'ജീവിതം അവസാനിപ്പിക്കരുത്, നീറ്റ് റദ്ദാക്കും'; വിദ്യാർത്ഥികളോട് എം കെ സ്റ്റാലിൻ

'കുറച്ച് മാസങ്ങൾ കൂടി കഴിഞ്ഞാൽ രാഷ്ട്രീയ മാറ്റം വരുമ്പോൾ നീറ്റ് പരീക്ഷയുടെ തടസ്സം മാറും. അപ്പോൾ ഞാൻ ഒപ്പിടില്ല എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകും'
'ജീവിതം അവസാനിപ്പിക്കരുത്, നീറ്റ് റദ്ദാക്കും'; വിദ്യാർത്ഥികളോട് എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽ നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിരാശരായി ജീവിതം അവസാനിപ്പിക്കരുത്. ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും എം കെ സ്റ്റാലിൻ അഭ്യർത്ഥിച്ചു. നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കിയതിന് പിന്നാലെ വിദ്യാർ‌ത്ഥിയുടെ അച്ഛനും ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു എം കെ സ്റ്റാലിൻ.

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ബില്ലിൽ ​ഗവർണർ ആർ എൻ രവി ഒപ്പുവെക്കാത്തതിലും എം കെ സ്റ്റാലിൻ വിമർശിച്ചു. കുറച്ച് മാസങ്ങൾ കൂടി കഴിഞ്ഞാൽ രാഷ്ട്രീയ മാറ്റം വരുമ്പോൾ നീറ്റ് പരീക്ഷയുടെ തടസ്സം മാറും. അപ്പോൾ ഞാൻ ഒപ്പിടില്ല എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകുമെന്നും എം കെ സ്റ്റാലിൻ ​ഗവർണറെ പരാമർശിച്ചുകൊണ്ട് പറഞ്ഞു.

'ഒരു കാരണവശാലും സ്വന്തം ജീവനെടുക്കാൻ വിദ്യാർത്ഥികൾ തീരുമാനമെടുക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായ നീറ്റ് റദ്ദാക്കും. ഇതിന് വേണ്ടി നിയമപരമായ നടപടികൾ കൈകൊളളാൻ സംസ്ഥാന സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ട്,' സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.

ആത്മഹത്യ ചെയ്ത വിദ്യാർത്ഥിക്കും പിതാവിനും എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ചെന്നൈ സ്വദേശിയായ ജ​ഗദീശ്വരൻ എന്ന വിദ്യാർത്ഥിയും പിതാവ് സെൽവശേഖറുമാണ് മരിച്ചത്. ​ജ​ഗദീശ്വരന്റേയും പിതാവ് സെൽവശേഖറിന്റേയും മരണത്തിൽ അതീവ ദുഃഖം രേഖപ്പടുത്തുന്നു. നീറ്റ് ബലിപീഠത്തിലെ അവസാനത്തെ മരണമാകട്ടെ ഇവരുടേത് എന്നും എം കെ സ്റ്റാലിൻ പറഞ്ഞു. രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയിട്ടും പരാജയപ്പെട്ടതിൽ മനംനൊന്ത് ജ​ഗദീശ്വരൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ജ​ഗദീശ്വരന്റെ അന്ത്യകർമ്മങ്ങൾക്ക് പിന്നാലെ പിതാവ് സെൽവശേഖറും ആത്മഹത്യ ചെയ്തു.

നീറ്റുമായി ബന്ധപ്പെട്ട നിരവധി ആത്മഹത്യകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നീറ്റ് പരീക്ഷ റദ്ദാക്കുന്നതിനായി കൊണ്ടുവന്ന ബില്ലിൽ ഒരിക്കലും ഒപ്പുവെക്കില്ലെന്ന് ​ഗവർണർ ആർ എൻ രവി വ്യക്തമാക്കിയിരുന്നു. നീറ്റ് നടപ്പാക്കിയതോടെ സർക്കാർ സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് മെഡിക്കൽ പ്രവേശനം നേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ വിജയിക്കാൻ കോച്ചിങിന് പോകേണ്ടതില്ല. ശ്രദ്ധയോടെ പഠിച്ചാൽ മതിയെന്നും ​ഗവർണർ പറഞ്ഞു. നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ പരി​ഗണനക്ക് അയച്ചിരുന്നു. ഗ്രാമീണമേഖലയിൽനിന്നുള്ള വിദ്യാർഥികൾക്ക് നീറ്റ് തിരിച്ചടിയാണെന്ന വിദഗ്ധസമിതിയുടെ കണ്ടെത്തലിനെ തുടർന്ന് തമിഴ്‌നാട് സർക്കാർ നീറ്റ് ഒഴിവാക്കാൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ച് പാസാക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com