'ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഉടൻ മാറും'; ബ്രിക്സിൽ നരേന്ദ്ര മോദി

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി
'ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഉടൻ മാറും'; 
ബ്രിക്സിൽ നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യ വൈകാതെ 5 ട്രില്ല്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. താമസിയാതെ, ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്നും മോദി പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ബ്രിക്സ് ബിസിനസ് ഫോറം ലീഡേഴ്സ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ പുരോഗതിയുടെ എഞ്ചിനായി ഇന്ത്യ മാറുമെന്നും മോദി പറഞ്ഞു. മഹാമാരി കാലം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള അവസരമാക്കി ഇന്ത്യ മാറ്റി. ത്വരിതഗതിയിലുള്ള പരിഷ്‌കാരങ്ങളാല്‍ ഇന്ത്യയില്‍ ബിസിനസ് മെച്ചപ്പെട്ടെന്നും മോദി പറഞ്ഞു.

ജിഎസ്ടി നടപ്പാക്കി നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. സ്വകാര്യകമ്പനികള്‍ക്കായി പ്രതിരോധ, ബഹിരാകാശ മേഖലകള്‍ സര്‍ക്കാര്‍ തുറന്നുകൊടുത്തു. മെച്ചപ്പെട്ട ഭരണ സംവിധാനം ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും മോദി പറഞ്ഞു.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്ലാ വിഭാഗങ്ങള്‍ക്കും സേവനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഗ്രാമീണ മേഖലയിലെ സ്ത്രീകളാണ്. ഒരൊറ്റ ക്ലിക്കിലൂടെ, ഇന്ത്യയിലെ കോടിക്കണക്കിന് ആളുകള്‍ നേരിട്ട് തന്നെ ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായി. മൊത്തം 360 ബില്യണ്‍ ഡോളറിലധികം ആളുകള്‍ക്ക് ഇത് ലഭിച്ചു. സുതാര്യത കൈവന്നതിലൂടെ അഴിമതിയും ഇടനിലക്കാരുടെ പങ്കും കുറഞ്ഞുവെന്നും മോദി അവകാശപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com