ഇന്ത്യയുടെ ഉരുക്ക് വനിത; ഇന്ദിരാ ഗാന്ധിയുടെ ഓർമ്മകളിൽ രാജ്യം

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന സുവര്‍ണ ക്ഷേത്രത്തിലെ നടപടികള്‍ സിഖ് വികാരങ്ങള്‍ വ്രണപ്പെടുത്തിയപ്പോള്‍ ഇടം വലം കാവലാവേണ്ടവര്‍ തന്നെ ഇന്ദിരയുടെ ജീവനെടുക്കുകയായിരുന്നു
ഇന്ത്യയുടെ ഉരുക്ക് വനിത; ഇന്ദിരാ ഗാന്ധിയുടെ ഓർമ്മകളിൽ രാജ്യം

ഇന്ത്യയുടെ ഉരുക്ക് വനിത, ഇന്ദിരാഗാന്ധിയുടെ 39-ാം ചരമവാര്‍ഷികമാണിന്ന്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന സുവര്‍ണ ക്ഷേത്രത്തിലെ നടപടികള്‍ സിഖ് വികാരങ്ങള്‍ വ്രണപ്പെടുത്തിയപ്പോള്‍ ഇടം വലം കാവലാവേണ്ടവര്‍ തന്നെ ഇന്ദിരയുടെ ജീവനെടുക്കുകയായിരുന്നു...

1984 ഒക്ടോബര്‍ 31 എന്നത്തേയും പോലെ തിരക്കുളള ദിവസമായിരുന്നു ഇന്ദിരക്ക്. വിദേശമാധ്യമപ്രവര്‍ത്തകന് അഭിമുഖം നൽകാമെന്ന് ഇന്ദിര ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കാന്‍ അവര്‍ക്കായില്ല, അംഗരക്ഷകരായ സത് വന്ത് സിങ്ങിന്‍റെയും ബിയാന്ത് സിങ്ങിന്‍റെയും തോക്കില്‍ നിന്നുതിര്‍ത്ത വെടിയുണ്ടകള്‍ ഇന്ദിരാ യുഗത്തിന് അന്ത്യം കുറിച്ചു.

ഉറച്ച തീരുമാനങ്ങളെടുക്കാനും അത് നടപ്പാക്കാനുമുള്ള ഇച്ഛാശക്തിയായിരുന്നു ഇന്ദിരയുടെ സവിശേഷത. രാജ്യം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയിലേക്കുളള ഇന്ദിരയുടെ വഴികള്‍ എളുപ്പമുള്ളതായിരുന്നില്ല. നിരവധി വിമര്‍ശനങ്ങളും ആക്ഷേപങ്ങളും നേരിട്ടെങ്കിലും അതൊന്നും അവരെ തളര്‍ത്തിയില്ല. 74 ആയപ്പോഴേക്കും പാര്‍ട്ടിയിലും ഭരണത്തിലും അവസാന വാക്കായി മാറി ഇന്ദിര.

എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് മേല്‍ ഇരുട്ട് വീഴ്ത്തിയ അടിയന്തരാവസ്ഥക്ക് ശേഷം ജനങ്ങള്‍ ഇന്ദിരയെ കൈവിട്ടു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. 80 ല്‍ വീണ്ടും ഭരണത്തിലേക്ക് തിരിച്ചെത്തി.

അടിയന്തരാവസ്ഥ കരിനിഴല്‍ വീഴ്ത്തിയെങ്കിലും, ദാരിദ്ര്യനിര്‍മ്മാര്‍ജനം, ഭക്ഷ്യധാന്യം ലഭിക്കാന്‍ അമേരിക്കയുമായുണ്ടാക്കിയ കരാര്‍, രൂപയുടെ മൂല്യശോഷണം തടയാനുള്ള നടപടികള്‍ , ബാങ്കുകളുടെയും മറ്റ് പല വ്യാവസായിക മേഖലകളുടെയും ദേശസാത്കരണം, ഷിംല കരാര്‍, പൊക്രാനിലെ അണുബോംബ് പരീക്ഷണം, ഹരിതവിപ്ലവം, ധവളവിപ്ലവം, ഭാഷാ നയം, പ്രിവിപഴ്സ് നിര്‍ത്തലാക്കല്‍ തുടങ്ങി ഇന്ദിരയുടെ ഭരണനേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്.

ഇന്ത്യയുടെ സങ്കലനസംസ്‌കാരത്തിലും മതേതരത്വത്തിലുമുള്ള വിശ്വാസം അവര്‍ എപ്പോഴും മുറുകെപ്പിടിച്ചിരുന്നു. മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തതും ഇന്ദിരാഗാന്ധിയാണ്.

ജീവിതം മുഴുവന്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുംവേണ്ടി നിലകൊള്ളും എന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഇന്ദിരാഗാന്ധി ഒടുവില്‍ രക്തസാക്ഷിയായതും ദേശസുരക്ഷയോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പേരില്‍ത്തന്നെയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com