'ഞങ്ങൾ അം​ഗീകരിക്കുന്നു'; ഇസ്രയേൽ-ഹമാസ് യുദ്ധം ചർച്ച ചെയ്ത് മോദിയും എൽ-സിസിയും

'തീവ്രവാദം, അക്രമം, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഞങ്ങൾ പങ്കിടുന്നു'
'ഞങ്ങൾ അം​ഗീകരിക്കുന്നു'; ഇസ്രയേൽ-ഹമാസ് യുദ്ധം ചർച്ച ചെയ്ത് മോദിയും എൽ-സിസിയും

ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യു​ദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സംഘർഷവും സുരക്ഷാ പ്രശ്നങ്ങളും മാനുഷിക സാഹചര്യവും ഇരുനേതാക്കളും ചർച്ച ചെയ്തു. ഇസ്രായേൽ-ഹമാസ് യുദ്ധം മൂലം പ്രദേശത്ത് തീവ്രവാദം, അക്രമം, സാധാരണക്കാരുടെ മരണങ്ങൾ എന്നിവ വർദ്ധിക്കുന്നതിൽ ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. ഫോണിലൂടെയായിരുന്നു ഇരുനേതാക്കളുടേയും ചർച്ച.

അടിയന്തരമായി സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും സംഘർഷം ബാധിച്ചവർക്ക് മാനുഷികമായ സഹായങ്ങളും മറ്റും എത്തിക്കേണ്ടതിന്‍റെ ആവശ്യകതയും ഇരുനേതാക്കളും അംഗീകരിച്ചു. 'ശനിയാഴ്ച പ്രസിഡന്റ് എൽ-സിസിയുമായി സംസാരിച്ചു. പശ്ചിമേഷ്യയിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷയെയും മാനുഷിക സാഹചര്യത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ പരസ്പരം കൈമാറി. തീവ്രവാദം, അക്രമം, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഞങ്ങൾ പങ്കിടുന്നു. സമാധാനവും സ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ ഞങ്ങൾ അംഗീകരിക്കുന്നു,' എന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.

ഗാസ മുനമ്പിലെ ഇസ്രായേൽ സൈനിക നടപടികളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുനേതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചതായി ഈജിപ്ഷ്യൻ പ്രസിഡൻസി വക്താവ് പറഞ്ഞു. അതേസമയം ​ഗാസയിൽ ത്രിതല യുദ്ധത്തിന് ഇസ്രയേൽ തുടക്കം കുറിച്ചിട്ടുണ്ട്. മരണസംഖ്യ 8,000 കടന്നതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. ശനിയാഴ്ച്ച രാത്രി ഗാസയില്‍ പലയിടങ്ങളിലായി സ്‌ഫോടനം ഉണ്ടായി. ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം നിലച്ചിരിക്കുന്ന ഗാസയില്‍ കടന്ന സേന പിന്‍വാങ്ങിയിട്ടില്ലെന്ന് ഇസ്രേയേല്‍ വ്യക്തമാക്കി. വടക്കന്‍ ഗാസയിലെ ഹമാസിന്റെ 150 ഭൂഗര്‍ഭ സ്ഥാപനങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു.

അതിനിടെ ഹമാസുമായുള്ള ഇസ്രയേല്‍ യുദ്ധം രണ്ടാംഘട്ടത്തിലേക്ക് കടന്നതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധത്തിന് മൂന്ന് ഘട്ടങ്ങളുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പാര്‍ലമെന്റ് കമ്മിറ്റിയിലും പറഞ്ഞിരുന്നു. വടക്കന്‍ ഗാസയിലുള്ളവരോട് താല്‍ക്കാലികമായി തെക്ക് ഭാഗത്തേക്ക് മാറുന്നത് ആവശ്യപ്പെട്ട് കൊണ്ട് ഇസ്രായേല്‍ പ്രതിരോധ സേന അടിയന്തര സന്ദേശം പുറത്തിറക്കി. എത്രയും വേഗം തെക്ക് ഭാഗങ്ങളിലേക്ക് പോകണമെന്നും ഇത് വെറുമൊരു മുന്‍കരുതലല്ല, മറിച്ച് അടിയന്തരമായ അഭ്യര്‍ത്ഥനയാണെന്നും ഇസ്രയേലി വക്താവ് വീഡിയോ മുഖാന്തരം അറിയിച്ചു. ആക്രമണത്തിന്റെ തീവ്രത കുറയുന്ന പക്ഷം തിരികെയെത്താമെന്നും വക്താവ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com