മണിപ്പൂർ കലാപം; സിബിഐ ഏറ്റെടുത്ത കേസുകളിലെ കോടതി നടപടികള്‍ അസമില്‍ നടത്താന്‍ സുപ്രീം കോടതി ഉത്തരവ്

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഏറ്റെടുത്ത 11 കേസുകളില്‍ കോടതി നടപടികള്‍ ഇതോടെ അസമിലെ നിശ്ചയിക്കപ്പെടുന്ന കോടതികള്‍ നടക്കും
മണിപ്പൂർ കലാപം; സിബിഐ ഏറ്റെടുത്ത കേസുകളിലെ കോടതി നടപടികള്‍ അസമില്‍ നടത്താന്‍ സുപ്രീം കോടതി ഉത്തരവ്

ഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ സിബിഐ ഏറ്റെടുത്ത കേസുകളിലെ കോടതി നടപടികള്‍ അസമില്‍ നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഏറ്റെടുത്ത 11 കേസുകളില്‍ കോടതി നടപടികള്‍ ഇതോടെ അസമിലെ നിശ്ചയിക്കപ്പെടുന്ന കോടതികള്‍ നടക്കും.

കേസിലെ അതിജീവിതമാര്‍ക്കും സാക്ഷികള്‍ക്കുമെല്ലാം നീതിപൂര്‍വ്വകമായി മൊഴി രേഖപ്പെടുത്താനും ഇതോടെ അവസരം തെളിയുകയാണ്. ഇവരുടെ സാക്ഷി മൊഴികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്താനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. കലാപത്തില്‍ ഇരയായവര്‍ക്ക് നീതി ഉറപ്പാക്കാനാണ് തീരുമാനമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വീഡിയോ കോണ്‍ഫറന്‍സിന് ആവശ്യമായ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടയില്‍ ഉറപ്പ് നല്‍കി. അസമില്‍ നേരിട്ട് പോയി മൊഴി നല്‍കാന്‍ ഈ വിധി ഒരുതരത്തിലും തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അസമില്‍ വിചാരണക്കായി പോകാന്‍ കലാപത്തിലെ ഇരകള്‍ക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ട് മുതിര്‍ന്ന അഭിഭാഷകരായ കോളിന്‍ ഗോണ്‍സാല്‍വസും വൃന്ദ ഗ്രോവറും ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണയില്‍ പങ്കെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ഉത്തരവിറക്കിയത്.

ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോ സെഷന്‍സ് ജഡ്ജ് പദവിക്കോ മുകളിലുള്ള ഒന്നോ അതില്‍ അതിലധിമോ ഉദ്യോഗസ്ഥരെ കേസിന്റെ വിചാരണക്കായി ജുഡീഷ്യന്‍ ഉദ്യോഗസ്ഥരായി നിയമിക്കാനാണ് സുപ്രീം കോടതി ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിചാരണ നടത്താന്‍ നിയോഗിക്കുന്ന കോടതികളിലേക്കുള്ള ദൂരവും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് പ്രതിയെ ഹാജരാക്കുന്നതിനും റിമാന്‍ഡ്, ജുഡീഷ്യല്‍ കസ്റ്റഡി, കസ്റ്റഡി നീട്ടല്‍, മറ്റ് നടപടിക്രമങ്ങള്‍ എന്നിവയ്ക്കായുള്ള എല്ലാ അപേക്ഷകളും ഓണ്‍ലൈനായി നടത്താനും സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. മണിപ്പൂരില്‍ ജുഡീഷ്യല്‍ കസ്റ്റഡിക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

മണിപ്പൂരിലെ ഒരു പ്രാദേശിക മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ക്രിമിനല്‍ നടപടി ചട്ടത്തിന്റെ (സിആര്‍പിസി) സെക്ഷന്‍ 164 പ്രകാരം സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ അനുമതിയുണ്ട്. മണിപ്പൂര്‍ ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഇതിനായി ഒന്നോ അതിലധികമോ മജിസ്ട്രേറ്റുകളെ നിയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മണിപ്പൂരിലെ നിശ്ചയിക്കപ്പെട്ട മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡ് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താനും സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. അറസ്റ്റ് വാറണ്ടിനും സെര്‍ച്ച് വാറണ്ടിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും പരമോന്നത കോടതിയുടെ അനുമതിയുണ്ട്.

ക്രിമിനല്‍ വിചാരണ കൈകാര്യം ചെയ്യാന്‍ മണിപ്പൂരി സംസാരിക്കുന്ന ഒന്നോ അതിലധികമോ ഭാഷകള്‍ അറിയാവുന്ന ജഡ്ജിമാരെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നാമനിര്‍ദ്ദേശം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശങ്ങളെല്ലാം നേരിട്ട് ഗുവാഹത്തിയില്‍ ഹാജരാകാന്‍ തയ്യാറുള്ളവര്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മണിപ്പൂരിലെ ആക്രമണവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. ഒരു കൂട്ടം പുരുഷന്മാര്‍ ബലാത്സംഗം ചെയ്യുകയും നഗ്‌നരാക്കി പരേഡ് നടത്തിക്കുകയും ചെയ്ത കേസിലെ ഇരകളായ കുക്കി-സോമി വിഭാഗത്തില്‍ നിന്നുള്ള രണ്ട് സ്ത്രീകളുടെ ഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. മണിപ്പൂര്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ ജമ്മു കാശ്മീര്‍ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി ഇതിനകം കലാപവുമായി ബന്ധപ്പെട്ട കണ്ടെത്തല്‍ സംബന്ധിച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇരകള്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

നേരത്തെ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുക്കി-സോമി വിഭാഗത്തിലെ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നഗ്‌നരാക്കി പരേഡ് നടത്തിക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് സുപ്രീം കോടതിയും സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ സംഭവത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട് യുവതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

മണിപ്പൂരിലെ ക്രമസമാധാന നില പ്രകടമായി തകര്‍ന്നതില്‍ ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെയും മണിപ്പൂര്‍ പൊലീസിനെയും ശാസിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com