'ഫ്ളൈയിങ് കിസ്സിലാണ് മാഡം അസ്വസ്ഥ, മണിപ്പൂർ സ്ത്രീകളെ കുറിച്ചല്ല'; സ്മൃതിയെ വിമർശിച്ച് പ്രകാശ് രാജ്

രാഹുൽ ഗാന്ധി കാണിച്ച 'ആംഗ്യ'ത്തിനു പിന്നിൽ മോശമായി ഒന്നുമില്ല എന്നാണ് കോൺഗ്രസിൻറെ വിശദീകരണം
'ഫ്ളൈയിങ് കിസ്സിലാണ് മാഡം അസ്വസ്ഥ, മണിപ്പൂർ സ്ത്രീകളെ കുറിച്ചല്ല'; സ്മൃതിയെ വിമർശിച്ച് പ്രകാശ് രാജ്

ബെം​ഗളൂരു: രാഹുൽ ​ഗാന്ധി പാർലമെന്റിലെ പ്രസം​ഗത്തിന് ശേഷം സഭ വിട്ടുപോകവെ ഫ്ളൈയിങ് കിസ്സ് നൽകിയെന്ന് ആരോപിച്ച കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. മണിപ്പൂരിലെ സ്ത്രീകൾ നേരിട്ട ആക്രമണത്തെ കുറിച്ച് കേന്ദ്ര മന്ത്രി അസ്വസ്ഥയായില്ല എന്നും പ്രകാശ് രാജ് 'എക്സി'ലെഴുതിയ കുറിപ്പിലൂടെ വിമർശിച്ചു.

'മുന്‍ഗണനകള്‍... 'ഫ്‌ളൈയിങ്‌ കിസ് മാഡം ജിയെ അലോസരപ്പെടുത്തി, എന്നാല്‍ മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിക്കുന്നത് അലോസരപ്പെടുത്തുന്നില്ല,' പ്രകാശ് രാജ് കുറിച്ചു.

മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസം​ഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ​ഗാന്ധി ഫ്ളൈയിങ് കിസ്സ് നൽകിയെന്നാണ് ബിജെപിയുടെ ആരോപണം. രാഹുലിന് ശേഷം സംസാരിക്കാൻ എണീറ്റ സ്മൃതി ഇറാനിക്ക് നേരെയാണ് രാഹുൽ ​ഗാന്ധി ഫ്ളൈയിങ് കിസ്സ് നൽകിയതെന്നും സഭയുടെ അന്തസ്സിന് നിരക്കാത്ത വിധം പെരുമാറി എന്നും ബിജെപി സ്പീക്കർക്ക് നൽകിയ പരാതിയിൽ പറഞ്ഞു. ബിജെപി വനിത എംപിമാരാണ് സ്പീക്കർക്ക് പരാതി നൽകിയത്.

എന്നാൽ സംഭവത്തിന്റെ ​ദൃശ്യങ്ങൾ ബിജെപിയുടെ ആരോപണത്തെ തളളുന്നതാണ്. രാഹുൽ ​ഗാന്ധി സംസാരിച്ചതിന് ശേഷം ലോക്സഭാ സ്പീക്കർ ഓം ബിർളയെ നോക്കി ആം​ഗ്യം കാണിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ബിജെപിയുടെ ആരോപണത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായും പരിഹസിച്ചും പ്രതിപക്ഷ നേതാക്കൾ രം​ഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി കാണിച്ച 'ആംഗ്യ'ത്തിനു പിന്നിൽ മോശമായി ഒന്നുമില്ല എന്നാണ് കോൺഗ്രസിൻറെ വിശദീകരണം.

"എല്ലാവരേയും രാഹുൽ സഹോദരങ്ങളേപ്പോലെയാണ് കാണുന്നത്. ആർക്കു നേരേയും അദ്ദേഹം ആംഗ്യം കാണിച്ചിട്ടില്ല" എന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്മൃതി ഇറാനി പ്രസംഗിക്കവെ സഭക്ക് പുറത്തേക്ക് പോയ രാഹുൽ ആ സമയത്താണ് പ്രത്യേക ആംഗ്യം കാണിച്ചത് എന്നാണ് വനിതാ എംപിമാരുടെ പരാതിയിൽ പറയുന്നത്.

ബിജെപി ഐടി സെൽ മേധാവി അമിത് മാളവിയ ട്വിറ്ററിലൂടെ പുറത്ത് വിട്ട ലോക്സഭാ ദൃശ്യങ്ങളിൽ ആംഗ്യത്തിൻറെ സ്വഭാവം വ്യക്തമല്ല. രാഹുലോ കോൺഗ്രസ് നേതാക്കളോ ഇക്കാര്യത്തിൽ നേരിട്ട് ഒരു വിശദീകരണം നൽകിയിട്ടുമില്ല. സ്പീക്കർ വ്യക്തത വരുത്തും വരെ എന്താണ് സംഭവിച്ചത് എന്നറിയാൻ മാർഗമൊന്നുമില്ല. എന്നാൽ അവിശ്വാസ പ്രമേയത്തേക്കാൾ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് ഫ്ളൈയിങ് കിസ് വിവാദമാണ്. 2018 ൽ അവിശ്വാസ പ്രമേയ ചർച്ചയിൽ മോദിയെ രാഹുൽ ആലിംഗനം ചെയ്തത് ചർച്ചയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com