'രാവണനും കംസനും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല, സനാതന ധർമ്മമാണ് സത്യം';ഉദയനിധിക്കെതിരെ യോ​ഗി ആദിത്യനാഥ്

'ഓരോ കാലഘട്ടത്തിലും സത്യത്തെ കള്ളമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്, ഹിരണ്യകശ്യപ് ദൈവത്തെയും സനാതന ധർമ്മത്തെയും അപമാനിക്കാൻ ശ്രമിച്ചില്ലേ?'
'രാവണനും കംസനും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല, സനാതന ധർമ്മമാണ് സത്യം';ഉദയനിധിക്കെതിരെ യോ​ഗി ആദിത്യനാഥ്

ലഖ്നൗ: തമിഴ്നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സനാതന ധർമ്മത്തിനെതിെര മുൻ കാലങ്ങളിൽ നടന്നിട്ടുളള അക്രമങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. രാവണന്റെ അഹങ്കാരത്തിനോ കംസന്റെ ​ഗർജ്ജനത്തിനോ സനാതന ധർമ്മത്തെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. ബാബറിന്റെയും ഔറംഗസേബിന്റെയും ക്രൂരതകൾക്ക് സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. അധികാരമോഹികളുടെ ശ്രമം കൊണ്ട് സനാതന ധർമ്മം ഇല്ലാതാക്കാൻ സാധിക്കുമോ എന്നും സാമൂഹിക മാധ്യമമായ എക്സിലൂടെ യോ​ഗി ആദിത്യനാഥ് ചോദിച്ചു.

സനാതന ധർമ്മത്തിന് നേരെ വിരൽ ചൂണ്ടുന്നത് മനുഷ്യരാശിയെ കുഴപ്പത്തിലാക്കാനുള്ള ദുരുദ്ദേശ്യപരമായ ശ്രമത്തിന് തുല്യമാണെന്നും യോ​ഗി ആദിത്യനാഥ് ഉദയനിധി സ്റ്റാലിന്റെ പേര് പരാമർശിക്കാതെ പറഞ്ഞു. ദൈവത്തെ നശിപ്പിക്കാൻ ശ്രമിച്ചവരെല്ലാം സ്വയം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 500 വർഷം മുമ്പ് സനാതന ധർമ്മം അപമാനിക്കപ്പെട്ടു. ഇന്ന് അയോധ്യയിൽ രാമക്ഷേത്രം പണിയുകയാണ്. പ്രതിപക്ഷം നിസാര രാഷ്ട്രീയം നടത്താനും ഇന്ത്യയുടെ പുരോഗതിയെ തടസ്സപ്പെടുത്താനും ശ്രമിക്കുന്നു. പക്ഷേ അത് നടക്കില്ലെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

"ഓരോ കാലഘട്ടത്തിലും സത്യത്തെ കള്ളമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. രാവണൻ നുണ പറയാൻ ശ്രമിച്ചില്ലേ? അതിനുമുമ്പ് ഹിരണ്യകശ്യപ് ദൈവത്തെയും സനാതന ധർമ്മത്തെയും അപമാനിക്കാൻ ശ്രമിച്ചില്ലേ? കംസൻ ദൈവിക അധികാരത്തെ വെല്ലുവിളിച്ചില്ലേ? പക്ഷേ, അവരുടെ ദുരുദ്ദേശ്യപരമായ ശ്രമങ്ങളിൽ അവയെല്ലാം നശിപ്പിക്കപ്പെട്ടു. സനാതന ധർമ്മമാണ് ശാശ്വതസത്യം എന്നത് മറക്കരുത്. അതിനെ ദ്രോഹിക്കാൻ കഴിയില്ല."-യോ​ഗി ആദിത്യനാഥ് പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളെ പരിഹസിച്ച യോ​ഗി ആദിത്യനാഥ് അവരുടെ ദുഷ്പ്രവൃത്തികൾ കാരണം അവരുടെ ഭാവി തലമുറ തീർത്തും ലജ്ജയോടെ ജീവിക്കുമെന്നും വിമർശിച്ചു. ഇന്ത്യയുടെ പാരമ്പര്യത്തിൽ ഒരാൾ അഭിമാനിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സനാതനധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. 'ചില കാര്യങ്ങളെ എതിര്‍ക്കാന്‍ കഴിയില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. അതുപോലെ സനാതന ധര്‍മ്മത്തെയും ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്.' എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. സനാതന ധര്‍മ്മം എന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നാണ് വന്നത്. ഇത് സമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു.

ഉദയനിധി സ്റ്റാലിനും കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ​ഖാർ​ഗെയ്ക്കുമെതിരെയും കേസ് എടുത്തിരുന്നു. ഉത്തർപ്രദേശിലെ റാംപൂർ പൊലീസ് ആണ് കേസെടുത്തത്. ഉദയനിധി സ്റ്റാലിനെതിരെ സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ എന്നയാൾ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകന്റെ പരാമർശത്തിൽ പിന്തുണയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രം​ഗത്തെത്തിയിരുന്നു.

'സ്ത്രീകള്‍ ജോലി ചെയ്യരുത്, വിധവകളായ സ്ത്രീകള്‍ പുനര്‍വിവാഹം ചെയ്യരുത്, പുനര്‍വിവാഹത്തിന് ആചാരങ്ങളോ മന്ത്രോച്ചാരണങ്ങളോ ഇല്ലെന്ന് വാദിക്കുന്ന ചില വ്യക്തികള്‍ ഇപ്പോഴും സ്ത്രീകളെ ആത്മീയ വേദികളില്‍ അപമാനിക്കുന്നു. മനുഷ്യരാശിയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെ അടിച്ചമര്‍ത്താന്‍ അവര്‍ 'സനാതന' എന്ന പദം ഉപയോഗിക്കുന്നു. അത്തരം അടിച്ചമര്‍ത്തല്‍ ആശയങ്ങള്‍ക്കെതിരെയാണ് ഉദയനിധി ശബ്ദമുയര്‍ത്തിയത്, ആ ആശയങ്ങളില്‍ അധിഷ്ഠിതമായ ആചാരങ്ങള്‍ ഉന്മൂലനം ചെയ്യാനാണ് ആഹ്വാനം ചെയ്തത്'; ഉദയനിധിയുടെ പ്രസ്താവനയില്‍ എംകെ സ്റ്റാലിന്‍ വ്യക്തത വരുത്തി.

ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് പത്തു കോടി രൂപ പാരിതോഷികം നല്‍കുമെന്ന അയോധ്യയിലെ സന്യാസി പരമഹംസ് ആചാര്യയുടെ പ്രഖ്യാപനത്തോടും എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. 'ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ എന്തെങ്കിലും നടപടിയെടുത്തോ? പകരം ഉദയനിധിക്കെതിരെ കേസുകള്‍ കൊടുത്തു. ഈ സാഹചര്യത്തില്‍ ഉദയനിധിയുടെ പരാമര്‍ശങ്ങള്‍ക്ക് ഉചിതമായ പ്രതികരണം വേണമെന്ന് തന്റെ മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചത് മാധ്യമങ്ങളില്‍ നിന്ന് കേള്‍ക്കുന്നത് നിരാശാജനകമാണ്'; എം കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com