'യുക്രൈൻ യുദ്ധം അവസാനിപ്പിക്കണം'; ജി20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന

ഇന്ത്യയുടെ ശക്തമായ സമ്മർദത്തിനൊടുവിലാണ് സംയുക്ത പ്രസ്താവനയിൽ സമവായം ഉണ്ടാക്കിയത്
'യുക്രൈൻ യുദ്ധം അവസാനിപ്പിക്കണം'; ജി20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന

ഡൽഹി: യുക്രൈൻ യുദ്ധം അവസാനിപ്പിക്കണം എന്ന് ജി 20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ലെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയുടെ ശക്തമായ സമ്മർദത്തിനൊടുവിലാണ് സംയുക്ത പ്രസ്താവനയിൽ സമവായം ഉണ്ടാക്കിയത്.

യുക്രൈൻ യുദ്ധത്തിൽ ജി 20 ഉച്ചകോടി എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ലോകം ഉറ്റുനോക്കിയിരുന്നത്. യുക്രൈൻ വിഷയത്തിൽ യുഎൻ ചാർട്ടർ പ്രകാരം പരിഹാരമുണ്ടാക്കണം എന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. ഒരു രാജ്യത്തേക്കും കടന്നു കയറ്റം പാടില്ല. യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നുണ്ട്. ഭക്ഷ്യ- ഊർജ സുരക്ഷയെ കരുതി സൈനിക നീക്കം പാടില്ല എന്നിങ്ങനെയാണ് പ്രസ്താവനയിൽ പറയുന്നത്.

നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് ജി 20 സംയുക്ത പ്രസ്താ വനയിൽ സമവായം ഉണ്ടാക്കിയത്. സംയുക്ത പ്രസ്താവനയുടെ കരടിൽ യുക്രൈൻ വിഷയം പ്രതിപാദിച്ചിരുന്നില്ല. ഇന്ത്യയുടെ സമ്മർദത്തിനൊപ്പം ബ്രസീൽ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങൾ സമവായ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ചു. സുസ്ഥിര വികസനത്തിന് ഊന്നൽ നൽകുന്നതാണ് സംയുക്ത പ്രസ്താവന. 2030 ഓടെ ഡിജിറ്റൽ ലിംഗ അസമത്വം പകുതിയാക്കുമെന്നും വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കുമെന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു.

സെപ്റ്റംബർ 9, 10 ദിവസങ്ങളിലായാണ് ജി 20 ഉച്ചകോടി നടക്കുന്നത്. ഇന്ത്യയാണ് ഇത്തവണ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്തോണി അൽബനീസ് എന്നിവരടക്കം രാഷ്ട്ര തലവൻമാ‍ർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമി‍ർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ജി 20യിൽ പങ്കെടുക്കുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com