പേര് മാറ്റി; നെഹ്റു മെമ്മോറിയൽ മ്യൂസിയം ഇനി പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം

'77-ാമത് സ്വാതന്ത്ര്യ ദിനമായ ചൊവ്വാഴ്ചയാണ് സ്ഥാപനത്തിന്റെ പേര് മാറ്റിയതായി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്'
പേര് മാറ്റി; നെഹ്റു മെമ്മോറിയൽ മ്യൂസിയം ഇനി പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം

ന്യൂഡൽഹി: ഡൽഹിയിലെ ജവഹർ ലാൽ നെഹ്റുവിൻ്റെ പേരിലുളള മ്യൂസിയത്തിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) ഇനി 'പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി' എന്ന് അറിയപ്പെടും. 77-ാമത് സ്വാതന്ത്ര്യ ദിനമായ ചൊവ്വാഴ്ചയാണ് സ്ഥാപനത്തിന്റെ പേര് മാറ്റിയതായി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചതെന്ന് മ്യൂസിയം ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര പറഞ്ഞു.

ജൂൺ പകുതിയോടെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാക്കി പേര് മാറ്റാൻ തീരുമാനിച്ചത്. സൊസൈറ്റി വൈസ് പ്രസിഡന്റായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നിരുന്നത്.

പുതിയ പേരിൽ ഔദ്യോഗിക മുദ്ര പതിപ്പിക്കുന്നതിന് ചില ഭരണപരമായ നടപടിക്രമങ്ങൾ ആവശ്യമാണ്. പേര് മാറ്റുന്നതിന് കഴിഞ്ഞ ദിവസം അന്തിമ അനുമതി ലഭിച്ചതായും വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, അനുരാഗ് താക്കൂര്‍ എന്നിവരടക്കം 29 പേരാണ് സൊസൈറ്റിയിലെ അംഗങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.

ചരിത്രപ്രസിദ്ധമായ തീൻ മൂർത്തി ക്യാംപസിനുള്ളിലാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്ന‌ത്. ഇന്ത്യൻ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ ക്യാംപസാണിത്. 1948 ഓഗസ്റ്റ് മുതൽ 1964 മേയ് 27 വരെ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീൻ മൂർത്തി ഭവൻ. 2022 ഏപ്രിലിലാണ് ഇതു പുനർനിർമിക്കുകയും പ്രധാനമന്ത്രിമാരുടെ മ്യൂസിയമായി മാറ്റുകയും ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com