ഗ്യാന്‍വാപിയിലെ എഎസ്‌ഐ സര്‍വ്വേ; വിവരങ്ങള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്: വാരാണസി കോടതി

അന്‍ജുമന്‍ ഇന്റസമിയ മസ്ജിദ് ഭരണസമിതി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി
ഗ്യാന്‍വാപിയിലെ എഎസ്‌ഐ സര്‍വ്വേ; വിവരങ്ങള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്: വാരാണസി കോടതി

ന്യൂഡൽഹി: ഗ്യാന്‍വാപിയിലെ എഎസ്‌ഐ സര്‍വ്വേയുടെ വിവരങ്ങള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേ‍ർപ്പെടുത്തി വാരാണസി ജില്ലാ കോടതി. അന്‍ജുമന്‍ ഇന്റസമിയ മസ്ജിദ് ഭരണസമിതി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി. വിവരങ്ങള്‍ നല്‍കുന്നതിന് എഎസ്‌ഐയ്ക്കും ഹര്‍ജിയിലെ എതിര്‍കക്ഷികള്‍ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങള്‍ ഒഴികെയുള്ളവ നല്‍കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ജില്ലാ ജഡ്ജി അജയ് കൃഷ്ണ വിശ്വേഷയുടെതാണ് ഉത്തരവ്.

സര്‍വേ നടപടികളുമായി മുന്നോട്ട് പോകാന്‍ നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് സുപ്രിം കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന് ആരോപിച്ച് മസ്ജിദ് ഭരണസമിതി കോടതിയെ സമീപിച്ചത്. എഎസ്‌ഐ ഉദ്യോഗസ്ഥർ ഇപ്പോൾ നടത്തുന്ന സർവേയുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും എന്നാൽ സോഷ്യൽ മീഡിയകളും മാധ്യമങ്ങളും അതിനെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അപേക്ഷയിൽ പറയുന്നു. എഎസ്ഐ സർവേയിൽ പള്ളിക്കകത്തു നിന്നും വിഗ്രഹങ്ങളും ത്രിശൂലവും കുടവും കണ്ടെത്തിയതായി ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഈ പ്രചാരണം പരിശോധിച്ചില്ലെങ്കിൽ സർവേയിൽ നിന്ന് വിട്ടുനിൽക്കുമെന്നും മസ്ജിദ് ഭരണസമിതിയ്ക്കുവേണ്ടി ഹാജരായ അഭിഭാഷക മുംതാസ് അഹമ്മദ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ എത്തി സര്‍വ്വേ ആരംഭിച്ചത്. 51 അംഗ സംഘമാണ് സര്‍വ്വേ നടത്തുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് വാരാണസിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന വാദം പരിശോധിക്കാന്‍ സര്‍വ്വേ നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ന്യായമാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com