'രാജ്യത്തെ പൊതുസാഹചര്യം ചർച്ച ചെയ്യണം'; 'ഇൻഡ്യ' മുന്നണി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയക്കും

അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം, അദാനി വിഷയം അടക്കം ചർച്ച ചെയ്യണമെന്നാണ് ആവശ്യം
'രാജ്യത്തെ പൊതുസാഹചര്യം ചർച്ച ചെയ്യണം'; 'ഇൻഡ്യ' മുന്നണി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയക്കും

ന്യൂഡൽഹി: രാജ്യത്തെ പൊതുസാഹചര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യം ഇൻഡ്യ മുന്നണി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കും. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം, അദാനി വിഷയം അടക്കം ചർച്ച ചെയ്യണമെന്നാണ് ആവശ്യം. ഇൻഡ്യ സഖ്യത്തിന് വേണ്ടി സോണിയ ഗാന്ധിയാണ് കത്ത് അയക്കുക.

പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് ശേഷം മതി സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് നിർണായക ചർച്ച എന്നാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം. അജണ്ട പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിൽ പ്രതിപക്ഷം കൂടുതൽ സമ്മർദ്ദം ചെലുത്തും. അതേസമയം, ഇന്ത്യ എന്ന പേരുമാറ്റി ഭാരതം ആക്കൽ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വനിത സംവരണ ബിൽ അടക്കം പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം.

പ്രതിപക്ഷ ഐക്യത്തിന്റെയും ഇന്‍ഡ്യ എന്ന നാമം സ്വീകരിച്ചതിന്റെയും ഭാഗമായുള്ള നാടകീയ നീക്കമാണ് ഭാരത് പ്രയോഗം എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. 18 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഭരണഘടനയിൽ നിന്നും ഇന്ത്യ എന്ന പേര് മാറ്റാനുള്ള പ്രമേയം കേന്ദ്രം അവതരിപ്പിച്ചേക്കും എന്ന സൂചനകൾക്കിടയിലാണ് ഭാരത് എന്ന് ഉൾപ്പെടുത്തിയുള്ള ഔദ്യോഗിക രേഖകൾ കേന്ദ്രം പുറത്തിറക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻഡോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട കുറിപ്പിൽ ഭാരത് പ്രയോഗം നടത്തി. പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ഏഴിന് നടക്കാനിരിക്കുന്ന 20-ാമത് ആസിയാൻ - ഇന്ത്യ ഉച്ചകോടിക്കുള്ള സന്ദർശനത്തിന്റെ ഭാഗമായുള്ള കുറിപ്പിലാണ് ഭാരത് എന്ന് ഉൾപ്പെടുത്തിയിരിക്കുന്നത്. ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴ വിരുന്നിന് രാഷ്ട്രപതി ഭവൻ നൽകിയ ക്ഷണത്തിൽ പ്രസിഡണ്ട് ഓഫ് ഭാരത് എന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസും മാറ്റം വരുത്തിയുള്ള കുറിപ്പ് പുറത്തിറക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com