രാജ്യത്തെ ആദ്യത്തെ ബിജെപി പ്രധാനമന്ത്രി വാജ്‌പെയ് അല്ല നരസിംഹറാവു; മണിശങ്കര്‍ അയ്യര്‍

ആത്മകഥയായ 'മെമയേഴ്‌സ് ഓഫ് മാവറിക്' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രതികരണം
രാജ്യത്തെ ആദ്യത്തെ ബിജെപി പ്രധാനമന്ത്രി വാജ്‌പെയ് അല്ല നരസിംഹറാവു; മണിശങ്കര്‍ അയ്യര്‍

ന്യൂഡൽഹി: മുന്‍പ്രധാനമന്ത്രി നരസിംഹ റാവുവിനെ വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. രാജ്യത്തെ ആദ്യത്തെ ബിജെപി പ്രധാനമന്ത്രി വാജ്‌പെയ് അല്ല നരസിംഹ റാവു ആണെന്നായിരുന്നു മണി ശങ്കര്‍ അയ്യരുടെ വിമര്‍ശനം. തന്റെ ആത്മകഥയായ 'മെമയേഴ്‌സ് ഓഫ് മാവറിക്' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു മണി ശങ്കര്‍ അയ്യരുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകന്‍ വീര്‍ സാങ്‌വിയുമായി നടത്തിയ സംവാദത്തിലായിരുന്നു മണി ശങ്കര്‍ അയ്യരുടെ വിമര്‍ശനം.

രാം റഹിം യാത്രയുടെ സമയത്ത് നരംസിംഹ റാവുവുമായി നടത്തിയ സംഭാഷണം ഓര്‍മ്മിച്ചായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം. യാത്രയോട് എതിര്‍പ്പില്ലെന്ന് അറിയിച്ച നരംസിംഹ റാവു മതേതരത്വം സംബന്ധിച്ച തന്റെ നിര്‍വ്വചനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നും മണി ശങ്കര്‍ അയ്യര്‍ അനുസ്മരിച്ചു. 'ഇതൊരു ഹിന്ദുരാജ്യമാണെന്ന് താങ്കള്‍ മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു' എന്നായിരുന്നു നരസിംഹ റാവുവിൻ്റെ നിലപാടെന്നും മണി ശങ്കർ അയ്യർ ഓർമ്മിച്ചു.

സോണിയാ ഗാന്ധിയെ പ്രകീര്‍ത്തിച്ച മണിശങ്കര്‍ അയ്യര്‍ താന്‍ ഒരിക്കലും രാജീവ് ഗാന്ധിയുടെ വിശ്വസ്തനായ അനുയായി ആയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധിയുടെ മരണശേഷം രാഷ്ട്രീയത്തില്‍ തുടരാന്‍ പിന്തുണച്ചത് സോണിയ ഗാന്ധിയാണെന്നായിരുന്നു മണി ശങ്കര്‍ അയ്യരുടെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി സഹമന്ത്രിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ സോണിയയാണ് കാബിനറ്റ് മന്ത്രിയാക്കിയ സംഭവമാണ് മണി ശങ്കര്‍ അയ്യര്‍ അനുസ്മരിച്ചത്.

രാജീവ് ഭരണകാലത്തെ വിവാദവിഷയങ്ങളായ ബൊഫോഴ്‌സ്, ഷഹ്ബാനു കേസുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു രാജീവ് ഗാന്ധിയെ അനുസ്മരിച്ച് മണി ശങ്കര്‍ അയ്യര്‍ മറുപടി പറഞ്ഞത്. ഒരു നല്ല മനുഷ്യനായതിനാലാണ് രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ സാധിക്കാതിരുന്നതെന്നായിരുന്നു മണി ശങ്കര്‍ അയ്യരുടെ അഭിപ്രായം. വിപി സിങിനെപ്പോലെ കൗശലക്കാരനോ, ആരിഫ് മുഹമ്മദ് ഖാനെപ്പോലെ ആടിക്കളിക്കുന്ന വ്യക്തിയോ ആയിരുന്നില്ല രാജീവ് ഗാന്ധിയെന്നും മണി ശങ്കര്‍ അയ്യര്‍ അനുസ്മരിച്ചു. രാജീവ് കാലത്ത് വിവാദമായ ബാബറി മസ്ജിദിലെ ശിലാന്യാസത്തെയും മണി ശങ്കര്‍ അയ്യര്‍ വിമര്‍ശിച്ചു. ശിലാന്യാസം തെറ്റായിരുന്നെന്നായിരുന്നു വിമര്‍ശനം. ആര്‍ കെ ധവാനെപ്പോലെ പ്രശ്‌നക്കാരനായ ഒരാളെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ രാജീവ് ഗാന്ധി നിയമിച്ചത് ഗുരുതര തെറ്റായിപ്പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നരേന്ദ്രമോദിക്കെതിരെയും മണി ശങ്കര്‍ അയ്യര്‍ വിമര്‍ശനം ഉന്നയിച്ചു. മോദിയുടെ മുന്‍ഗാമികളെല്ലാം പാകിസ്താനുമായി ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. പാകിസ്താനെതിരെ മിന്നലാക്രമണം നടത്താന്‍ ധൈര്യം കാണിക്കുമെങ്കിലും അവരുമായി ഒരു ചര്‍ച്ചയ്ക്ക് മോദി തയ്യാറാകുന്നില്ലെന്ന് മണി ശങ്കര്‍ അയ്യര്‍ കുറ്റപ്പെടുത്തി. പാകിസ്താനിലെ ജനങ്ങള്‍ ഇന്ത്യയെ ശത്രരാജ്യമായി കാണുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച മണി ശങ്കര്‍ അയ്യര്‍, മന്‍മോഹന്‍ സിങ്ങ് പാകിസ്താനുമായി ചര്‍ച്ചനടത്തിയതും ധാരണയ്ക്ക് ശ്രമിച്ചതും അനുസ്മരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com