'രാഹുൽ എന്തിന് 50 വയസ്സുള്ള സ്ത്രീക്ക് ഫ്ലയിങ് കിസ്സ് നൽകണം'; പരിഹസിച്ച് കോൺഗ്രസ് എംഎൽഎ, വിവാദം

രാഹുലിന് ഏറെ സ്ത്രീ ആരാധകരുണ്ട്. അദ്ദേഹം എന്തിനാണ് 50 വയസ്സുള്ള ഒരു സ്ത്രീക്ക് ഫ്ലയിങ് കിസ്സ് നൽകുന്നത് എന്ന് നീതു സിംഗ് ചോദിച്ചു
'രാഹുൽ എന്തിന് 50 വയസ്സുള്ള സ്ത്രീക്ക് ഫ്ലയിങ് കിസ്സ് നൽകണം'; പരിഹസിച്ച് കോൺഗ്രസ് എംഎൽഎ, വിവാദം

പട്‌ന: രാഹുൽ ​ഗാന്ധി പാർലമെന്റിലെ പ്രസം​ഗത്തിന് ശേഷം സഭ വിട്ടുപോകവെ ഫ്ലയിങ് കിസ്സ് നൽകിയെന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തെ പരിഹസിച്ച് ബിഹാറിലെ കോൺഗ്രസ് എംഎൽഎ നീതു സിംഗ്. രാഹുലിന് ഏറെ സ്ത്രീ ആരാധകരുണ്ട്. അദ്ദേഹം എന്തിനാണ് 50 വയസ്സുള്ള ഒരു സ്ത്രീക്ക് ഫ്ലയിങ് കിസ്സ് നൽകുന്നത് എന്ന് നീതു സിംഗ് ചോദിച്ചു. ഈ വിവാദം അടിസ്ഥാനരഹിതമാണെന്നും നീതു സിംഗ് പറഞ്ഞു.

സ്മൃതി ഇറാനിക്കെതിരായ ബിഹാർ കോൺഗ്രസ് എംഎൽഎയുടെ പരാമർശത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് ഒരു സ്ത്രീ വിരുദ്ധ പാർട്ടിയാണെന്നും അതിന്റെ നേതാവ് രാഹുൽ ഗാന്ധിയെ പ്രതിരോധിക്കാൻ ഏതറ്റം വരെയും പോകുമെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസം​ഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ​ഗാന്ധി ഫ്ലയിങ് കിസ്സ് നൽകിയെന്നാണ് ബിജെപിയുടെ ആരോപണം. രാഹുലിന് ശേഷം സംസാരിക്കാൻ എണീറ്റ സ്മൃതി ഇറാനിക്ക് നേരെയാണ് രാഹുൽ ​ഗാന്ധി ഫ്ലയിങ് കിസ്സ് നൽകിയതെന്നും സഭയുടെ അന്തസ്സിന് നിരക്കാത്ത വിധം പെരുമാറി എന്നും ബിജെപി സ്പീക്കർക്ക് നൽകിയ പരാതിയിൽ പറഞ്ഞു. ബിജെപി വനിത എംപിമാരാണ് സ്പീക്കർക്ക് പരാതി നൽകിയത്.

എന്നാൽ സംഭവത്തിന്റെ ​ദൃശ്യങ്ങൾ ബിജെപിയുടെ ആരോപണത്തെ തളളുന്നതാണ്. രാഹുൽ ​ഗാന്ധി സംസാരിച്ചതിന് ശേഷം ലോക്സഭാ സ്പീക്കർ ഓം ബിർളയെ നോക്കി ആം​ഗ്യം കാണിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ബിജെപിയുടെ ആരോപണത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായും പരിഹസിച്ചും പ്രതിപക്ഷ നേതാക്കൾ രം​ഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി കാണിച്ച 'ആംഗ്യ'ത്തിനു പിന്നിൽ മോശമായി ഒന്നുമില്ല എന്നാണ് കോൺഗ്രസിന്റെ വിശദീകരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com