ഇന്ത്യയെന്ന ആശയത്തിന്റെ 77-ാമത് സ്വാതന്ത്ര്യപുലരി

ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന്മേല്‍ ഭരണകൂടം അതിക്രമം കാട്ടാത്ത കാലത്തോളം, സ്വതന്ത്ര ഇന്ത്യയുടെ ഭാവിയും സുരക്ഷിതമാണ്
ഇന്ത്യയെന്ന ആശയത്തിന്റെ 77-ാമത് സ്വാതന്ത്ര്യപുലരി

'വിധിയുമായി നാം ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ആ സമയം ആഗതമായിരിക്കുന്നു. ഇന്ന് അര്‍ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങുന്ന സമയത്ത്, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നെണീക്കും.' 77വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യ പിറവിയുടെ പ്രഭാതത്തിലേക്ക് ഒരുരാജ്യം നടന്നു തുടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞ വാക്കുകള്‍ ഒരു ജനതയുടെ ആത്മപ്രകാശനമായിരുന്നു. രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യ പുലരിയിലേക്ക് കണ്‍തുറന്നിരിക്കുന്നു. ബ്രിട്ടീഷ് അധിനിവേശ നുകം വലിച്ചെറിഞ്ഞ് ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ 77-ാം വാര്‍ഷികമാണിന്ന്. പോരാട്ടങ്ങളുടെയും സഹനങ്ങളുടെയും നൂറ്റാണ്ടോളം നീണ്ടുനിന്ന സമരചൂളയില്‍ പരുവപ്പെട്ടതാണ് ഇന്ത്യയെന്ന ആശയം. ആ ആശയത്തെ സാക്ഷാത്കരിക്കാന്‍ പൊരുതി വീണ ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച ധീരദേശാഭിമാനികളുടെ വീരസ്മരണകളില്‍ ശിരസ് നമിക്കേണ്ട ദിനം കൂടിയാണ് ഓരോ സ്വാതന്ത്ര്യദിന പുലരികളും.

1947 ആഗസ്റ്റ് 15 പിറവി കൊണ്ട നിമിഷത്തില്‍ തന്നെ ഇന്ത്യയെന്ന ആശയത്തിന് ചരമക്കുറിപ്പ് എഴുതിയവര്‍ ഏറെയായിരുന്നു. 34 കോടി ജനസംഖ്യയില്‍ 90 ശതമാനവും ദാരിദ്രത്തില്‍ വലഞ്ഞ നാളുകള്‍. എഴുതാനും വായിക്കാനുമറിയുന്നവര്‍ 100ല്‍ 16 പേര്‍ മാത്രം. സാമ്പത്തിക വളര്‍ച്ച പൂജ്യത്തിനും താഴേയ്ക്ക് കൂപ്പുകുത്തിയ കാലം. നടന്നു തീര്‍ത്ത 76 വര്‍ഷങ്ങള്‍ അതിനാല്‍ തന്നെ ഇന്ത്യയെന്ന ആശയത്തെ സംബന്ധിച്ച് പ്രധാനമായിരുന്നു. വെല്ലുവിളികളെയും യാഥാര്‍ത്ഥ്യങ്ങളെയും ചേര്‍ത്ത് പിടിച്ച് മുന്നേറിയെത്തിയ വഴികളുടെ തിളക്കം സ്വാതന്ത്ര്യപുലരിയില്‍ രാജ്യത്തെ സംബന്ധിച്ച് പ്രധാനമാണ്. രാജ്യചരിത്രം 77 സ്വതന്ത്ര വര്‍ഷങ്ങളുടെ അതിവിശിഷ്ട നാഴികക്കല്ല് പിന്നിടുകയാണ്. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന അഭിമാനത്തിനൊപ്പം സ്വയംപര്യാപ്ത ഇന്ത്യയെന്ന ആത്മവിശ്വാസം ലോകചരിത്രത്തിലെ അത്യപൂര്‍വ വിജയഗാഥയാണ്.

രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്നത് അഭിപ്രായങ്ങളുടെ, മതേതരത്വത്തിന്റെ, ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യമാണ്. അസഹിഷ്ണുതയുടെ നിഴല്‍ ആ സ്വാതന്ത്ര്യസ്വപ്നങ്ങളെ തച്ചുടയ്ക്കാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം. ഇന്ത്യയെന്ന ആശയം കാലാതീതകാന്തിയോടെ ഉയര്‍ന്നുപറക്കണം.

രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല 1947 ആഗസ്ത് 15നു നമുക്ക് ലഭിച്ചത്. പുതിയൊരു രാഷ്ട്ര നിര്‍മ്മിതിക്കായുള്ള നിയോഗം കൂടിയായിരുന്നു. ആ വലിയ ദൗത്യത്തില്‍ ഇന്ത്യന്‍ ഭരണഘടന വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്.

'നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കായി വിഭാവനം ചെയ്യുന്നു'; ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് രാഷ്ട്രശില്‍പ്പികള്‍ നല്‍കിയ മഹത്തായ നിര്‍വചനം. ഇന്ത്യയെന്ന ആശയം ആധുനിക ദേശരാഷ്ട്രമായി സ്വയം അടയാളപ്പെടുത്തിയത് ഭരണഘടനയുടെ ഈ ആത്മാവിന്റെ കരുത്തിലാണ്.

രണ്ട് വര്‍ഷവും 11 മാസവും 17 ദിവസവുമെടുത്താണ് ലോകത്ത് എഴുതപ്പെട്ടതില്‍ ഏറ്റവും വലിയ ഭരണഘടനയുടെ കരടുനയം തയ്യാറാക്കിയത്. അവസാന കരടുരേഖയ്ക്ക് രൂപം നല്‍കിയപ്പോള്‍ 2473 ഭേദഗതികള്‍ പിന്നെയും ചര്‍ച്ച ചെയ്തു. ഡോ. ബി.ആര്‍. അംബേദ്കര്‍ എന്ന ധിക്ഷണാശാലിയുടെ ഈ സൂക്ഷ്മതയ്ക്ക് രാജ്യത്തിന്റെ കടപ്പാട്. ലോകത്തിലെ മറ്റ് പല ശക്തമായ രാജ്യങ്ങളും അവയുടെ ഭരണഘടനകളും അവ രേഖപ്പെടുത്തിയ കടലാസിനൊപ്പം നശിച്ചുപോയിട്ടും നമ്മുടെ ഭരണഘടന കാലാതീതമായി നിലകൊള്ളുന്നു. ഏറ്റവും തിളക്കത്തോടെ.

അധികാരങ്ങള്‍ നിയതമായി പങ്കുവെക്കുന്ന എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും. ജനാഭിലാഷത്തിന്റെ കൈയ്യൊപ്പ് പതിച്ചു കിട്ടിയ നിയമനിര്‍മ്മാണ സഭ. വ്യക്തമായ അതിര്‍വരമ്പുകള്‍ക്ക് അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന ഫെഡറല്‍ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍. ഇന്ത്യയെന്ന ആശയത്തെ ഒരു രാജ്യത്തിന്റെ ചട്ടക്കൂടായി തുന്നിച്ചേര്‍ത്ത മഹത്തായ ആശയസംഹിതയാണ് ഇന്ത്യന്‍ ഭരണഘടന. നൂറ്റാണ്ടുകള്‍ നീണ്ട കൊളോണിയല്‍ നുകത്തിന്റെ ദാസ്യത്തിലും സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥയിലും അമര്‍ന്നുപോയ ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേപ്പിന് കരുതലിന്റെ സ്പര്‍ശമുള്ള താങ്ങും തണലുമായിരുന്നു ഇന്ത്യന്‍ ഭരണഘടന. വ്യക്തിയുടെ മഹത്വം ഇത്രമേല്‍ ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു ലിഖിത ഭരണഘടന ലോകത്ത് വേറെയില്ല. ഇന്ത്യ എന്ന ആശയത്തിന്റെ കാതല്‍ ഭരണഘടനയാണ്. അതിന്റെ അടിസ്ഥാന ചട്ടക്കൂടിന്മേല്‍ ഭരണകൂടം അതിക്രമം കാട്ടാത്ത കാലത്തോളം, സ്വതന്ത്ര ഇന്ത്യയുടെ ഭാവിയും സുരക്ഷിതമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com