അന്തരിച്ച സിപിഐഎം എംഎല്‍എയുടെ മകന്‍ സ്ഥാനാര്‍ത്ഥി;പുതുപ്പള്ളിയോടൊപ്പം ബോക്‌സാനഗറിലും തിരഞ്ഞെടുപ്പ്

സിപിഐഎമ്മിനും കോണ്‍ഗ്രസിനും ടിപ്ര മോത്തക്കും ഒറ്റ സ്ഥാനാര്‍ത്ഥി
അന്തരിച്ച സിപിഐഎം എംഎല്‍എയുടെ മകന്‍ സ്ഥാനാര്‍ത്ഥി;പുതുപ്പള്ളിയോടൊപ്പം ബോക്‌സാനഗറിലും തിരഞ്ഞെടുപ്പ്

അഗര്‍ത്തല: ത്രിപുര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ധന്‍പുര്‍, ബോക്‌സാനഗര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സിപിഐഎം. ധന്‍പൂരില്‍ കൗശിക് ചന്ദയും ബോക്‌സാനഗറില്‍ മിസന്‍ ഹുസൈനും മത്സരിക്കും. എംഎല്‍എയായിരുന്ന സിപിഐഎം നേതാവ് സംസുല്‍ ഹഖ് അന്തരിച്ചതോടെയാണ് ബോക്‌സാനഗറില്‍ ഉപതിരഞ്ഞെടുപ്പിലേക്ക് നടക്കുന്നത്. അദ്ദേഹത്തിന്റെ മകനെ തന്നെയാണ് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിയായ പ്രതിമ ഭൗമിക്കാണ് ധന്‍പൂരില്‍ വിജയിച്ചത്. പ്രതിമയുടെ ലോക്സഭാംഗത്വം നിലനിര്‍ത്താന്‍ ബിജെപി തീരുമാനിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ നാല് തവണ വിജയിച്ച മണ്ഡലമാണ് ധന്‍പൂര്‍. മണിക് സര്‍ക്കാര്‍ കഴിഞ്ഞ തവണ മത്സര രംഗത്തുണ്ടായിരുന്നില്ല. പകരമിറക്കിയ യുവനേതാവ് പ്രതിമ ഭൗമിക്കിനോട് പരാജയപ്പെടുകയായിരുന്നു.

ഭരണ കക്ഷിയായ ബിജെപിക്കെതിരെ സിപിഐഎമ്മിനും കോണ്‍ഗ്രസിനും ടിപ്ര മോത്തക്കും ഒറ്റ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഐഎം, കോണ്‍ഗ്രസ്, ടിപ്ര മോത്ത എന്നീ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് ഐക്യ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ആശിഷ് സാഹ, പ്രതിപക്ഷ നേതാവും ടിപ്ര മോത്ത മുതിര്‍ന്ന നേതാവുമായ അനിമേഷ് ദേബര്‍മ്മ, സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഏക സ്ഥാനാര്‍ത്ഥി എന്ന തീരുമാനത്തിലേക്ക് എത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com