണ് സിഎന്‍എക്‌സ് സര്‍വ്വേ.

എബിപി സി വോട്ടര്‍ സര്‍വ്വേ ഫലവും ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 41-53 വരെ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ ബിജെപി 36-48 സീറ്റില്‍ വരെ വിജയിക്കുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 0-4 സീറ്റില്‍ വരെ വിജയിക്കും.

ഇന്ത്യാ ടുഡേ ചാണക്യാ സര്‍വ്വേഫലം കോണ്‍ഗ്രസിന് 57 സീറ്റുകള്‍ പ്രവചിക്കുന്നു. ബിജെപി 33 സീറ്റിലും വിജയിക്കും.

രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു ഛത്തീസ്ഗഢില്‍ വോട്ടെടുപ്പ് നടന്നത്. 20 സീറ്റിലേക്കുള്ള ആദ്യഘട്ടത്തില്‍ നവംബര്‍ 7 നും രണ്ടാംഘട്ടം നവംബര്‍ 17 നുമായിരുന്നു. ഭൂപേഷ് ഭാഗേല്‍ സര്‍ക്കാരിനെതിരായ അഴിമതി ആരോപണം വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപിയെങ്കിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് പ്രതികൂലമാണ്.

2018 ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ കോണ്‍ഗ്രസ് തിരിച്ചെത്തുമ്പോള്‍ 43 ശതമാനം വോട്ട് ലഭിച്ചിരുന്നു. ബിജെപിക്ക് 33 ശതമാനം വോട്ടും ലഭിച്ചു. കോണ്‍ഗ്രസ് 68 സീറ്റിലും ബിജെപി 15 സീറ്റിലുമാണ് വിജയിച്ചത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ കൂടി നേടി 71 സീറ്റുകളോടെ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com